November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎഇയിലെ എഡ്ജ് ഗ്രൂപ്പ് യുക്രൈന്‍ കമ്പനികളുമായി കരാറില്‍ ഒപ്പുവെച്ചു

1 min read

യുക്രൈന്‍ പ്രസിഡന്റിന്റെ യുഎഇ സന്ദര്‍ശനത്തിനിടയ്ക്കാണ് 1 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചത്

ദുബായ് യുഎഇയിലെ പ്രതിരോധ സാങ്കേതിക വിദ്യ കമ്പനിയായ എഡ്ജ് യുക്രൈന്‍ പ്രതിരോധ കമ്പനികളായ യുക്രൊബറൊണ്‍പ്രോം, യുക്രസ്‌പെക്എക്‌സ്‌പോര്‍ട്ട് എന്നിവയുമായി 1 ബില്യണ്‍ ഡോളറിന്റെ തന്ത്രപ്രധാന കരാറില്‍ ഒപ്പുവെച്ചു. യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുടെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് കരാറില്‍ ഒപ്പുവെക്കല്‍ നടന്നത്.

യുക്രൈന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിയാണ് യുക്രൊബറൊണ്‍പ്രോം. സേന-വ്യവസായ സംരംഭങ്ങളുടെ നടത്തിപ്പിനായി 2010ലാണ് ഈ കമ്പനി സ്ഥാപിക്കപ്പെട്ടത്. അഞ്ച് പ്രധാന പ്രതിരോധ വ്യവസായ മേഖലകളിലായി നൂറോളം കമ്പനികളാണ് യുക്രൊബറൊണ്‍പ്രോമിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ആയുധ, സൈനിക ഉപകരണങ്ങളുടെ വികസനം, നിര്‍മാണം, ശാസ്ത്ര ഗവേഷണം, കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് കമ്പനി ഊന്നല്‍ നല്‍കുന്നത്. എഡ്ജ് ഗ്രൂപ്പുമായുള്ള സഹകരണത്തിന്റെ ഭാഗമാണ് തന്ത്രപ്രധാന കരാറെന്നും ഒന്നിച്ചുള്ള പ്രതിരോധ നിര്‍മാണത്തിലും സഹകരണത്തിലും കരാര്‍ നിര്‍ണായകമാകുമെന്നും യുക്രൊബറൊണ്‍പ്രോം ഡയറക്ടര്‍ ജനറല്‍ യുരിയ് ഹ്യുസേവ് പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ആയുധങ്ങള്‍, തോക്കുകള്‍, മിലിട്ടറി ഉപകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ്, മറ്റ്  ആയുധ ഭാഗങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന, യുക്രൈന്‍ സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് യുക്രസെ്‌പെക്എക്‌പോര്‍ട്ട്. ആയുധങ്ങളുടെയും സൈനികോപകരണങ്ങളുടെയും കേടുപാട് പരിഹരിക്കല്‍, അറ്റക്കുറ്റപ്പണി, നവീകരണം എന്നീ മേഖലയിലും കമ്പനി സേവനം നല്‍കുന്നുണ്ട്.

പ്രതിരോധ മേഖലയിലെ കൂട്ടായ പ്രവര്‍ത്തനത്തിന് എഡ്ജ് എന്നും ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും പ്രതിരോധ വ്യവസായ രംഗത്തെ അന്താരാഷ്ട്ര കമ്പനികളുമായി സഹകരിക്കാനുള്ള കമ്പനിയുടെ താല്‍പ്പര്യമാണ് പുതിയ കരാറിലൂടെ വ്യക്തമാകുന്നതെന്നും എഡ്ജ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഫൈസല്‍ അല്‍ ബന്നായി പറഞ്ഞു. അബുദാബിയിലെ എമിറേറ്റ്‌സ് പാലസില്‍ വെച്ചാണ് കരാറില്‍ ഒപ്പുവെക്കല്‍ നടന്നത്. ഫെബ്രുവരി 21ന് മെഗാ ഡിഫന്‍സ് എക്‌സ്‌പോ ആയ ഐഡെക്‌സ് ആരംഭിക്കാനിരിക്കെയാണ് പ്രതിരോധ നിര്‍മാണ മേഖലയിലെ ഈ പുതിയ സഹകരണ കരാര്‍ നിലവില്‍ വന്നിരിക്കുന്നത്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

തിങ്കളാഴ്ച യുഎഇലെത്തിയ യുക്രൈന്‍ പ്രസിഡന്റ് നൂറോളം യുക്രൈന്‍ കമ്പനികളുള്ള ദുബായില്‍ സന്ദര്‍ശനം നടത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സെലന്‍സ്‌കിയുടെ ആദ്യ പശ്ചിമേഷ്യന്‍ സന്ദര്‍ശനമാണിത്.

Maintained By : Studio3