പുകവലി ഉപേക്ഷിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും
1 min readപുകവലിക്കുന്നതിലൂടെ ആശ്വാസം ലഭിക്കുമെന്നും മാനസിക സമ്മര്‍ദ്ദം കുറയുമെന്നും ഉള്ള ധാരണകള്‍ വസ്തുതാവിരുദ്ധമെന്ന് വിദഗ്ധര്‍
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും കോടിക്കണക്കിന് ജനങ്ങള്‍ ഓരോ വര്‍ഷവും പുകവലിയുടെ അനന്തരഫലമായി മരണപ്പെടുന്നു. അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങി മരണകാരണമാകുന്ന പല രോഗങ്ങള്‍ക്കും പുകവലി കാരണമാകുന്നു. എന്നാല്‍ ഇവ മാത്രമല്ല, ഒരു വ്യക്തിയുടെ മാനസികാരോഗ്യവും പുകവലിയിലൂടെ ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പുകവലിക്കുന്നത് മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ സിഗരറ്റുകളിലെയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളിലെയും നിക്കോട്ടിന്റെ സാന്നിധ്യം ഉത്കണ്ഠ ഉണ്ടാക്കുമെന്നും മാനസിക സമ്മര്‍ദ്ദം രൂക്ഷമാക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. തുടക്കത്തില്‍ പുകവലിക്കുന്നതിലൂടെ ആശ്വാസം ലഭിച്ചുവെന്ന തോന്നലും മാനസിക സമ്മര്‍ദ്ദം കുറഞ്ഞുവെന്ന തോന്നലും ഉണ്ടാക്കുമെങ്കിലും ഇത് സത്യമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അങ്ങനെ ആളുകള്‍ പുകവവലിക്ക് അടിമകളാകുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ തെറ്റായ തോന്നലുകള്‍ക്കാണ് അടിമപ്പെടുന്നത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്കോട്ടിന്‍ ആസക്തി മാനസിക പ്രശ്‌നങ്ങള്‍ക്കും ശ്രദ്ധക്കുറവ്, ഉത്കണ്ഠ, നിരാശ തുടങ്ങിയ അവസ്ഥകള്‍ക്കും കാരണമാകും. പുകവലിക്ക് അടിമപ്പെട്ടവര്‍ ഈ ശീലം ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം മാനസികാസ്വാസ്ഥങ്ങള്‍ വര്‍ധിക്കും.
കുറഞ്ഞത് ആറാഴ്ചയെങ്കിലും പുകവലി ശീലം ഉപേക്ഷിച്ചവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ കുറഞ്ഞതായി ഇതുമായി ബന്ധപ്പെട്ട ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല പുകവലി ഉപേക്ഷിച്ചവര്‍ കൂടുതല്‍ ഊര്‍ജസ്വലരായി കാണപ്പെട്ടെന്നും അവരുടെ മാനസിക സ്വാസ്ഥ്യം മെച്ചപ്പെട്ടെന്നും പഠനം പറയുന്നു.
ലോകത്തില്‍ തടുക്കാനാകുന്ന രോഗങ്ങള്‍ക്കും അതുമൂലമുള്ള മരണത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. എന്നാല്‍ പുകവലി ശീലം ഉപേക്ഷിച്ചാല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വഷളാകുമെന്നാണ് പലരുടെയും ധാരണ. പുകവലി ഉപേക്ഷിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് സ്‌ട്രോക്ക്, ഹൃദ്രോഗം, ഉത്കണ്ഠ എന്നിവയില്‍ നിന്ന് രക്ഷപ്പെടാമെന്ന് ശ്രീ ബാലാജി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ രജുല്‍ അഗര്‍വാള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ മൊത്തം പുകവലിക്കുന്നവരില്‍ 12 ശതമാനം
ഇന്ത്യയിലെ 120 ദശലക്ഷം പുകവലിക്കുന്ന ആളുകളാണ്. ഓരോ വര്‍ഷവും ഇന്ത്യയില്‍ പത്ത് ലക്ഷം ആളുകള്‍ പുകയില ഉപഭോഗത്തിന്റെ അനന്തരഫലമായി മരണപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഇന്ത്യയിലെ പുകവലിക്കുന്ന ആളുകളില്‍ 70 ശതമാനം പേര്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാരും 13-15 ശതമാനം പ്രായപൂര്‍ത്തിയായ സ്ത്രീകളുമാണ്.