കണ്‍വെന്‍ഷന്‍ സെന്‍റര്‍ പദ്ധതി പ്രദേശം മന്ത്രി സന്ദര്‍ശിച്ചു
കാക്കനാട് ഇതിനായി 15 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്
കൊച്ചി: കേരളത്തില്‍ വരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സിബിഷന്‍ കം ട്രേഡ് സെന്‍ററിന്‍റെയും കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെയും കാക്കനാടുള്ള പദ്ധതി പ്രദേശം വ്യവയാസ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് 30 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ട വികസനത്തിനായുള്ള സ്ഥലവും മാറ്റവെക്കും. കേരളത്തിലെ മുഴുവന്‍ എം.എസ്.എം.ഇ കള്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമുള്ള അവസരം ലഭിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.
കാക്കനാട് ഇതിനായി 15 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉള്‍പ്പെടുത്തി പ്രദര്‍ശനവും വിപണന മേളയും സംഘടിപ്പിക്കുന്നതിന് ഒരു വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കാനാവും. സ്ഥിരമായി പ്രദര്‍ശന വിപണന മേളകള്‍ സാധ്യമാകുന്നതോടെ ദേശീയ, അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധ നേടാനും ഉത്പന്നങ്ങള്‍ക്ക് വിശാലമായ വിപണി കണ്ടെത്താനും സാധിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍റെ ന്യൂഡല്‍ഹിയിലെ പ്രദര്‍ശന വിപണന കേന്ദ്രത്തിന്‍റെ മാതൃകയിലാവും കൊച്ചിയിലും കേന്ദ്രം ഒരുക്കുക.