പിഎസ്ബികളിലെ നിഷ്ക്രിയാസ്തി രൂപീകരണം മയപ്പെടും: മോര്‍ഗന്‍ സ്റ്റാന്‍ലി
1 min readസ്റ്റേറ്റ് ബാങ്കുകളുടെ (എസ്ബിഐ ഒഴികെ) ജിഎന്‍പിഎല്‍ കവറേജ് അനുപാതം 67 ശതമാനമായി ഉയര്‍ന്നു
മുംബൈ: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) ബാലന്‍സ് ഷീറ്റുകള്‍ മെച്ചപ്പെട്ടുവെന്നും മോശം വായ്പ രൂപീകരണം മുന്നോട്ട് പോകുമ്പോള്‍ മിതമായ തലത്തിലായിരിക്കുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം, സ്റ്റേറ്റ് ബാങ്കുകള്‍ക്കുള്ള (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെ) കോമണ്‍ ഇക്വിറ്റി ടയര്‍ -1 (സിഇടി 1) ഇപ്പോള്‍ 9.6 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 9.1 ശതമാനവും 2017-18 ല്‍ 6.8 ശതമാനവും ആയിരുന്നു.
‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളില്‍ കാര്യമായ മൂലധന ഉള്‍ച്ചേര്‍ക്കല്‍ ഉണ്ടായി. റിസ്ക് വെയ്റ്റഡ് ആസ്തികള്‍ കുറഞ്ഞിരിക്കുന്നത്, ചില വലിയ വീണ്ടെടുപ്പുകള്‍, ഉയര്‍ന്ന വകയിരുത്തല്‍ എന്നിവയും ഉണ്ടായി. സ്റ്റേറ്റ് ബാങ്കുകളുടെ (എസ്ബിഐ ഒഴികെ) ജിഎന്‍പിഎല്‍ കവറേജ് അനുപാതം 67 ശതമാനമായി ഉയര്‍ന്നു. മൊത്തത്തിലുള്ള വായ്പയുടെ 55 ശതമാനമാണിത്,’ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
സ്റ്റേറ്റ് ബാങ്കുകളില്‍ അണ്ടര്‍റൈറ്റിംഗ് രീതികള്‍ ദുര്‍ബലമായി തുടരുന്നു. എസ്ബിഐ ഒഴികെയുള്ള ഈ ബാങ്കുകളില്‍ റീട്ടെയില്‍, അഗ്രി, എംഎസ്എംഇ വിഭാഗങ്ങളിലെ നിഷ്ക്രിയാസ്തി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉയര്‍ന്നിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ മിക്ക പിഎസ്ബികളിലെയും വളര്‍ച്ചയുടെ പ്രധാന ഘടകമാണ്, കൂടാതെ വായ്പാ പുസ്തകങ്ങളുടെ 50-60 ശതമാനവും അവയുടെ സംഭാവനയാണ്.
ടെക്നോളജി മാറ്റങ്ങള്‍, ശക്തമായ മത്സരം, മൂലധന സൃഷ്ടിയിലെ ദുര്‍ബലമായ ആഭ്യന്തര നിരക്ക് എന്നിവ കണക്കിലെടുക്കുമ്പോള്‍ പിഎസ്ബികള്‍ക്ക് വായ്പാ വിപണി വിഹിതം നഷ്ടപ്പെടുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തത്തിലുള്ള നിക്ഷേപങ്ങളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ വിപണി വിഹിതത്തിലുണ്ടാകുന്ന വര്‍ധനയും സമീപകാലത്ത് ദുര്‍ബലമാകുകയാണെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.