ടോറസ് ഡൗണ്‍ ടൗണ്‍ പദ്ധതി 1 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി
800 സീറ്റുകള്‍ ഉള്ള, പൂര്‍ണമായി ശീതികരിച്ച കെട്ടിടത്തില്‍ പ്ലഗ് ആന്‍റ് പ്ലേ സംവിധാനത്തോടെയുള്ള ഓഫീസുകള്‍ ആവും ഉണ്ടാവുക
തിരുവനന്തപുരം : തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി പൂര്‍ത്തീകരണത്തോടെ 30,000 പേര്‍ക്ക് നേരിട്ടും 70000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് അവരുടെ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ ഭാഗമായാണ് ഏകദേശം 1500 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം യാഥാര്‍ത്ഥ്യമാക്കുന്നത്.
20 ഏക്കറില്‍ 50 ലക്ഷം ചതുരശ്രയടി ബില്‍റ്റപ് ഏരിയയില്‍ വരുന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മുന്നേ തന്നെ കീ സ്റ്റോണ്‍ എന്ന ഈ പ്രീഫാബ് കെട്ടിടത്തിലൂടെ കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ഈ പദ്ധതിയുടെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ 20 ലക്ഷം ചതുരശ്ര അടിയില്‍ പൂര്‍ത്തിയായി വരുന്ന എംബസി ടോറസ് ടെക് സോണ്‍ എന്ന സമുച്ചയത്തില്‍ ഓഫീസ് പ്രവര്‍ത്തങ്ങള്‍ക്കായി കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ ആയിരിക്കും 62,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതും രണ്ട് നിലകളുള്ളതുമായ കീ സ്റ്റോണിന്‍റെ ഗുണഭോക്താക്കള്‍.
800 സീറ്റുകള്‍ ഉള്ള, പൂര്‍ണമായി ശീതികരിച്ച കെട്ടിടത്തില്‍ പ്ലഗ് ആന്‍റ് പ്ലേ സംവിധാനത്തോടെയുള്ള ഓഫീസുകള്‍ ആവും ഉണ്ടാവുക. ആധുനിക സജ്ജീകരണങ്ങളോടു കൂടിയുള്ള മീറ്റിങ്, കോണ്‍ഫറന്‍സ് മുറികള്‍, കഫറ്റീരിയ, 100 ശതമാനം പവര്‍ ബാക്കപ്പ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍, ബില്‍ഡിങ് മാനേജ്മെന്‍റ് സിസ്റ്റം എന്നിവ ഉണ്ടാകും. കേരളത്തില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് ഐടി വികസനത്തില്‍ ഉണ്ടായ കുതിച്ചുചാട്ടത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.