പുതുനീക്കങ്ങള്‍ : വാക്സിന്‍ രാജാവിന് എന്‍ബിഎഫ്സി കമ്പനിയില്‍ എന്താണ് കാര്യം?
1 min readമുംബൈ: ഐഎല്‍ ആന്‍ഡ് എഫ്എസിന്‍റെ തകര്‍ച്ചയോടെ പ്രതിസന്ധിയിലായ എന്‍ബിഎഫ്സി രംഗത്തിന് പുത്തന്‍ ഊര്‍ജമാകുകയാണ് ഇന്ത്യയുടെ വാക്സിന്‍ രാജാവ് അദാര്‍ പൂനവാല. അദ്ദേഹം നിയന്ത്രിക്കുന്ന നിക്ഷേപ സ്ഥാപനമായ റൈസിംഗ് സണ്‍ ഹോള്‍ഡിംഗ്സ്, ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മാഗ്മ ഫിന്‍കോര്‍പ്പില്‍ 3,200 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
ഇന്ത്യയുടെ വാക്സിന്‍ രാജാവ് എന്നറിയപ്പെടുന്ന സംരംഭകനാണ് അദാര്‍ പൂനവാല. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം പലരും രക്ഷക പരിവേഷമാണ് അദ്ദേഹത്തിന് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. പൂനവാലയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാണ കമ്പനി. ആസ്ട്ര സെനെക്കയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡിന്റെ കോടക്കകണക്കിന് ഡോസുകളാണ് സെറം ഉല്‍പ്പാദിപ്പിക്കുന്നത്.
അതിനാല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ശതകോടീശ്വര സംരംഭകന്‍ എന്‍ബിഎഫ്സി രംഗത്ത് ഒരു വമ്പന്‍ ഡീല്‍ നടത്തിയപ്പോള്‍ അത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഷാഡോ ബാങ്കിംഗ് ബിസിനസ് രംഗത്ത് വലിയ വഴിത്തിരിവിന് ഇത് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 3450 കോടി രൂപയ്ക്കാണ് അദാര്‍ പൂനവാല എന്‍ബിഎഫ്സിയായ മാഗ്മ ഫിന്‍കോര്‍പ്പിന്‍റെ നിയന്ത്രണാവകാശം ഏറ്റെടുക്കുന്നത്. വിപണിയില്‍ വലിയ ആവേശമാണ് ഈ വാര്‍ത്ത സൃഷ്ടിച്ചത്. പുതിയ സംരംഭത്തിന്‍റെ പേര് ഇതോടെ പൂനവാല ഫൈനാന്‍സ് എന്നായി മാറും.
വാക്സിന്‍ വന്നതോട് കൂടി ആവശ്യകതയില്‍ വലിയ വര്‍ധനവുണ്ടാകുന്നുണ്ടെന്നും എന്‍ബിഎഫ്സി രംഗത്ത് വലിയ വിടവ് നിലനില്‍ക്കുന്നുണ്ട്, അത് നികത്തുകയാണ് ലക്ഷ്യമെന്നും പൂനവാല പറയുന്നു. എന്‍ബിഎഫ്സി രംഗത്ത് വളര്‍ച്ച കൈവരിക്കാന്‍ പറ്റിയ സമയമാണിതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
50 ലക്ഷം വരെ ലോണ്‍ നല്‍കുന്ന ബിസിനസ് മോഡലാണ് മാഗ്മ ഫിന്‍കോര്‍പ്പിന്‍റേത്. അത് തന്നെയാണ ്ഇതിലേക്ക് പൂനവാലയെ ആകര്‍ഷിച്ച ഘടകവും. മാത്രമല്ല ഹൗസിംഗ് ഫൈനാന്‍സ് ബിസിനസും ഇന്‍ഷുറന്‍സ് മേഖലയില്‍ സാന്നിധ്യവുമുണ്ട് മഗ്മയ്ക്ക്. അതിനാല്‍ തന്നെ ഇതൊരു ഫുള്‍ പാക്കേജാണെന്ന് കരുതുന്നു അദാര്‍ പൂനവാല.
നേരത്തെ പൂനവാല ഫൈനാന്‍സ് എന്നൊരു സംരംഭം പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് നിഷ്ക്രിയമായിരുന്നു. പുതിയ സാഹചര്യത്തിലെ ഏറ്റെടുക്കലോടെ ആ സംരംഭത്തിന്‍റെ സാധ്യതകള്‍ വീണ്ടും തേടുകയാണ് പൂനവാല.
എന്‍ബിഎഫ്സി മേഖല പല കാരണങ്ങളാല്‍ കടുത്ത പ്രതിസന്ധികള്‍ നേരിട്ടെങ്കിലും പഴയ തെറ്റുകളില്‍ നിന്ന് തിരുത്തല്‍ സാധ്യമായ പുതിയ സാഹചര്യത്തിലാണ് തങ്ങളുടെ വരവെന്നാണ് അദാര്‍ പൂനവാല കരുതുന്നത്.
കൊല്‍ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മഗ്മ ഫിന്‍കോര്‍പ്പ്. വാഹന, ഹൗസിംഗ് ലോണ്‍ വിഭാഗങ്ങളിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ വച്ചിരിക്കുന്നത്.