മനസമാധാനം ലഭിക്കും : സ്വന്തം കോണ്‍ടാക്റ്റുകള്‍ ടിന്‍ഡറില്‍ ബ്ലോക്ക് ചെയ്യാം
പുതിയ ബന്ധങ്ങള്‍ക്ക് തിരികൊളുത്തുന്നതിന് പ്രശ്‌നങ്ങളില്ലാത്ത ഒരിടം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ടിന്‍ഡര്‍
ന്യൂഡെല്‍ഹി: ഉപയോക്താക്കളുടെ ഫോണിലെ കോണ്‍ടാക്റ്റുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ബ്ലോക്ക് ചെയ്യുന്നതിന് ഡേറ്റിംഗ് ആപ്പായ ടിന്‍ഡര്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. എവിടെയുമുള്ള ടിന്‍ഡര്‍ അംഗങ്ങള്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ സെറ്റിംഗ്‌സില്‍ ‘ബ്ലോക്ക് കോണ്‍ടാക്റ്റ്‌സ്’ ഫീച്ചര്‍ കാണാന്‍ കഴിയും. സ്വന്തം കോണ്‍ടാക്റ്റുകളില്‍ ആര്‍ക്കെല്ലാം തങ്ങളെ ടിന്‍ഡറില്‍ കാണാന്‍ കഴിയുമെന്നും നിശ്ചയിക്കാം.
ടിന്‍ഡര്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവം ലഭിക്കുന്നതിനായി കൂടുതല്‍ നിയന്ത്രണം നല്‍കുകയാണെന്ന് ടിന്‍ഡര്‍ ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജര്‍, ട്രസ്റ്റ്, ആന്‍ഡ് സേഫ്റ്റി മേധാവി ബെര്‍ണാഡെറ്റ് മോര്‍ഗന്‍ പ്രസ്താവിച്ചു. അംഗങ്ങള്‍ക്ക് മനസമാധാനം ലഭിക്കുന്നതിന് അധിക വിഭവമെന്ന നിലയിലാണ് ബ്ലോക്ക് കോണ്‍ടാക്റ്റ്‌സ് ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ബന്ധങ്ങള്‍ക്ക് തിരികൊളുത്തുന്നതിന് പ്രശ്‌നങ്ങളില്ലാത്ത ഒരിടം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ ഫീച്ചര്‍ തങ്ങളുടെ ഉപയോക്താക്കളെ ശാക്തീകരിക്കുമെന്നാണ് ഡേറ്റിംഗ് ആപ്പ് അവകാശപ്പെടുന്നത്. പുതിയ ബന്ധങ്ങള്‍ക്ക് ഇനി ആത്മവിശ്വാസത്തോടെ തുടക്കം കുറിക്കാമെന്നും പറയുന്നു. പരിചിതമായ മുഖം ഇനി കാണാതിരിക്കാനാകും. നിലവില്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ ടിന്‍ഡറില്‍ ഉണ്ടെങ്കിലും ഇല്ലെങ്കില്‍ ഇതേ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഉപയോഗിച്ച് പിന്നീട് ടിന്‍ഡര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താലും അവ മാച്ച് എ ആയി പ്രത്യക്ഷപ്പെടില്ല.
ഇന്ത്യ, കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ് ‘ബ്ലോക്ക് കോണ്‍ടാക്റ്റ്‌സ്’ ഫീച്ചര്‍ തുടക്കത്തില്‍ പരീക്ഷിച്ചത്. ടിന്‍ഡര്‍ അംഗങ്ങള്‍ ഇതിനകം പുതിയ ഫീച്ചര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഓരോരുത്തരും ഒരു ഡസനോളം കോണ്‍ടാക്റ്റുകളാണ് ബ്ലോക്ക് ചെയ്തത്.
ലോകത്തെ 190 രാജ്യങ്ങളിലായി നാല്‍പ്പതിലധികം ഭാഷകളില്‍ ടിന്‍ഡര്‍ ഡേറ്റിംഗ് ആപ്പ് ലഭ്യമാണ്. ആഗോളതലത്തില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന നോണ്‍ ഗെയിമിംഗ് ആപ്പാണ് ടിന്‍ഡര്‍. 430 ദശലക്ഷത്തിലധികം തവണയാണ് ടിന്‍ഡര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. 60 ബില്യണില്‍ കൂടുതല്‍ പൊരുത്തങ്ങള്‍ക്ക് വേദിയാകാന്‍ ഈ ഡേറ്റിംഗ് ആപ്പിന് കഴിഞ്ഞു.