വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യുഎഇയില്‍ സഞ്ചാര വിലക്കേര്‍പ്പെടുത്താന്‍ നീക്കം
1 min readഅര്‍ഹത ഉണ്ടായിട്ടും വാക്‌സിനെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും
ദുബായ്: യോഗ്യത ഉണ്ടായിട്ടും കോവിഡ്-19 വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സഞ്ചാരവിലക്ക് ഏര്‍പ്പെടുത്താന്‍ യുഎഇ ആലോചിക്കുന്നു. മറ്റുള്ളവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി എല്ലാ മേഖലകളിലുമുള്ള വാക്‌സിന്‍ എടുക്കാത്ത ആളുകള്‍ക്ക് സഞ്ചാര വിലക്കേര്‍പ്പെടുത്തുന്നതും ചില സേവനങ്ങള്‍ നേടുന്നതില്‍ നിന്ന് ഇവരെ വിലക്കുന്നതും അടക്കമുള്ള കര്‍ശന നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടി വക്താവ് ഡോ. സെയ്ഫ് അല്‍ ദഹേരി അറിയിച്ചു.
മനഃപ്പൂര്‍വ്വം വാക്‌സിന്‍ സ്വീകരിക്കാതിരിക്കുന്നതിലൂടെ സ്വന്തം കുടുംബത്തെയും പ്രിയപ്പെട്ടവരെയും സമൂഹത്തിനെ തന്നെയും അപകടത്തിലാക്കുകയാണ് ആളുകള്‍ ചെയ്യുന്നതെന്നും വാക്‌സിന്‍ സ്വീകരിക്കുന്നത് സമൂഹത്തിനൊന്നാകെ പകര്‍ച്ചവ്യാധിയില്‍ നിന്നും സംരക്ഷണവും രോഗ പ്രതിരോധശേഷിയും നല്‍കുമെന്ന് സെയ്ഫ് അഭിപ്രായപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണ്ട് വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യനാണോ എന്ന് കണ്ടെത്തണം. പതിനാറ് വയസിന് മുകളിലുള്ളവര്‍്ക്കാണ് യുഎഇ നിലവില്‍ കോവിഡ്-19നെതിരായ വാക്‌സിന്‍ നല്‍കുന്നത്.
അടുത്ത കാലത്തായി കോവിഡ്-19 പിടിപെട്ടവര്‍ക്കും രോഗകാലത്ത് നേരിയ തോതിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നവര്‍ക്കും ഐസൊലേഷന്‍ പിരിയഡ് അവസാനിച്ച ശേഷം വാക്‌സിന്‍ എടുക്കാമെന്ന് ദുബായ് ഹെല്‍ത്ത് അതോറിട്ടി കഴിഞ്ഞിടെ വ്യക്തമാക്കിയിരുന്നു. നേരത്തെ രോഗമുക്തരായി മൂന്ന് മാസം പിന്നിട്ടവര്‍ക്ക് മാത്രമേ വാക്‌സിന്‍ എടുക്കാന്‍ സാധിച്ചിരുന്നുള്ളു. മാത്രമല്ല, മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ക്കും ദുബായില്‍ ഫൈസര്‍ ബയോടെക്കിന്റെ കോവിഡ് വാക്‌സിനെടുക്കാം. ഇതുവരെ 9,788,826 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ്-19 വാക്‌സിന്‍ വിതരണം ചെയ്തത്. ഏപ്രില്‍ 20 വരെയുള്ള കണക്കനുസരിച്ച് 500,860 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. 483,180 പേര്‍ രോഗമുക്തരായി. 1,559 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.