സുസ്ഥിര വിനോദസഞ്ചാരത്തില്‍ ആഗോള മാതൃക സൃഷ്ടിക്കാന്‍ കേരളത്തിനായി: മന്ത്രി
തിരുവനന്തപുരം: സുസ്ഥിര വിനോദസഞ്ചാരത്തില്‍ ആഗോള മാതൃക സൃഷ്ടിക്കാന്‍ കേരളത്തിനായെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളം അതിന്‍റെ സമ്പന്നമായ പൈതൃകവും സംസ്കാരവും അവതരിപ്പിച്ചുകൊണ്ടാണ് വിനോദസഞ്ചാരികള്‍ക്ക് സമ്പന്നമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘സുസ്ഥിരമായ യാത്രകള്‍, കാലാതീതമായ ഓര്‍മ്മകള്‍’ എന്ന ഈ വര്‍ഷത്തെ ദേശീയ ടൂറിസം ദിന പ്രമേയം കേരളത്തിന്‍റെ ടൂറിസം ലക്ഷ്യങ്ങളുമായി ഇണങ്ങുന്നതാണെന്ന് മന്ത്രി സൂചിപ്പിച്ചു. കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മേഖല സമീപകാലത്ത് ആഗോള തലത്തില്‍ കൈവരിച്ച നേട്ടങ്ങളുമായും ഇത് ചേര്‍ന്നുനില്‍ക്കുന്നു.
പ്രകൃതിസൗന്ദര്യവും സാംസ്കാരികമായ പ്രത്യേകതകളും കൊണ്ട് ശ്രദ്ധേയമായ ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ കേരളം രാജ്യത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായിട്ടാണ് ജനുവരി 25 ന് ദേശീയ ടൂറിസം ദിനം ആഘോഷിക്കുന്നത്. 2023 ലെ ആഗോള ഉത്തരവാദിത്ത ടൂറിസം അവാര്‍ഡ് കേരളത്തിന് ലഭിച്ചത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന നേട്ടമാണ്. സുസ്ഥിരവും വനിതാ സൗഹൃദവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സംരംഭങ്ങളെയാണ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നത്. സ്ത്രീകള്‍ നയിക്കുന്ന സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ടൂറിസം പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുകയും തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ ഫലപ്രദമായ വിപണനം ഉറപ്പാക്കുകയും ചെയ്യുന്നത് ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാഗമാണ്. വനിതകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും തൊഴിലിലും നേതൃപാടവത്തിലും മികവ് കാട്ടാനും ഇതിലൂടെ സാധിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രധാന പദ്ധതികളായ ‘സ്ട്രീറ്റ്’ (സസ്റ്റെയ് നബിള്‍, ടാന്‍ജിബിള്‍, റെസ്പോണ്‍സിബിള്‍, എക്സ്പീരിയന്‍റല്‍ എത്നിക് ടൂറിസം), ‘പെപ്പര്‍’ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിംഗ് ആന്‍ഡ് എംപവര്‍മെന്‍റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം) തുടങ്ങിയവ ഇതിനകം തന്നെ ആഗോള ശ്രദ്ധയും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ടൂറിസം മേഖലയില്‍ പുതിയ പദ്ധതികളും ഉത്പന്നങ്ങളും അവതരിപ്പിച്ചുകൊണ്ട് കോവിഡിനു ശേഷം സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാന്‍ കേരളത്തിനായിട്ടുണ്ട്.