ഭാവി വിമാനങ്ങളില്‍ കൃത്രിമ ഇന്ധനം പരീക്ഷിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേസ്
2050ഓടെ ഇത്തിഹാദ് വിമാനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ മലിനീകരണം പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച കമ്പനി സുസ്ഥിര വിമാന ഇന്ധനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്
അബുദാബി: 2050ഓടെ കാര്‍ബണ്‍ വിമുക്തമാകും എന്ന് പ്രഖ്യാപിച്ച പശ്ചിമേഷ്യയിലെ ആദ്യ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് ഭാവിയില്‍ വിമാനങ്ങളില്‍ കൃത്രിമ ഇന്ധനം (കാര്‍ബണിനൊപ്പം ഹൈഡ്രജന്‍ കലര്‍ത്തിയ ഇന്ധനം) ഉപയോഗിക്കുന്നതിനുള്ള സാധ്യതയില്‍ ഗവേഷണം നടത്തുന്നു. സീമെന്‍സ് എനര്‍ജി, അബുദാബി ആസ്ഥാനമായ സംശുദ്ധ ഊര്‍ജ കമ്പനി മസ്ദര്‍, ജപ്പാനിലെ മരുബെനി കോര്‍പ്പ് എന്നിവയുമായി ചേര്‍ന്നാണ് വിമാനങ്ങളില്‍ കൃത്രിമ ഇന്ധനം ഉപയോഗിക്കാനുള്ള സാധ്യതയില്‍ ഇത്തിഹാദ് ഗവേഷണം നടത്തുന്നത്.
ഭാവി വിമാനങ്ങളില്‍ സുസ്ഥിര വിമാന ഇന്ധനം (എസ്എഎഫ്) ഉപയോഗിക്കാനുള്ള നയത്തിന്റെ ഭാഗമായി കൃത്രിമ ഇന്ധനം നിര്‍മിക്കുന്നതിലെ സാധ്യതയാണ് ഇത്തിഹാദ് പരിശോധിക്കുന്നതെന്ന് കമ്പനിയിലെ സസ്റ്റൈനബിലിറ്റി ആന്‍ഡ് ബിസിനസ് എക്‌സലന്‍സ് വിഭാഗം മേധാവിയായ മരിയം അല്‍ ഖുബൈസി വ്യക്തമാക്കി. ഹരിത ഹൈഡ്രജനില്‍ നിന്ന് കൃത്രിമ മണ്ണെണ്ണ നിര്‍മിക്കാനാണ് കമ്പനിയുടെ ശ്രമം. കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നതിനുള്ള നിരവധി മാര്‍ഗങ്ങളില്‍ ഒന്നായിരിക്കും അതെന്ന് ഖുബൈസി പ്രതീക്ഷ പ്രകടിപ്പിച്ചു.
വ്യോമയാന വ്യവസായത്തെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായി കരുതുന്ന യുഎഇ കാര്‍ബണ്‍ മലിനീകരണത്തിനെതിരെ ശക്തമായ നടപടികള്‍ എടുക്കുന്ന രാജ്യമെന്ന നിലയില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. 2018ല്‍ 21.1 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡാണ് രാജ്യത്തെ യാത്രാവിമാന മേഖല അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയത്. ആഗോളതലത്തില്‍ അന്തരീക്ഷ കാര്‍ബണ്‍ മലിനീകരണത്തില്‍ ആറാം സ്ഥാനത്താണ് യുഎഇയെന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2025ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 20 ശതമാനം കുറയ്ക്കുമെന്നും 2035 ഓടെ പകുതിയാക്കുമെന്നും 2050ഓടെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും ഇത്തിഹാദ് എയര്‍വേസ് പ്രഖ്യാപിച്ചിട്ടുണ്ട്.
2019ല്‍ ഇത്തിഹാദിന്റെ ബോയിംഗ് 787 വിമാനം പരമ്പരാഗത വിമാന ഇന്ധനവും എസ്എഎഫും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് പറന്നിരുന്നു. അബുദാബിയിലെ സംശുദ്ധ ഊര്‍ജ മേഖലയായ മസ്ദര്‍ സിറ്റിയിലെ രണ്ട് ഹെക്ടര്‍ ഭൂമിയില്‍ നട്ടുവളര്‍ത്തിയ സാലികോര്‍ണിയ ചെടിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത കൃത്രിമ ഇന്ധനമാണ് ഇതിനായി ഇത്തിഹാദ് ഉപയോഗിച്ചത്. യുഎഇയിലെ വന്‍കിട ഊര്‍ജ നിര്‍മാതാക്കളായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയാണ് ഇതിന്റെ ശുദ്ധീകരണം നടത്തിയത്.