October 12, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദക്ഷിണേന്ത്യയിലെ ഗവേണന്‍സ്-ഡീപ് ടെക് ഹബ്ബായി തിരുവനന്തപുരം മാറുന്നു

1 min read

തിരുവനന്തപുരം: ഗവേഷണം, ഗവേണന്‍സ്, സാങ്കേതികവിദ്യ, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ (ജിസിസി) എന്നിവയുടെ തെക്കേയിന്ത്യയിലെ തന്നെ പ്രധാന കേന്ദ്രമായി തിരുവനന്തപുരം വളരുന്നതായി കോളിയേഴ്സ് ഇന്ത്യ പുറത്തിറക്കിയ ‘സിറ്റി പ്രൊഫൈലിംഗ് റിപ്പോര്‍ട്ടില്‍’ പരാമര്‍ശം. സമ്പന്നമായ സാംസ്കാരിക പൈതൃകവും അത്യാധുനിക നവീകരണ സംവിധാനങ്ങളും തിരുവനന്തപുരത്തിന്‍റെ കരുത്ത് വര്‍ധിപ്പിക്കുന്നുവെന്നാണ് ആഗോള റിയല്‍ എസ്റ്റേറ്റ്, ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസറി സ്ഥാപനമായ കോളിയേഴ്സിന്‍റെ വിലയിരുത്തല്‍. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ കേപ്പബിലിറ്റി കോണ്‍ക്ലേവായ ‘ഇടി ജിസിസി സര്‍ജ് 2025’ ല്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ശ്രീ സീറാം സാംബശിവ റാവു, ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), ഇന്‍ഫോപാര്‍ക്ക്-സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, സംസ്ഥാന സര്‍ക്കാരിന്‍റെ ഉന്നത ഐടി വിദഗ്ധര്‍, ഐടി പാര്‍ക്ക് സെന്‍റര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ശക്തമായ സാങ്കേതിക ആവാസവ്യവസ്ഥ, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, ഉയര്‍ന്ന വൈദഗ്ധ്യമുള്ള മാനവവിഭവശേഷി എന്നിവയാല്‍ സമ്പന്നമായ തിരുവനന്തപുരം രാജ്യത്തെ തന്നെ നവീന നിക്ഷേപങ്ങള്‍ക്കുള്ള ഹബ്ബാകുന്നതായി സാംബശിവ റാവു പറഞ്ഞു. ജിസിസികള്‍, ഐടി സേവനങ്ങള്‍, വരും തലമുറ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് ഫലപ്രദമായ അന്തരീക്ഷം തലസ്ഥാന നഗരി ഒരുക്കി നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി. സുഗമമായ കണക്റ്റിവിറ്റി, പിന്തുണയ്ക്കുന്ന നയങ്ങള്‍ എന്നിവ പുതിയ നിക്ഷേപങ്ങള്‍ക്കും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തൊഴില്‍ സൃഷ്ടിക്കും നഗരത്തെ ഏറ്റവും അനുയോജ്യ കേന്ദ്രമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപന ശക്തി, ബൗദ്ധീക മൂലധനം, ജീവിത നിലവാരം എന്നിവയെല്ലാം കൊണ്ട് സമ്പന്നമായ തിരുവനന്തപുരം ആഗോള തലത്തില്‍ തന്നെ ആകര്‍ഷക കേന്ദ്രമാണെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു. കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, സ്ഥിരതയാര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍, കഴിവുള്ള തൊഴിലാളികള്‍, മികച്ച സഹകരണ, സാമൂഹിക പശ്ചാത്തലം എന്നിവയെല്ലാം ജിസിസികള്‍ക്കും ഡീപ് ടെക് സംരംഭങ്ങള്‍ക്കും എസ്എംഇ/ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്കും അനുയോജ്യ കേന്ദ്രമാക്കി തലസ്ഥാനത്തെ മാറ്റിയതായി അദ്ദേഹം പറഞ്ഞു. കൊളിയേഴ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ പ്രധാന കേന്ദ്രമായി തിരുവനന്തപുരം വളര്‍ന്നുകഴിഞ്ഞതായി വ്യക്തമാക്കുന്നു. ഒന്നാം നിര നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രവര്‍ത്തനച്ചെലവുള്ള നഗരം ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ തന്നെ പ്രവര്‍ത്തനച്ചെലവ് നിയന്ത്രിക്കുന്നതിന് കമ്പനികളെ സഹായിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഉയര്‍ന്ന വിദ്യാഭ്യാസ നിരക്ക് ഉള്ളതുകൊണ്ട് തന്നെ വൈദഗ്ധ്യമുള്ള ജീവനക്കാരെയും ലഭിക്കുന്നു. അടിസ്ഥാന സൗകര്യ പദ്ധതികളെയും ഗവേഷണ വികസന പവര്‍ഹൗസ് എന്ന രീതിയിലുള്ള അതിന്‍റെ പ്രാധാന്യത്തെയും എടുത്തുപറഞ്ഞുകൊണ്ട് നഗരത്തിന്‍റെ ഭാവി സാധ്യതകള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യയിലേക്കുള്ള സുപ്രധാന കവാടമായി തിരുവനന്തപുരത്തെ എടുത്തു പറയുന്ന റിപ്പോര്‍ട്ടില്‍ അദാനി വിഴിഞ്ഞം തുറമുഖം, എയര്‍ കണക്റ്റിവിറ്റി, ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍, തീരദേശ ഹൈവേ തുടങ്ങിയ പ്രധാന പദ്ധതികളെ പറ്റി പരാമര്‍ശമുണ്ട്. ടോറസിന്‍റെ ഡൗണ്‍ ടൗണ്‍ ട്രിവാന്‍ഡ്രം, ബ്രിഗേഡ് ഗ്രൂപ്പിന്‍റെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ (ഫേസ് 3), ക്വാഡ് പ്രോജക്ട് (ഫേസ് 4) എന്നിവയടക്കം ടെക്നോപാര്‍ക്കില്‍ വരാനിരിക്കുന്ന ഐടി പദ്ധതികളെ പറ്റിയും റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു. വിഎസ്എസ് സി, ഐഐഎസ്ഇആര്‍, ആര്‍ജിസിബി, ഐഐഎസ്ടി, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി എന്നിവയടക്കമുള്ള ബഹിരാകാശ, ശാസ്ത്ര, ഗവേഷണ വികസന മേഖലകളിലെ മുന്‍നിര സ്ഥാപനങ്ങളുടെ കേന്ദ്രം കൂടിയാണ് തിരുവനന്തപുരം എന്ന പ്രത്യേകതയുമുണ്ട്. മികച്ച നഗരവികസനത്തിനും ഗവേണന്‍സിനുമുള്ള അംഗീകാരമായി സുസ്ഥിര നഗര വികസനത്തിനുള്ള യുഎന്‍-ഹാബിറ്റാറ്റിന്‍റെ ഗ്ലോബല്‍ അവാര്‍ഡ് കരസ്ഥമാക്കിയ ആദ്യ ഇന്ത്യന്‍ നഗരമായി തിരുവനന്തപുരം മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്ക് കഴിഞ്ഞ 35 വര്‍ഷമായി സംസ്ഥാനത്തിന്‍റെ ഐടി വളര്‍ച്ചയുടെ ഭാഗമാണ്. സഹ വികസനം, ഗവേഷണം, മികവ് എന്നിവയുടെ സംസ്കാരം വളര്‍ത്തിടെയുക്കുന്നതില്‍ ടെക്നോപാര്‍ക്ക് മുന്‍നിരയിലാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 14,575 കോടി രൂപയുടെ സോഫ്റ്റ് വെയര്‍ കയറ്റുമതി വരുമാനം ടെക്നോപാര്‍ക്ക് നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം കൂടുതല്‍ വളര്‍ച്ചയാണ് ഉണ്ടായത്. സിറ്റി പ്രൊഫൈലിംഗ് റിപ്പോര്‍ട്ട് ഓഫ് തിരുവനന്തപുരം എന്ന കോളിയേഴ്സ് റിപ്പോര്‍ട്ട് ടെക്നോപാര്‍ക്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ് https://technopark.in/announcements/277/?lang=en

  യുകെ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം വിജയകരം
Maintained By : Studio3