ടെക്നോപാര്‍ക്ക് കമ്പനിക്ക് മികച്ച എഐ മാനേജ്മെന്‍റിനുള്ള ഐഎസ്ഒ 42001:2023
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ആഗോള ഐടി സൊല്യൂഷന്‍ ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ടിയുവി എസ് യുഡിയുടെ ഐഎസ്ഒ 42001:2023 അംഗീകാരം. നിര്‍മ്മിതബുദ്ധി സംവിധാനങ്ങളുടെ ഉത്തരവാദപരവും ധാര്‍മ്മികവും സുതാര്യവുമായ മാനേജ്മെന്‍റില്‍ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ മികവ് പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മാനേജ്മെന്‍റ് സിസ്റ്റംസിനുള്ള (എയിംസ്) ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര നിലവാരമാണ് ഐഎസ്ഒ 42001:2023 സര്‍ട്ടിഫിക്കേഷന്‍.
ഐഎസ്ഒ 42001:2023 അംഗീകാരത്തില്‍ അഭിമാനമുണ്ടെന്ന് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ക്വാളിറ്റി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ സൂരജ് കെ ആര്‍ പറഞ്ഞു. ഉത്തരവാദിത്തത്തോടെ സുതാര്യതയും സുരക്ഷയും ഉറപ്പുവരുത്തി എഐ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനായുള്ള ഞങ്ങളുടെ നിരന്തര ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ഉപഭോക്താക്കള്‍ക്ക് മികച്ച ആഗോള ഗുണനിലവാരമുള്ള എഐ സങ്കേതങ്ങള്‍ ലഭ്യമാക്കാന്‍ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐ റിസ്ക് മാനേജ്മെന്‍റ്, വിവരങ്ങളുടെ സ്വകാര്യത, മികച്ച ഗുണനിലവാരം, ധാര്‍മ്മികതയിലൂന്നിയ എഐ സിസ്റ്റം വികസനം തുടങ്ങിയവ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ എഐ മാനേജ്മെന്‍റിലെ പ്രത്യേകതകളാണ്. അത്യാധുനികവും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ എഐ സൊല്യൂഷനുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ഐഎസ്ഒ 42001:2023 സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയില്‍ ഇവയൊക്കെ പരിഗണിച്ചിരുന്നു. ഐടി മേഖലയിലെ പ്രമുഖ സാങ്കേതിക ഇന്നവേഷന്‍ സേവന ദാതാവാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. യുഎസ്, ഓസ്ട്രേലിയ, ബ്രസീല്‍, ന്യൂസിലാന്‍ഡ്, യുകെ, ഖത്തര്‍, ഫിജി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ഒന്നിലധികം വ്യവസായങ്ങള്‍ക്കായി സാങ്കേതിക പരിഹാരങ്ങള്‍ നല്കുകയും ചെയ്യുന്നുണ്ട്. റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ഐഎസ്ഒ 9001:2015, ഐഎസ്ഒ 27001:2022, പിസിഐഡിഎസ്എസ്, എസ്ഒസി 2 ടൈപ്പ് 2 അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. നൂതന ഉത്പന്നങ്ങളും പരിഹാരങ്ങളും നല്കുന്നതിലും മികച്ച ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിലും ശക്തമായ സാന്നിധ്യമാകാന്‍ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് സാധിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.