നാസ്കോം ഫയ:80 എഡ്ജ് എഐ സെമിനാര്‍
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ നാസ്കോം ഫയ:80യുടെ ആഭിമുഖ്യത്തില്‍ എഐ സാങ്കേതികവിദ്യയായ എഡ്ജ് എഐയെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. ടെക്നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗിലെ ഫയ ‘ഫ്ളോര്‍ ഓഫ് മാഡ്നെസി’ല്‍ ആഗസ്റ്റ് 14 ന് വൈകുന്നേരം 5 നാണ് സെമിനാര്‍. ഫയയുടെ പ്രതിമാസ ടെക്നോളജി സെമിനാറിന്‍റെ 118-ാം പതിപ്പാണിത്. എഡ്ജ് എഐയുടെ ഉത്ഭവത്തെക്കുറിച്ചും അത് ഉപയോഗിച്ച് നവീകരിക്കാനുള്ള അവസരങ്ങളെക്കുറിച്ചും സെമിനാര്‍ ആഴത്തില്‍ പരിശോധിക്കും. ഇന്ത്യന്‍ സാഹചര്യത്തില്‍ എഡ്ജ് എഐയുടെ സാധ്യതകളും പ്രസക്തിയും ചര്‍ച്ച ചെയ്യുന്നതിനും സെമിനാര്‍ വേദിയൊരുക്കും.
തിരുവനന്തപുരം ആസ്ഥാനമായ ഇന്ത്യയിലെ ആദ്യത്തെ എഐ ചിപ്പ് സ്റ്റാര്‍ട്ടപ്പായ നേത്രസെമിയുടെ സഹസ്ഥാപകനും സിഇഒയുമായ ജ്യോതിസ് ഇന്ദിരാഭായ് സെമിനാറില്‍ സംസാരിക്കും. എഡ്ജ് എഐക്കായി ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള എഐ ചിപ്സെറ്റുകളുമായാണ് നേത്രസെമി എഐ രംഗത്തേക്ക് പ്രവേശിച്ചത്. ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്സ്ആര്‍) യില്‍ വര്‍ധിച്ചുവരുന്ന സാധ്യതകളെക്കുറിച്ച് ഫയയുടെ കഴിഞ്ഞ പതിപ്പ് ചര്‍ച്ചചെയ്തു. രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://makemypass.com/faya-port-80-edge-ai-the-next-ai-front-line