യുഎസ് 40 വര്‍ഷത്തെ ഉയര്‍ന്ന വളര്‍ച്ച സ്വന്തമാക്കും: ഫെഡ് റിസര്‍വ്
വാഷിംഗ്ടണ്‍: യുഎസ് സമ്പദ്വ്യവസ്ഥ 40 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ വളര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്ന് ഫെഡറല്‍ റിസര്‍വിന്‍റെ വിലയിരുത്തല്‍. ഈ വര്‍ഷം പണപ്പെരുപ്പം വര്‍ധിക്കുമെന്നും യുഎസ് കേന്ദ്ര ബാങ്കിന്‍റെ നയ രൂപകര്‍ത്താക്കള്‍ വ്യക്തമാക്കുന്നു.”കരുത്തുറ്റ സൂചനകള്‍ നല്‍കുന്ന ഡാറ്റ ഞങ്ങള്‍ക്ക് മുന്നിലുണ്ട്,” ഫെഡറല്‍ ചെയര്‍ ജെറോം പവല്‍ രണ്ട് ദിവസത്തെ നയ യോഗത്തിന് ശേഷം പറഞ്ഞു.
ഈ വര്‍ഷം 6.5 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്നാണ് ഫെഡ് റിസര്‍വ് കണക്കാക്കുന്നത്. ഉത്തേജന പാക്കേജുകളും കൊറോണ വൈറസ് വാക്സിനുകളുടെ വിജയവും ഇതിന് വഴിയൊരുക്കുന്നു. അമേരിക്കയുടെ വളര്‍ച്ചാ നിരക്ക് ചൈനയേക്കാള്‍ മുകളിലായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാസ്തവത്തില്‍, സാമ്പത്തിക വളര്‍ച്ച കുറഞ്ഞത് അടുത്ത രണ്ട് വര്‍ഷമെങ്കിലും ദീര്‍ഘകാല പ്രവണതയ്ക്ക് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ല്‍ 3.3 ശതമാനവും 2023ല്‍ 2.2 ശതമാനവും വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ 1.8 ശതമാനം വളര്‍ച്ചയ്ക്ക് യുഎസ് സമ്പദ് വ്യവസ്ഥ സാക്ഷ്യം വഹിക്കുമെന്നായിരുന്നു ഫെഡ് റിസര്‍വിന്‍റെ വിലയിരുത്തല്‍.
ഫെഡ് റിസര്‍വിന്‍റെ നിഗമനങ്ങള്‍ പുറത്തുവന്നത് ഇന്നലെ ആഗോള തലത്തില്‍ ഓഹരി വിപണികളെ സ്വാധീനിച്ചു. ബോണ്ട് വരുമാനത്തിലെ വര്‍ധന നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബിഎസ്ഇ സെന്‍സെക്സ് 585.10 പോയിന്‍റ് അഥവാ 1.17 ശതമാനം ഇടിഞ്ഞു. എന്‍എസ്ഇ നിഫ്റ്റി 163.45 പോയിന്‍റ് അഥവാ 1.11 ശതമാനം ഇടിവാണ് പ്രകടമാക്കിയത്. ആഗോള തലത്തിലെ പണപ്പെരുപ്പ ആശങ്കകള്‍ മറ്റ് വിപണികളിലും പ്രതികൂല ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.