ആഴക്കടല്‍ ട്രോളര്‍ നിര്‍മാണം; കേരള സര്‍ക്കാരും യുഎസ് കമ്പനിയുമായി ധാരണയിലെത്തി
1 min readതിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഷിപ്പിംഗ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കമ്പനിയും(കെഎസ്ഐഎന്‍സി) ഒരു യുഎസ് സ്ഥാപനവും തമ്മില്‍ ആഴക്കടല്‍ മത്സ്യബന്ധനട്രോളറുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയില്‍ ധാരണയിലെത്തി.
2950കോടി രൂപയുടെ പദ്ധതിക്കായി കെഎസ്ഐഎന്‍സി, യുഎസ് ആസ്ഥാനമായുള്ള ഇഎംസിസി ഇന്റര്‍നാഷണലുമായാണ് ധാരണയിലെത്തിയത്. കെഎസ്ഐഎന്‍സി മാനേജിംഗ് ഡയറക്ടര്‍ എന്‍ പ്രശാന്ത്, ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസ് എന്നിവര്‍ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘അസെന്‍ഡ് 2020’ നിക്ഷേപ സെമിനാറില്‍ ഇഎംസിസിയുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനത്തിനും ട്രോളറുകളുടെ നിര്‍മാണത്തിനും പദ്ധതി വിഭാവനം ചെയ്യുന്നു.
മത്സ്യബന്ധന വ്യവസായം വലിയ വിദേശനാണ്യം നേടിത്തരുന്നുണ്ട്. ഇത് ട്രോളറുകള്‍ ഉപയോഗിച്ചുള്ള ആഴക്കടല്‍ മത്സ്യബന്ധനത്തിലൂടെയാണ് സാധ്യമാകുന്നത്. കെഎസ്ഐസിയുടെ പിന്തുണയോടെ സംസ്ഥാനത്ത് 400 ട്രോളറുകള്‍ ഇഎംസിസി നിര്‍മിക്കും. നിലവില്‍ ഉപയോഗിക്കുന്ന ട്രോളറുകളില്‍ ഭൂരിഭാഗവും വിദേശ നിര്‍മിതമാണ്.
ട്രോളറുകള്‍ നിര്‍മിക്കുന്നതിന് കെഎംസിസി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കും. ഒരു ട്രോളറിന് രണ്ട് കോടി രൂപയാണ് ചെലവ്. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളറുകള്‍ കൈമാറും. ഇത് സംസ്ഥാനത്ത് 25,000 തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നും ഗവേഷണ ആവശ്യങ്ങള്‍ക്കായി ഒരു ട്രോളര്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് (സിഎംഎഫ്ആര്‍ഐ) നല്‍കുമെന്നും പ്രശാന്ത് പറഞ്ഞു.