പുതിയ കളര്‍ ഓപ്ഷനുകളില്‍ 2021 റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകള്‍
ന്യൂഡെല്‍ഹി ഓണ്‍ റോഡ് വില 3.17 ലക്ഷം രൂപ മുതല്‍
കാന്യണ്‍ റെഡ്, വെഞ്ചുറ ബ്ലൂ എന്നീ രണ്ട് പുതിയ സിംഗിള്‍ ടോണ്‍ പെയിന്റ് ഓപ്ഷനുകളിലും ഡൗണ്‍ടൗണ്‍ ഡ്രാഗ്, സണ്‍സെറ്റ് സ്ട്രിപ്പ് എന്നീ രണ്ട് പുതിയ ഡുവല്‍ ടോണ്‍ പെയിന്റ് ഓപ്ഷനുകളിലും 2021 ഇന്റര്‍സെപ്റ്റര്‍ 650 ലഭിക്കും. നിലവിലെ ഓറഞ്ച് ക്രഷ്, ബേക്കര്‍ എക്‌സ്പ്രസ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകള്‍ തുടരും. ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ് (ക്രോം) കളര്‍ ഓപ്ഷന്‍ അല്‍പ്പം പരിഷ്‌കരിക്കുകയും മാര്‍ക്ക് ടു എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. മാര്‍ക്ക് ത്രീ, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്‌പെക്റ്റര്‍ എന്നീ കളര്‍ ഓപ്ഷനുകള്‍ നിര്‍ത്തി.
2021 കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളിന് ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ എന്ന സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷനും ഡ്യൂക്‌സ് ഡീലക്‌സ്, വെഞ്ചുറ സ്റ്റോം എന്നീ രണ്ട് ഡുവല്‍ ടോണ്‍ പെയിന്റ് ഓപ്ഷനുകളും പുതുതായി നല്‍കി. റോക്കര്‍ റെഡ് കളര്‍ ഓപ്ഷന്‍ വീണ്ടും അവതരിപ്പിച്ചു. അതേസമയം മിസ്റ്റര്‍ ക്ലീന്‍ (ക്രോം) ഓപ്ഷന്‍ പരിഷ്‌കരിച്ചു. മുമ്പ് നല്‍കിയിരുന്ന മറ്റെല്ലാ കളര്‍ ഓപ്ഷനുകളും നിര്‍ത്തി.
2021 ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന്റെ സിംഗിള്‍ ടോണ്‍ വേരിയന്റുകള്‍ക്ക് 3.17 ലക്ഷം രൂപയും ഡുവല്‍ ടോണ്‍ വേരിയന്റുകള്‍ക്ക് 3.25 ലക്ഷം രൂപയും ക്രോം വേരിയന്റിന് 3.40 ലക്ഷം രൂപയുമാണ് ഓണ്‍ റോഡ് വില. 2021 കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളിന്റെ സിംഗിള്‍ ടോണ്‍ വേരിയന്റുകള്‍ക്ക് 3.34 ലക്ഷം രൂപയും ഡുവല്‍ ടോണ്‍ വേരിയന്റുകള്‍ക്ക് 3.43 ലക്ഷം രൂപയും ക്രോം വേരിയന്റിന് 3.58 ലക്ഷം രൂപയുമാണ് ഓണ്‍ റോഡ് വില.
ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന്റെ സിംഗിള്‍ ടോണ്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ കറുത്ത റിമ്മുകള്‍, കറുത്ത മഡ്ഗാര്‍ഡുകള്‍ എന്നിവ നല്‍കി. നേരത്തെയിത് ഓറഞ്ച് ക്രഷ് ഒഴികെയുള്ള ഡുവല്‍ ടോണ്‍ വേരിയന്റുകളില്‍ മാത്രമാണ് കണ്ടിരുന്നത്. അലോയ് വീലുകളും ‘ട്രിപ്പര്‍’ നാവിഗേഷനും റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളില്‍ നല്‍കിയില്ല. എന്നാല്‍ വൈകാതെ ഔദ്യോഗിക ആക്‌സസറികളായി ലഭിച്ചേക്കും.
എന്‍ജിനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 648 സിസി, എയര്‍/ഓയില്‍ കൂള്‍ഡ്, പാരലല്‍ ട്വിന്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,150 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 5,250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേഡായി നല്‍കുന്നു.