വൈദ്യോപകരണ മാനുഫാക്ചറിംഗ് പ്രോല്‍സാഹിപ്പിക്കാന്‍ 2 ഉദ്യമങ്ങള്‍
1 min read4000 കോടിയോളം രൂപയുടെ ഇറക്കുമതി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് അടുത്ത 5 വര്‍ഷങ്ങളിലായാണ് ഇത് നടപ്പാക്കുക
ന്യൂഡെല്‍ഹി: മെഡിക്കല്‍ ഉപകരണ മാനുഫാക്ചറിംഗിലെ വളര്‍ന്നു വരുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനുമായി രണ്ട് സ്കീമുകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള മൊത്തം ആഭ്യന്തര ആവശ്യത്തിന്‍റെ 85 ശതമാനം വരെ ഇറക്കുമതിയെ ആശ്രയിച്ചാണ് ഇന്ത്യ നിലവില്‍ നിര്‍വഹിക്കുന്നത്.
2018-19ല്‍ ഇത് 50,026 കോടി രൂപയാണ് രാജ്യത്തെ മെഡിക്കല്‍ ഉപകരണ വിപണിയുടെ മൂല്യം കണക്കാക്കിയിരുന്നത്. 2021-22 ഓടെ 86,840 കോടി രൂപയിലേക്ക് എത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഇറക്കുമതി മൂല്യത്തില്‍ 4000 കോടി രൂപയുടെ എങ്കിലും കുറവ് സൃഷ്ടിക്കുന്ന തരത്തില്‍ ആഭ്യന്തര ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
രാജ്യത്ത് നാല് മെഡിക്കല്‍ ഉപകരണ പാര്‍ക്കുകളില്‍ പൊതുവായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി 400 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ള ഒന്ന്. മെഡിക്കല്‍ ഉപകരണങ്ങളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്‍റീവ് (പിഎല്‍ഐ) പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. 3,420 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. 2020-21 മുതല്‍ 2024-25 വരെയുള്ള അഞ്ച് വര്‍ഷങ്ങളിലായാണ് ഈ പദ്ധതികള്‍ നടപ്പാക്കുക.
സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് മെഡിക്കല്‍ പാര്‍ക്കുകളുടെ വികസനം നടപ്പാക്കുക. ഒരു മെഡിക്കല്‍ പാര്‍ക്കിന് പരമാവധി കേന്ദ്ര വിഹിതമായി നല്‍കുക 100 കോടി രൂപയാണ്. ഇത് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കൈമാറുക. ഇതിനൊപ്പം സംസ്ഥാന വിഹിതവും ചേര്‍ത്ത് വികസന പദ്ധതികള്‍ നടപ്പാക്കാം.
മതിയായ അടിസ്ഥാന സൗകര്യങ്ങള്‍, ആഭ്യന്തര വിതരണ ശൃംഖല, ലോജിസ്റ്റിക്സ് എന്നിവയിലെ അപര്യാപ്തത ഇന്ത്യയിലെ വൈദ്യോപകരണ മാനുഫാക്ചറിംഗ് നേരിടുന്നുണ്ട്. ഉയര്‍ന്ന ചെലവ്, ഗുണനിലവാരമുള്ള ഊര്‍ജ്ജ ലഭ്യതയിലെ പരിമിതി, പരിമിതമായ ഡിസൈന്‍ ശേഷികള്‍, ഗവേഷണ-വികസനത്തിലും നൈപുണ്യവികസനത്തിലുമുള്ള ശ്രദ്ധയുടെ കുറവ് എന്നിവയും വെല്ലുവിളികളാണ്.
പിഎല്‍ഐ പദ്ധതിയിലൂടെ മെഡിക്കല്‍ ഉപകരണ മേഖലയില്‍ വലിയ നിക്ഷേപം ആകര്‍ഷിച്ച് ആഭ്യന്തര ഉത്പാദനം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സ്കീമിന് കീഴില്‍, 2019-20 അടിസ്ഥാന വര്‍ഷത്തില്‍ വര്‍ദ്ധിച്ച വില്‍പ്പനയുടെ 5 ശതമാനം ഇന്‍സെന്‍റിവ് തെരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങളുടെ വിഭാഗങ്ങളില്‍ നല്‍കും.
മെഡിക്കല്‍ ഉപകരണ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി സംസ്ഥാന പദ്ധതി നിര്‍വഹണ ഏജന്‍സി നടപ്പിലാക്കും. അതേസമയം, ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിഎല്‍ഐ പദ്ധതി നടപ്പാക്കുക ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രോജക്ട് മാനേജ്മെന്‍റ് ഏജന്‍സി (പിഎംഎ) ആയിരിക്കും.