മ്യാന്‍മാര്‍ സൈനികമേധാവിയുടെ ബന്ധുക്കള്‍ക്കും യുഎസ് ഉപരോധം
ന്യൂഡെല്‍ഹി: മ്യാന്‍മാറിലെ സൈനിക നേതാവ് മിന്‍ ആംഗ് ഹേലിംഗിന്‍റെ മുതിര്‍ന്ന കുട്ടികള്‍ക്കും അവരുടെ ആറ് കമ്പനികള്‍ക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തി. ഹേലിംഗിന്‍റെ രണ്ട് മുതിര്‍ന്ന കുട്ടികള്‍ക്ക് ‘വൈവിധ്യമാര്‍ന്ന ബിസിനസ്സ് കൈവശമുള്ളതായി ട്രഷറിവകുപ്പ് പ്രസ്താവനയില്‍ പറയുന്നു. അത് അവരുടെ പിതാവിന്‍റെ സ്ഥാനവും സ്വാധീനവും നേരിട്ട് പ്രയോജനപ്പെടുത്തി നേടിയെടുത്തതാണ്. കഴിഞ്ഞയാഴ്ച യുഎസ് വാണിജ്യ വകുപ്പ് മ്യാന്‍മറിന്‍റെ പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, രണ്ട് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ വ്യാപാര കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. മ്യാന്‍മറിനെതിരായ കൂടുതല്‍ കയറ്റുമതി നിയന്ത്രണ നടപടികളും പ്രഖ്യാപിച്ചു.
പ്രസിഡന്‍റ് യു വിന്‍ മൈന്‍റ്, സ്റ്റേറ്റ് കൗണ്‍സിലര്‍ ആംഗ് സാന്‍ സൂചി, നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയിലെ (എന്‍എല്‍ഡി) നിരവധി എന്നിവരെ സൈന്യം തടവിലാക്കിയിരുന്നു. കൂടാതെ ഒരുവര്‍ഷത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.
2020 നവംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ടിംഗ് തട്ടിപ്പ് നടന്നതായി സൈന്യം ആരോപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. സൈന്യം പിന്താങ്ങുന്ന പാര്‍ട്ടിയെ പരാജയപ്പെടുത്തി ആംഗ് സാന്‍ സൂചിക്ക് വന്‍ വിജയമാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. അവര്‍ അധികാരത്തില്‍ വന്നാല്‍ സൈന്യത്തിന് അമിതാധികാരം നല്‍കുന്ന ഭരണഘടന മാറ്റുമെന്നും ജനങ്ങള്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഇതാകാം ജനാധിപത്യ സര്‍ക്കാരിനെ അധികാരത്തിലേറാന്‍ അനുവദിക്കാതെ സൈന്യം ഭരണമേറ്റെടുത്തത്.