February 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഗോള എഫ്‌ഡിഐ ശുഭാപ്തി വിശ്വാസ സൂചികയില്‍ യുഎഇ നില മെച്ചപ്പെടുത്തി

1 min read

നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സൂചികയില്‍ നിലവില്‍ പതിനഞ്ചാം സ്ഥാനത്താണ് യുഎഇ

ദുബായ്: നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌ഡിഐ) സംബന്ധിച്ച ആഗോള ശുഭാപ്തി വിശ്വാസ സൂചികയില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി യുഎഇ പതിനഞ്ചാമതെത്തി. കണ്‍സള്‍ട്ടിംഗ് കമ്പനിയായ കീര്‍നിയാണ് എഫ്ഡിഐ ശുഭാപ്തി വിശ്വാസ സൂചിക റിപ്പോര്‍ട്ട് പുറത്തിറക്കിയത്. മൊത്തത്തില്‍ ഇരുപത്തിയഞ്ച് രാജ്യങ്ങളാണ് സൂചികയില്‍ ഇടം നേടിയിരിക്കുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം സ്വന്തമാക്കാനിടയുള്ള രാജ്യങ്ങളില്‍ ഒന്നാമതെത്തിയിരിക്കുന്നത് അമേരിക്കയാണ്. കാനഡ, ജര്‍മനി എന്നീ രാജ്യങ്ങളാണ് തുടര്‍സ്ഥാനങ്ങളില്‍. യുകെ, ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും സൂചികയില്‍ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി. സൂചികയില്‍ പന്ത്രണ്ടാം സ്ഥാനത്ത് ചൈനയും 24ാം സ്ഥാനത്ത് ബ്രസീലുമാണ്.

നൂതന സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളും ഉയര്‍ന്ന ഇന്നവേഷന്‍ തോതും വളരെ മികച്ച രീതിയില്‍ പകര്‍ച്ചവ്യാധി കൈകാര്യം ചെയ്തതുമാകാം സൂചികയില്‍ നില മെച്ചപ്പെടുത്താന്‍ യുഎഇയെ സഹായിച്ചതെന്ന് കീര്‍നി നിരീക്ഷിച്ചു. ബഹ്‌റൈനൊപ്പം മേഖലയില്‍ ഏറ്റവുമാദ്യം കോവിഡ്-19 വാക്‌സിന് അംഗീകാരം നല്‍കിയ രാജ്യമായിരുന്നു യുഎഇ. 2021 അവസാനത്തോടെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനാണ് യുഎഇയുടെ പദ്ധതി. ഇതുവരെ 7.6 ദശലക്ഷം വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇസ്രയേലിനും സീഷെല്‍സിനും ശേഷം ഏറ്റവുമധികം ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയ രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇത് സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ യുഎഇക്ക് നേട്ടമാകുമെന്ന് റിപ്പോര്‍ട്ടില്‍ കീര്‍നി ചൂണ്ടിക്കാട്ടി.

  നാഗരിക ഡിസൈനിന്‍റെ കാര്യത്തിൽ ഗൗരവപൂർണമായ സമീപനം വേണം

രാജ്യത്തേക്ക് കൂടുതല്‍ എഫ്ഡിഐ ആകര്‍ഷിക്കുന്നതിനായി നിരവധി പദ്ധതികള്‍ യുഎഇ നടപ്പിലാക്കുന്നുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വ്യാവസായിക മേഖലയില്‍ നിന്നുള്ള സംഭാവന 133 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 300 ബില്യണ്‍ ദിര്‍ഹമാക്കി ഉയര്‍ത്തുന്നതിനുള്ള പുതിയ വ്യാവസായിക നയം കഴിഞ്ഞ ആഴ്ച യുഎഇ അവതരിപ്പിച്ചിരുന്നു. മാത്രമല്ല, കൂടുതല്‍ വിദേശ മൂലധനം രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വാണിജ്യ കമ്പനികള്‍ക്കുള്ള നിയമത്തില്‍ സമൂലമാറ്റം കൊണ്ടുവരികയും യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ എമിറാറ്റി പൗരന് ഓഹരി അവകാശമുണ്ടായിരിക്കണമെന്ന നിബന്ധന എടുത്ത് കളയുകയും ചെയ്തു.

  ഇന്‍വെസ്കോ ബിസിനസ് സൈക്കിള്‍ ഫണ്ട് എന്‍എഫ്ഒ

അതേസമയം കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആഗോള സമ്പദ് വ്യവസ്ഥ സംബന്ധിച്ച മൊത്തത്തിലുള്ള ശുഭാപ്തി വിശ്വാസത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. പകര്‍ച്ചവ്യാധിക്ക് ശേഷം ആഗോള സമ്പദ് വ്യവസ്ഥ എത്ര പെട്ടന്ന് തിരിച്ചുവരുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നുവെന്ന സൂചന ഈ വര്‍ഷത്തെ റാങ്കിംഗില്‍ നിന്നും ലഭിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പദ് വ്യവസ്ഥയിലുള്ള ആത്മവിശ്വാസക്കുറവിനൊപ്പം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സൂചികയില്‍ ഇടം നേടിയ ഇരുപത്തിയഞ്ച് രാജ്യങ്ങളുടെയും മൊത്തത്തിലുള്ള മാര്‍ക്കുകളില്‍ ഇടിവുണ്ടായിട്ടുണ്ട്. 57 ശതമാനം നിക്ഷേപകര്‍ മാത്രമാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ആഗോള സാമ്പത്തിക കാഴ്ചപ്പാടില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്. പകര്‍ച്ചവ്യാധിക്ക് മുമ്പ് 72 ശതമാനം നിക്ഷേപകരും ആഗോള സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു.

  3908 കോടി രൂപയുടെ ത്രൈമാസഅറ്റാദായവുമായി മുത്തൂറ്റ് ഫിനാന്‍സ്

ആഗോള വ്യാപാരത്തിന് തടസം സൃഷ്ടിക്കുകയും യാത്രാ, ടൂറിസം മേഖലകളില്‍ കാര്യമായ നഷ്ടമുണ്ടാക്കുകയും ചെയ്ത കോവിഡ്-19 പകര്‍ച്ചവ്യാധി ആഗോള സമ്പദ് വ്യവസ്ഥയെ 1930ന് ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് തള്ളിവിട്ടിരുന്നു. ആഗോള ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ 3.5 ശതമാനം ഇടിവിന് ശേഷം ഈ വര്‍ഷം 5.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ അനുമാനം. 2020ല്‍ ആഗോളതലത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 42 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പകര്‍ച്ചവ്യാധി ഇപ്പോഴും സാമ്പത്തിക വീണ്ടെടുപ്പിന് ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഈ വര്‍ഷവും എഫ്ഡിഐയില്‍ ഇടിവുണ്ടാകുമെന്നാണ് കരുതുന്നതെന്ന് വ്യാപാര, വികസനം സംബന്ധിച്ച ഐക്യരാഷ്ട്ര സഭ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു 2019ലെ 1.5 ട്രില്യണെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് 859 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്.

സൂചികയില്‍ ഇടം നേടിയ ഭൂരിഭാഗം രാഷ്ട്രങ്ങളും വികസിത രാജ്യങ്ങളാണ്.

Maintained By : Studio3