ആഗോള യാത്രാ മേഖലയിലെ ഉണര്‍വ് ഏറ്റവും കൂടുതല്‍ നേട്ടമാകുക യുഎഇക്ക്
1 min readയാത്രാ മേഖലയിലെ ഉണര്‍വ് ഈജിപ്തിലും ടൂറിസം വളര്‍ച്ചയ്ക്ക് കരുത്ത് പകരും
ദുബായ് ഈ വര്‍ഷം രണ്ടാംപാദത്തോട് കൂടി അന്താരാഷ്ട്രതലത്തിലുള്ള യാത്രകള്‍ പുനഃരാരംഭിച്ചാല്‍ ഏറ്റവുമധികം നേട്ടം കൊയ്യുക യുഎഇ ആയിരിക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച്. ടൂറിസം വളര്‍ച്ചയുടെ ഭാഗമായുള്ള സാമ്പത്തിക വളര്‍ച്ചയും വായ്പ ഡിമാന്‍ഡ് വര്‍ധനയും ആസ്തി നിലവാരവും കണക്കിലെടുത്ത് ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എന്‍ബിഡിയെ ബാങ്ക് ഓഫ് അമേരിക്ക നിക്ഷേപകര്‍ക്കുള്ള പ്രധാന പ്രാദേശിക ഇടപാടുകാരായി തെരഞ്ഞെടുത്തു.
റഷ്യയ്ക്കും ചെങ്കടലിനുമിടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചാല്‍ ഈജിപ്തിലെ ടൂറിസം മേഖലയും ശക്തമായ തിരച്ചുവരവ് നടത്തുമെന്ന് ബാങ്ക് പറഞ്ഞു. 2015ല്‍ ഈ രണ്ട് മേഖലയ്ക്കുമിടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിന് മുമ്പ് ഈജിപ്തിലേക്ക് എത്തിയിരുന്ന മൂന്നിലൊന്ന് സഞ്ചാരികളും റഷ്യയില്‍ നിന്നുള്ളവരായിരുന്നു.
ടൂറിസം രംഗത്തും ആഗോള വ്യാപാരത്തിലും യുഎഇയ്ക്കുള്ള ആഗോള സ്വീകാര്യതയും രാജ്യത്ത് നിലവിലുള്ള കാര്യക്ഷമമായ വാക്‌സിന്‍ പരിപാടികളും കോവിഡ്-19 പകര്‍ച്ചവ്യാധി അവസാനിക്കുമ്പോഴുണ്ടാകുന്ന ആഗോള വീണ്ടെടുപ്പ് ഏറ്റവുമധികം നേട്ടമാകുക യുഎഇക്കാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധനായ ജീന്‍ മിഷേല്‍ സലീബ അഭിപ്രായപ്പെട്ടു. ഒരു വര്‍ഷം മുമ്പ് പകര്‍ച്ചവ്യാധി അന്താരാഷ്ട്ര യാത്രകള്‍ക്ക് കൂച്ചുവിലങ്ങ് ഇടുന്നതിന് മുമ്പ് ടൂറിസം രംഗത്ത് തങ്ങളുടേതായ ശക്തി തെളിയിച്ച രാജ്യങ്ങളാണ് യുഎഇയും ഈജിപ്തും. ആഗോളതലത്തില്‍ വാക്‌സിനേഷന്‍ പരിപാടികള്‍ കാര്യക്ഷമമായി നടക്കുന്ന സാഹചര്യത്തില്‍ ആഗോള സഞ്ചാരികളുടെ യാത്രാമോഹങ്ങളിലൂടെ ടൂറിസം വളര്‍ച്ച വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഈ രാജ്യങ്ങള്‍.
യുഎഇയും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായതും യുഎഇയുടെ ടൂറിസം വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. നവംബറില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആദ്യ വിമാന സര്‍വീസ് ആരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ 7,000 ഇസ്രയേലുകാരാണ് യുഎഇലെത്തിയത്. രണ്ടിടങ്ങളിലെയും അതിവേഗത്തിലുള്ള വാക്‌സിനേഷന്‍ പരിപാടികള്‍ കണക്കിലെടുക്കുമ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ക്വാറന്റീന്‍ ഇല്ലാത്ത യാത്രാ ഇടനാഴി ആരംഭിക്കാനും സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന വേള്‍ഡ് എക്‌സ്‌പോയും ദുബായുടെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും.