സ്‌ക്രോള്‍ ചെയ്യേണ്ട ആവശ്യമില്ല. ഡിഎം സെര്‍ച്ച് ഫീച്ചറുമായി ട്വിറ്റര്‍
ഇനി ഓരോരുത്തര്‍ക്കും തങ്ങളുടെ ഡയറക്റ്റ് മെസേജുകള്‍ (ഡിഎം) സെര്‍ച്ച് ചെയ്യാന്‍ കഴിയും
ന്യൂഡെല്‍ഹി: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ട്വിറ്റര്‍. ഇനി ഓരോരുത്തര്‍ക്കും തങ്ങളുടെ ഡയറക്റ്റ് മെസേജുകള്‍ (ഡിഎം) സെര്‍ച്ച് ചെയ്യാന്‍ കഴിയും. ട്വിറ്ററില്‍ തങ്ങളുടെ പഴയ സംഭാഷണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് പുതിയ ഫീച്ചര്‍ ആശ്വാസമാകും. ഇനി ഏതെങ്കിലും പ്രത്യേക ചാറ്റ് കണ്ടെത്തുന്നതിന് നിങ്ങള്‍ എല്ലാ ഡയറക്റ്റ് മെസേജുകളും സ്‌ക്രോള്‍ ചെയ്യേണ്ട ആവശ്യം വരില്ല.
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഡിഎം സെര്‍ച്ച് ബാര്‍ അവതരിപ്പിച്ചതായി ട്വിറ്റര്‍ അറിയിച്ചു. ഏറ്റവും പുതിയ സംഭാഷണങ്ങള്‍ മാത്രമല്ല, നിങ്ങളുടെ എല്ലാ പഴയ സംഭാഷണങ്ങളും സെര്‍ച്ച് ചെയ്യാന്‍ കഴിയുന്ന മെച്ചപ്പെടുത്തിയ വേര്‍ഷനാണ് അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 2019 ല്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.
കൂടാതെ, ഡയറക്റ്റ് മെസേജുകളിലെ പ്രത്യേക ഉള്ളടക്കം തെരയുന്നതിനുള്ള സൗകര്യം കൂടി വൈകാതെ അവതരിപ്പിക്കുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചു. അതായത്, പഴയ ചാറ്റുകളിലെ ഏതെങ്കിലും വാക്കുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ ഓര്‍മയുള്ളതെങ്കില്‍ ആ വാക്കുകള്‍ ടൈപ്പ് ചെയ്താല്‍ മതിയാകും. ഈ ഫീച്ചറിന്റെ പ്രവര്‍ത്തനങ്ങളിലാണ് തങ്ങളെന്നും ഈ വര്‍ഷം അവതരിപ്പിക്കുമെന്നും മൈക്രോ ബ്ലോഗിംഗ് സൈറ്റ് അറിയിച്ചു. നിലവില്‍ ഗൂപ്പ് അല്ലെങ്കില്‍ വ്യക്തിയുടെ പേര് ടൈപ്പ് ചെയ്തുമാത്രമാണ് ചാറ്റുകള്‍ സെര്‍ച്ച് ചെയ്യാന്‍ കഴിയുന്നത്.
600 ഫോളോവേഴ്‌സ് എങ്കിലുമുള്ള യൂസര്‍മാര്‍ക്കായി ട്വിറ്റര്‍ ഈയിടെ സ്‌പേസസ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഓഡിയോ ഓണ്‍ലി വോയ്‌സ് ചാറ്റ് ഫീച്ചറാണ് സ്‌പേസസ്. മറ്റ് ട്വിറ്റര്‍ യൂസര്‍മാരുമായി സ്ട്രീം വോയ്‌സ് ചാറ്റുകള്‍ ഹോസ്റ്റ് ചെയ്യാനുള്ള സൗകര്യമാണ് ലഭിക്കുന്നത്. ടിക്കറ്റഡ് സ്‌പേസസ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ട്വിറ്റര്‍. സ്‌പേസസ് വഴി പണം സമ്പാദിക്കാനുള്ള മാര്‍ഗമാണ് ടിക്കറ്റഡ് സ്‌പേസസ്.