കോണ്‍ഗ്രസ് പരാജയത്തിന്‍റെ പ്രധാന കാരണങ്ങള്‍ കലഹവും സഖ്യവുമെന്ന് പാനല്‍
ന്യൂഡെല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയം വിശകലനം ചെയ്യാനായി രൂപീകരിച്ച കമ്മിറ്റി പാര്‍ട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അശോക് ചവാന്‍ നേതൃത്വം നല്‍കിയ സമിതിയില്‍ സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിന്‍സെന്‍റ് പാല, ജോതി മണി തുടങ്ങിയവരായിരുന്നു അംഗങ്ങള്‍. കോണ്‍ഗ്രസിന്‍റെ പരാജയത്തിന് പ്രധാന കാരണം പാര്‍ട്ടിക്കുള്ളിലെ കലഹവും ചില സഖ്യങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ചകളുമാണെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ആഭ്യന്തര കലാപത്തില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ട്. ആസാം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കുള്ളിലെ കലഹങ്ങള്‍ ശക്തമായിരുന്നു. എഐയുഡിഎഫുമായുള്ള സഖ്യമാണ് വിപരീത ധ്രുവീകരണത്തിന് പ്രധാന കാരണമെന്ന് ആസാമില്‍ പലരും കുറ്റപ്പെടുത്തി. എന്നാല്‍ ഈ സഖ്യം പ്രയോജനകരമാണെന്ന് ചിലര്‍അഭിപ്രായപ്പെട്ടു. എന്നാല്‍ സംസ്ഥാന നേതാക്കളെ ആത്മവിശ്വാസത്തിലെടുക്കാത്തതിന് ആസാമിന്‍റെ ചുമതലയുള്ള ജിതേന്ദ്ര സിംഗിനെ ചില പാര്‍ട്ടി നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രചാരണവും സഖ്യവും തീരുമാനിച്ചപ്പോള്‍ അപ്പര്‍ ആസാം സംബന്ധിച്ച പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്തു.
കേരളത്തില്‍ മത്സരരംഗത്തിറക്കിയ പുതുമുഖങ്ങള്‍ പലരും പരാജയപ്പെട്ടു. ഇത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് കാരണമായി. അതേസമയം പശ്ചിമബംഗാളില്‍ സഖ്യം വളരെ വൈകിപ്പോയിരുന്നു.കൂടാതെ ബിജെപിയും ടിഎംസിയും നടത്തിയ ധ്രുവീകരണം കോണ്‍ഗ്രസിന് തിരിച്ചടിയാവുകയും ചെയ്തു.കൂടിയാലോചനകളില്ലാതെ സംസ്ഥാന പ്രസിഡന്‍റ് പ്രവര്‍ത്തിച്ച രീതിയും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസിന്‍റെ മാധ്യമ മാനേജ്മെന്‍റിന്‍റെ പ്രവര്‍ത്തനം താഴേക്കിടയിലായിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ ഇനി നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പാനല്‍ ചില ശുപാര്‍ശകളും നല്‍കിയിട്ടുണ്ട്.
അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നഷ്ടത്തിന്‍റെ കാരണങ്ങള്‍ വിശകലനം ചെയ്യുന്നതിനായി ഇടക്കാല കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ മെയ് 11 നാണ് ഒരു കമ്മിറ്റി രൂപീകരിച്ചത്. പ്രവര്‍ത്തക സമിതി യോഗത്തില്‍ കേരളത്തിലെയും ആസാമിലെയും നിലവിലുള്ള സര്‍ക്കാരുകളെ പുറത്താക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് നാം മനസിലാക്കേണ്ടതുണ്ട്. പശ്ചിമ ബംഗാളില്‍ നാം പൂര്‍ണമായും പരാജയപ്പെട്ടതായും അവര്‍ പറഞ്ഞു.