2021 ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 1.5 ബില്യണിലെത്തും
1 min readമൊത്തം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയുടെ 35% 5ജി സ്മാര്‍ട്ട് ഫോണുകളായിരിക്കും
ന്യൂഡെല്‍ഹി: സ്മാര്‍ട്ട്ഫോളുകളുടെ ആഗോള വില്‍പ്പന 2021 ല്‍ 1.5 ബില്യണ്‍ യൂണിറ്റിലെത്തുമെന്ന് ഗാര്‍ട്‌നര്‍ റിപ്പോര്‍ട്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ 11.4 ശതമാനം വളര്‍ച്ചയാണിത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മാറ്റി പുതിയതു വാങ്ങുന്നത് ഉപഭോക്താക്കള്‍ നീട്ടിവെച്ചതും കുറഞ്ഞ വിലയിലുള്ള 5 ജി സ്മാര്‍ട്ട്ഫോണുകളുടെ വരവുമാണ് ഈ വര്‍ഷത്തെ വില്‍പ്പന വളര്‍ച്ചയെ നയിക്കുക. 2021-ല്‍ 5ജി സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പന ലോകമെമ്പാടും 539 ദശലക്ഷം യൂണിറ്റായിരിക്കുമെന്ന് ഗാര്‍ട്ട്‌നര്‍ പ്രവചിക്കുന്നു, ഇത് മൊത്തം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയുടെ 35 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.
സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായം കോവിഡ് -19 മഹാമാരി മൂലം 2020ല്‍ 10.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2021ല്‍ വില്‍പ്പന വീണ്ടും ഉയര്‍ന്ന് 2019ലെ തലത്തിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഏഷ്യാ പസഫിക്, പടിഞ്ഞാറന്‍ യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ പക്വതയുള്ള വിപണികള്‍ ഏറ്റവും ശക്തമായ വളര്‍ച്ച കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ട സവിശേഷതകളും 5 ജി കണക്റ്റിവിറ്റിയുമുള്ള ഒരു സ്മാര്‍ട്ട്ഫോണിനായി ഉപഭോക്താക്കള്‍ താല്‍പ്പര്യപ്പെടുന്നത് വളരുന്ന വിപണികളിലെ ആവശ്യകത ഉയര്‍ത്തും.
പ്രീമിയം സ്മാര്‍ട്ട്ഫോണുകളില്‍, പ്രത്യേകിച്ച് യുഎസ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ 5 ജി ഇപ്പോള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് സവിശേഷതയായി മാറിയിട്ടുണ്ടെന്ന് ഗാര്‍ട്ണറിലെ സീനിയര്‍ റിസര്‍ച്ച് ഡയറക്റ്റര്‍ അന്‍ഷുല്‍ ഗുപ്ത പറയുന്നു. 5ജി-യില്‍ വിലക്കുറവുള്ള മോഡലുകള്‍ അവതരിപ്പിക്കുന്നതിന്റെ ഫലമായി ചൈനയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 5ജി വിഹിതം 2021 ല്‍ 59.5 ശതമാനത്തിലെത്തും. ചൈനയ്ക്ക് പുറമേ മറ്റ് വിപണികളിലും വില കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍പ്പന വളര്‍ച്ചയെ നയിക്കുമെന്നാണ് കണക്കാക്കുന്നത്.