കേരളത്തില്‍ അടുത്തഘട്ട നവീകരണത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള നടപടിയുമായി കേന്ദ്ര നേതൃത്വം നടപടി തുടങ്ങി. ഇതിന്‍റെ ആദ്യ പ്രതിഫലനമാണ് പുതിയ പ്രതിപക്ഷനേതാവിനെ നിയമിക്കുന്നതിലൂടെ ഉണ്ടായത്. എഐസിസി ഇപ്പോള്‍ സംസ്ഥാനത്തെ പാര്‍ട്ടി സംഘടനാ ഘടനയുമായി ബന്ധപ്പെടാന്‍ തുടങ്ങുകയാണ്. ഇതിന്‍റെ ഫലമായി നിലവിലുള്ള ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരെമാറ്റി നിയമിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറെടുക്കുകയാണ്. ആദ്യ രാജി ബുധനാഴ്ച നടന്നു. പാലക്കാട് ലോക്സഭാ അംഗം വി.കെ. ശ്രീകാന്തനായിരുന്നു ജില്ലാപ്രസിഡന്‍റ്.അദ്ദേഹമാണ് പദവിയൊഴിഞ്ഞത്. രണ്ടുപദവികള്‍ ഒരേസമയം വഹിക്കുന്നതിനാലാണ് രാജിയെന്ന് സൂചനയുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ ഒരു ശുദ്ധികലശത്തിന്‍റെ തുടക്കമായാണ് ഇതിനെ പലരും കാണുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ തിരിച്ചടിക്ക് കാരണമായത് കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയാണ് എന്നാണ് കേന്ദ്രനേതൃത്വം കരുതുന്നത്. രണ്ടുതവണ മുഖ്യമന്ത്രി പദം വഹിച്ച ഉമ്മന്‍ ചാണ്ടിയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ ഉണ്ടായിരുന്ന ഭിന്നത പാര്‍ട്ടിക്ക് തിരിച്ചടിയായി. സ്വാഭാവികമായും അധികാരം തങ്ങളിലേക്കെത്തിക്കൊള്ളും എന്ന ചിന്തയാണ് കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ നയിച്ചത്. അധികാരം പിടിച്ചെടുക്കണം എന്ന വീറോ വാശിയോ അവര്‍ പ്രകടിപ്പിച്ചിരുന്നില്ല. ഇനിയുള്ള അഞ്ച് വര്‍ഷം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന ചിന്ത മിക്ക നേതാക്കള്‍ക്കും ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അത് അവരുടെ പ്രചാരണങ്ങളില്‍ കാണുകയും ചെയ്തിരുന്നു.
ഒരു സര്‍ക്കാരും തുടര്‍ഭരണം നേടിയിട്ടില്ല എന്നതായിരുന്നു കോണ്‍ഗ്രസിനെ അലസരാക്കിയത്. എന്നാല്‍ മികച്ചതും ചിട്ടയായതുമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ അധികാരത്തിലെത്താനാകൂ എന്ന തിരിച്ചറിവ് കോണ്‍ഗ്രസിന് ഉണ്ടാകുന്നത് ഇപ്പോഴാണ്. പഴയകാലപ്രതാപം കൊണ്ടു കണക്കുകൂട്ടിയാല്‍ ഇന്ന് ശരിയാകണമെന്നില്ല. മറിച്ച് എല്‍ഡിഎഫിനെ മുഖ്യമന്ത്രി തന്നെ നയിച്ചു.ആരോപണങ്ങളുടെ പെരുമഴതന്നെ എല്‍ഡിഎഫിനുമേല്‍ തൂങ്ങിക്കിടന്ന കാലത്താണ് പ്രചാരണവും തെരഞ്ഞെടുപ്പുമെല്ലാം നടന്നത്. എന്നിട്ടും അവസരം കൈവിട്ടെങ്കില്‍ അത് കോണ്‍ഗ്രസിന്‍റെ മാത്രം പിഴവാണ്. കാരണം അവര്‍ക്ക് വിജയിക്കാന്‍ ആവശ്യമായതെല്ലാം കേരളത്തില്‍ സുലഭമായിരുന്നു. ഇവിടെയാണ് എല്‍ഡിഎഫ് മികച്ചവിജയം നേടുന്നത്. വിജയം ഇഴകീറിപരിശോധിക്കുമ്പോള്‍ അത് ഇടതുപക്ഷത്തിന് അവകാശപ്പെട്ടതുതന്നെയാണ് എന്ന് കാണാന്‍ കഴിയും.
വോട്ടെടുപ്പില്‍ എഐസിസി ഇടപെട്ട് 50 ഓളം പുതിയ സ്ഥാനാര്‍ത്ഥികളെ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, രണ്ടുപേര്‍ ഒഴികെ എല്ലാവരും സ്വാധീനം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. ഫ്ലപ്രഖ്യാപനത്തിനുശേഷമുണ്ടായ ഞെട്ടല്‍ വിട്ടുമാറിയപ്പോള്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടായി.അതിനുശേഷവും ചെന്നിത്തലയോ സംസ്ഥാന പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനോ രാജിവെക്കാന്‍ തയ്യാറാകാത്തതില്‍ എ.ഐ.സി.സി അസ്വസ്ഥമായിരുന്നു.21 പാര്‍ട്ടി നിയമസഭാംഗങ്ങളെ ഓരോരുത്തരെയും വ്യക്തിപരമായി കണ്ട് ചര്‍ച്ചനടത്താന്‍ ഇവിടെയെത്തിയ രണ്ട് അംഗ പ്രതിനിധിസംഘം വീണ്ടും ചാണ്ടിയുടെയും ചെന്നിത്തലയുടെയും സംയുക്ത ശക്തിയാണ് കണ്ടത്.
ഭൂരിപക്ഷം നിയമസഭാംഗങ്ങളും ചെന്നിത്തല തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതും എഐസിസിയെ അത്ഭുതപ്പെടുത്തിയിരുന്നു. പാര്‍ട്ടിയിലെ ഈ അപചയത്തിന്‍റെ കാരണം കണ്ടെത്താന്‍ എഐസിസി നിയോഗിച്ച പുതിയ കമ്മിറ്റി ഇതിനകം തന്നെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലാ പിസിസികളെ പിരിച്ചുവിടുന്നതിനുള്ള ആദ്യപടിയായിരുന്നു ഇത്.പുതിയ ജില്ലാ മേധാവികളായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിന് ചാണ്ടിയുടെയും ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തുടര്‍ന്നും സമ്മര്‍ദ്ദം ചെലുത്തുമെങ്കിലും, എഐസിസി ഇക്കാര്യത്തില്‍ എങ്ങനെ മുന്നോട്ട് പോകുമെന്നത് കാണേണ്ടതുണ്ട്.പുതിയ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ആരായിരിക്കുമെന്നതു സംബന്ധിച്ചും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ഇതിനകം കെ. സുധാകരനും കെ. മുരളീധരനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.