കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ കടയില്‍ കണ്ടെത്തി
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഉപയോഗിക്കാത്ത തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ എങ്ങനെ ആക്രിക്കടയില്‍ എത്തി എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. സംസ്ഥാന തലസ്ഥാന നഗരത്തിന്‍റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വട്ടിയൂര്‍കാവ് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ നായരുടെ 50 കിലോഗ്രാം വരുന്ന ഉപയോഗിക്കാത്ത പോസ്റ്ററുകളാണ് കടയില്‍ നിന്നും കണ്ടെത്തിയത്. വിവരം അറിഞ്ഞപ്പോള്‍ ചില കോണ്‍ഗ്രസുകാര്‍ അവിടെ തടിച്ചുകൂടി പ്രതിഷേധിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംഭവത്തില്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. താമസിയാതെ വീണ നായര്‍ സംസ്ഥാന പാര്‍ട്ടി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.
‘തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഈ രണ്ട് നേതാക്കളും എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിലായതിനാല്‍ ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, “വീണ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സംഭവം പാര്‍ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തുന്നത്. ഏത് മഖലയില്‍ വിതരണം ചെയ്ത പോസ്റ്ററുകളാണ് ആക്രക്കടയില്‍ കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.