ബിഎസ് 6 എന്‍ജിനില്‍ നിഞ്ച 300 ഉടനെത്തും
ഭാരത് സ്റ്റേജ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചതോടെ കരുത്തും ടോര്‍ക്കും ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നില്ല
ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന 2021 കവസാക്കി നിഞ്ച 300 അനാവരണം ചെയ്തു. കവസാക്കി ഇന്ത്യയുടെ സാമൂഹ്യമാധ്യമ ഹാന്‍ഡിലുകളിലാണ് മോട്ടോര്‍സൈക്കിളിന്റെ അനാവരണം നടന്നത്. മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍ തല്‍ക്കാലം ലഭ്യമല്ല. ഭാരത് സ്റ്റേജ് 6 (ബിഎസ് 6) പാലിക്കുംവിധം പരിഷ്‌കരിച്ചതോടെ കരുത്തും ടോര്‍ക്കും ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. ബിഎസ് 4 പാലിച്ചിരുന്ന 296 സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ എന്‍ജിന്‍ 38.4 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കുമാണ് പരമാവധി പുറപ്പെടുവിച്ചിരുന്നത്.
ബിഎസ് 6 പാലിക്കുമ്പോഴും, സ്‌റ്റൈലിംഗ് സൂചകങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ട്വിന്‍ പോഡ് ഹെഡ്ലൈറ്റ്, മുന്നില്‍ ഫെയറിംഗുമായി ചേര്‍ത്ത ബ്ലിങ്കറുകള്‍, മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ് സ്‌റ്റൈല്‍ സീറ്റുകള്‍, എക്‌സോസ്റ്റിലെ ക്രോം ഹീറ്റ്ഷീല്‍ഡ് എന്നിവ അതേപോലെ തുടരുന്നു. കവസാക്കി ഇന്ത്യയുടെ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച ഫോട്ടോഗ്രാഫില്‍ ഗ്രാഫിക് സ്‌കീം പരിഷ്‌കരിച്ചതായി വ്യക്തമാകുന്നു. കളര്‍ പാലറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
രൂപകല്‍പ്പന മാത്രമല്ല, സൈക്കിള്‍ പാര്‍ട്ടുകളും ബിഎസ് 4 വേര്‍ഷനില്‍ നല്‍കിയതു തന്നെയാണ്. സസ്‌പെന്‍ഷന്‍ ജോലികള്‍ക്കായി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്കും ഉപയോഗിക്കുന്നത് തുടരും. രണ്ട് ചക്രങ്ങളിലും സിംഗിള്‍ ഡിസ്‌ക് നല്‍കിയതാണ് ബ്രേക്കിംഗ് സംവിധാനം. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.
ബിഎസ് 6, 2021 കവസാക്കി നിഞ്ച 300 മോട്ടോര്‍സൈക്കിളിന്റെ വില വൈകാതെ പ്രഖ്യാപിക്കും. ബിഎസ് 4 പതിപ്പിന് 2.98 ലക്ഷം രൂപയായിരുന്നു ഡെല്‍ഹി എക്സ് ഷോറൂം വില. പരിഷ്‌കരിച്ച പതിപ്പിന് വില അല്‍പ്പം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.