മല്യയുടെ കൈമാറ്റം: ബ്രിട്ടന്‍ വിശദാംശങ്ങള്‍ നല്‍കുന്നില്ലെന്ന് കേന്ദ്രം കോടതിയില്‍
1 min readന്യൂഡെല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയെ കൈമാറുന്നത് ഉന്നത രാഷ്ട്രീയ തലത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അദ്ദേഹത്തെ കൈമാറാന്‍ വൈകിപ്പിക്കുന്ന രഹസ്യ നടപടികളുടെ വിശദാംശങ്ങള്‍ പങ്കിടാന്‍ യുകെ സര്‍ക്കാര്‍ വിസമ്മതിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി. 2020 ഡിസംബറില്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി ഈ വിഷയം ചര്‍ച്ചചെയ്തിരുന്നു. ഈ മാസം ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി യുകെയിലെ സ്ഥിരം അണ്ടര്‍ സെക്രട്ടറിയുമായി നടന്ന ചര്‍ച്ചയിലും ഇത് ഉന്നയിക്കപ്പെട്ടിരുന്നു. അതേസമയം യുകെയുടെ പ്രതികരണം അതേപടി തുടരുന്നതായി ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് മല്യയെ കൈമാറുന്ന വിഷയം യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലുമായി നടന്ന ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. യുകെയുടെ നിയമപരമായ സങ്കീര്‍ണതകള്‍ മല്ല്യയെ വേഗത്തില്‍ കൈമാറുന്നതിനെ തടയുന്നുവെന്നാണ് അവര്‍ പ്രതികരിച്ചത്. മല്യയെ കൈമാറുന്നതിനുമുമ്പ് കൂടുതല്‍ നിയമപരമായ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാരിനെ യുകെ അറിയിച്ചിട്ടുണ്ടെന്നും മേത്ത കോടതിയെ അറിയിച്ചു. ‘യുകെയിലെ നിയമപ്രകാരം അത് പരിഹരിക്കപ്പെടുന്നതുവരെ കൈമാറ്റം നടക്കില്ല. ഇതിന് ജുഡീഷ്യല്‍ സ്വഭാവമുള്ളതിനാല്‍ പ്രശ്‌നം രഹസ്യാത്മകമാണ്. മാത്രമല്ല കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ മനസിലാക്കണം’ യുകെയില്‍ നിന്നുള്ള ഔദ്യോഗിക പ്രതികരണം ഉദ്ധരിച്ച് മേത്ത പറഞ്ഞു.
മല്യയെ കൈമാറുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഉന്നതതലത്തില്‍ പിന്തുടരുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 15ല്ക്ക് മാറ്റി.