അതിര്‍ത്തി ജില്ലകളിലെ ഇരട്ടവോട്ടുകള്‍ നേട്ടമാക്കാന്‍ തമിഴ് പാര്‍ട്ടികള്‍
ചെന്നൈ: വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ് തമിഴ്നാട്ടില്‍ അരങ്ങേറുന്നത്. അഭിപ്രായ വോട്ടെടുപ്പുകള്‍ ഡിഎംകെ സഖ്യത്തിന് ഭരണനേട്ടം പ്രവചിക്കുന്നുവെങ്കിലും വിട്ടുകൊടുക്കാന്‍ ഭരണകക്ഷിയായ എഐഎഡിഎംകെ തയ്യാറല്ല. അതിനാല്‍ വോട്ടുകള്‍ ഒന്നുംതന്നെ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടികള്‍ നടത്തുന്നത്. തമിഴ് നാടിന്‍റെ അതിര്‍ത്തിയിലുള്ള കേരളത്തിലെ ജില്ലകളില്‍ താമസിക്കുന്ന തമിഴ് വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്ത് എത്തിക്കാനുള്ള നീക്കം നേരത്തെ അവര്‍ തുടങ്ങിക്കഴിഞ്ഞു. പാലക്കാടാ, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ ആയിരക്കണക്കിന് തമിഴ് വോട്ടര്‍മാരുണ്ട്.
കോയമ്പത്തൂര്‍ സൗത്ത് നിയോജകമണ്ഡലത്തില്‍ ഇത്തവണ കടുത്ത മത്സരമാണ് അരങ്ങേറുന്നത്. നാല് ശക്തരായ സ്ഥാനാര്‍ത്ഥികളാണ് ജനഹിതം തേടിയിറങ്ങുന്നത്. നടനും രാഷ്ട്രീയക്കാരനുമായ കമല്‍ ഹാസന്‍ മണ്ഡലത്തിലെ പ്രധാന ആകര്‍ഷണമാണ്. എഐഎഡിഎംകെ സഖ്യത്തില്‍നിന്ന് ഇവിടെ മത്സരിക്കുന്നത് ബിജെപിയുടെ വനിതാ വിഭാഗത്തിന്‍റെ ദേശീയ പ്രസിഡന്‍റ് വാനതി ശ്രീനിവാസനാണ്.
ഡിഎംകെസഖ്യത്തിനുവേണ്ടി കേണ്‍ഗ്രസിന്‍റെ മയൂരകുമാര്‍ പോരാട്ടത്തിറങ്ങുമ്പോള്‍ എഎംഎംകെ സ്ഥാനര്‍ത്ഥിയായി മുന്‍ എംഎല്‍എ ആര്‍ ദൊരൈസ്വാമിയും രംഗത്തുണ്ട്.
കേരളത്തോട് ചേര്‍ന്നുള്ള അതിര്‍ത്തിയിലെ നിരവധി വോട്ടര്‍മാര്‍ക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ടുണ്ട്. തമിഴ്നാട്ടിലെ സമ്പന്നരായ രാഷ്ട്രീയ പാര്‍ട്ടികള്‍ കേരള അതിര്‍ത്തിയിലെ വോട്ടര്‍മാരെ സൗജന്യങ്ങള്‍കൊണ്ട് തൃപ്തിപ്പെടുത്തി അവിടേക്കാകര്‍ഷിക്കുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും ഒരേദിവസമാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ഇക്കുറി ഇക്കാര്യത്തില്‍ തമിഴ് പാര്‍ട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയാണ്.
എന്നാല്‍ സിപിഎം നേതാവായ വി ശശി പറയുന്നത് “കേരളത്തിലെ വോട്ടര്‍മാര്‍ രാഷ്ട്രീയ ബോധമുള്ളവരാണ്, ചില സൗജന്യത്തിനായി അവര്‍ തമിഴ്നാട്ടിലേക്ക് പോകുമെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങളും തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ അവര്‍ ഇവിടെ തന്നെ വോട്ടുചെയ്യാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുകയാണ്’ എന്നാണ്. കോയമ്പത്തൂര്‍ സൗത്ത് നിയോജകമണ്ഡലത്തില്‍ വോട്ടുള്ള നിരവധി കുടുംബങ്ങള്‍ ഇതിനകം തന്നെ തമിഴ്നാട്ടിലെത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിറ്റൂര്‍, മലമ്പുഴ, നെന്‍മാര, മണ്ണാര്‍ക്കാഡ് നിയമസഭാ മണ്ഡലങ്ങളില്‍ 7,000 ത്തോളം ഇത്തരം വോട്ടര്‍മാരുണ്ട്. ഈ വോട്ടര്‍മാര്‍ക്ക് രണ്ട് സംസ്ഥാനങ്ങളിലും റേഷന്‍ കാര്‍ഡുകളും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ട്. അവരില്‍ ഭൂരിഭാഗവും ചെറുകിട വ്യാപാരികള്‍, പ്രാദേശിക ബിസിനസുകാര്‍, കള്ള് ചെത്തുകാര്‍ എന്നിവരാണ്. ഇവരില്‍ ഭൂരിഭാഗവും അതിര്‍ത്തി പ്രദേശങ്ങളായ വാളയാര്‍, ഗോവിന്ദപുരം, മീനാക്ഷിപുരം, ഗോപാലപുരം, ചാവടിപ്പാറ എന്നിവിടങ്ങളില്‍ താമസിക്കുന്നു. ഇവരുടെ വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാനും കേരളത്തില്‍ ജോലിക്കെത്തിയിട്ടുള്ള മറ്റ് തമിഴരുടെ വോട്ടുകള്‍ ഉറപ്പാക്കാനുമുള്ള തീവ്ര ശ്രമങ്ങളാണ് തമിഴകത്ത് നടക്കുന്നത്.