ട്വിറ്ററില്‍ ഇനി യൂട്യൂബ് വീഡിയോകള്‍ കാണാം
ഇതോടെ വീഡിയോകള്‍ കാണുന്നതിനും തിരിച്ചുപോകുന്നതിനുമായി രണ്ട് ആപ്പുകളിലും ചാടിക്കളിക്കേണ്ട ആവശ്യം വരില്ല
സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററില്‍തന്നെ ഇനി യൂട്യൂബ് വീഡിയോകള്‍ കാണാന്‍ കഴിയും. ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ട്വിറ്റര്‍ പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. യൂട്യൂബ് ആപ്പില്‍ പോകാതെ ട്വിറ്റര്‍ ടൈംലൈനില്‍ ഇനി യൂട്യൂബ് വീഡിയോകള്‍ കാണാം. ഇതോടെ വീഡിയോകള്‍ കാണുന്നതിനും തിരിച്ചുപോകുന്നതിനുമായി രണ്ട് ആപ്പുകളിലും ചാടിക്കളിക്കേണ്ട ആവശ്യം വരില്ല. ഐഒഎസ് ഉപയോക്താക്കളിലാണ് ഇപ്പോള്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്.
ഒരാള്‍ തന്റെ ട്വീറ്റില്‍ യൂട്യൂബ് ലിങ്ക് ഷെയര്‍ ചെയ്താല്‍ ട്വീറ്റിന്റെ കൂടെ വീഡിയോ പ്രിവ്യൂ ചെയ്യും. പ്ലേ ബട്ടണ്‍ അമര്‍ത്തിയാല്‍ ട്വിറ്ററില്‍തന്നെ ഈ യൂട്യൂബ് വീഡിയോ കാണാം. ട്വിറ്ററില്‍ മീഡിയ പങ്കുവെയ്ക്കുന്നതിനും കാണുന്നതിനുമുള്ള ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് കമ്പനി പരീക്ഷിക്കുന്ന നിരവധി പുതിയ ഫീച്ചറുകളിലൊന്നാണ് പുതിയ സൗകര്യം.
ട്വിറ്ററിലെ സംഭാഷണത്തില്‍നിന്ന് വിട്ടുപോകാതെ, സ്വന്തം ഹോം ടൈംലൈനില്‍തന്നെ യൂട്യൂബ് വീഡിയോകള്‍ കാണുന്നതിനാണ് പരീക്ഷണം നടത്തുന്നതെന്ന് ട്വിറ്റര്‍ പുതിയ ട്വീറ്റ് വഴി അറിയിച്ചു. ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇന്നലെ മുതല്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചു. എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിന് കുറച്ച് സമയമെടുക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ എപ്പോള്‍ അവസരം ലഭിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചില്ല. തേര്‍ഡ് പാര്‍ട്ടി മീഡിയ കണ്ടന്റ് തങ്ങളുടെ ആപ്പില്‍ കാണുന്നതിന് വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മറ്റ് മെസേജിംഗ് ആപ്പുകള്‍ നേരത്തെ സൗകര്യമൊരുക്കിയിരുന്നു.
അതേസമയം, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലെ വീഡിയോകള്‍ കാണുന്നതിന് അതാത് ആപ്പുകളില്‍ പോകേണ്ടിവരും. ഈ വീഡിയോകള്‍ കാണുന്നതിന് ഇനിയും ട്വിറ്റര്‍ വിട്ടുപോകാതെ നിവൃത്തിയില്ല.