November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെക്നോസിറ്റിയിൽ എം.എസ്.എം.ഇ. കൾക്കായി ടെക്നോളജി സെന്‍റര്‍ വരുന്നു

1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ് ഫോറില്‍ (ടെക്നോസിറ്റി, പള്ളിപ്പുറം) സൂക്ഷ്മ ചെറുകിട ഇടത്തരം സരംഭങ്ങള്‍ക്കായി (എംഎസ്എംഇ) ടെക്നോളജി സെന്‍റര്‍ സ്ഥാപിക്കുന്നതിനായി എംഎസ്എംഇ മന്ത്രാലയവുമായി ടെക്നോപാര്‍ക്ക് ഭൂമി പാട്ടക്കരാര്‍ കൈമാറി. കരാര്‍ പ്രകാരം ടെക്നോസിറ്റിയിലെ 9.50 ഏക്കര്‍ ഭൂമി 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും. സാങ്കേതിക നൈപുണ്യ വികസനത്തിന് അവസരങ്ങള്‍ നല്‍കുന്നതിലൂടെ എംഎസ്എംഇകളെയും മറ്റ് വ്യവസായങ്ങളെയും പിന്തുണയ്ക്കുന്നതില്‍ ടെക്നോളജി സെന്‍റര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ മേഖലയിലേക്ക് വരുന്ന യുവതീയുവാക്കള്‍ക്ക് സാങ്കേതിക-ബിസിനസ് ഉപദേശങ്ങളും പിന്തുണയും നല്‍കുകയും ചെയ്യും.

ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), എംഎസ്എംഇ മന്ത്രാലയത്തിനു കീഴിലുള്ള തൃശ്ശൂര്‍ എംഎസ്എംഇ ഡിഎഫ്ഒ ജോയിന്‍റ് ഡയറക്ടറും മേധാവിയുമായ ജി.എസ് പ്രകാശ് എന്നിവര്‍ ടെക്നോപാര്‍ക്കില്‍ വച്ച് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കറിന്‍റെ സാന്നിധ്യത്തിലാണ് കരാര്‍ കൈമാറിയത്. എംഎസ്എംഇ മന്ത്രാലയത്തിന്‍റെ ടിസിഇസി (ടെക്നോളജി സെന്‍റേഴ്സ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ സെന്‍റേഴ്സ്) പദ്ധതിക്ക് കീഴില്‍ സ്ഥാപിക്കുന്ന സെന്‍റര്‍ നൂതന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം, എംഎസ്എംഇകള്‍ക്കുള്ള സൗകര്യങ്ങള്‍, സാങ്കേതിക പിന്തുണ, നൈപുണ്യ പരിശീലനം, ബിസിനസ് സേവനങ്ങള്‍ എന്നിവ നല്‍കി സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ടെക്നോളജി സെന്‍റര്‍ തിരുവനന്തപുരത്തെ സാമൂഹിക, സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെ മാറ്റിമറിക്കുന്നതിനൊപ്പം സംരംഭകരുടെ ജീവിതത്തെയും പരിപോഷിപ്പിക്കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. സംസ്ഥാനത്തെ ഡിജിറ്റല്‍, ഐടി മേഖലകളുടെ വളര്‍ച്ചയ്ക്കാവശ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നതില്‍ ടെക്നോപാര്‍ക്ക് എപ്പോഴും മുന്‍പന്തിയിലുണ്ട്. ഇത്തരം സംരംഭങ്ങള്‍ ഐടി വ്യവസായത്തില്‍ പ്രധാനവും ടെക്നോപാര്‍ക്കിന്‍റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെക്നോപാര്‍ക്കില്‍ ഫേസ് ഫോറിനാണ് ഏറ്റവുമധികം സ്ഥലലഭ്യതയുള്ളതെന്നും മികച്ച ഡിജിറ്റല്‍ ആവാസവ്യവസ്ഥയുള്ള ടെക്നോളജി പാര്‍ക്കായി ഇത് വികസിച്ചുവരികയാണെന്നും കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു. കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്ത് ആരംഭിക്കുന്ന പുതിയ ടെക്നോളജി സെന്‍റര്‍ എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച രീതിയിലുള്ള വികസനം, പരിശീലനം, വൈദഗ്ധ്യം എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

രാജ്യത്തുടനീളം ഇത്തരത്തിലുള്ള 20 സാങ്കേതിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയെന്നത് രാഷ്ട്രത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയാണെന്ന് ജി.എസ് പ്രകാശ് പറഞ്ഞു. ഇന്ത്യയുടെ ജിഡിപിയുടെ 30 ശതമാനവും കയറ്റുമതി മേഖലയില്‍ 45 ശതമാനവും സംഭാവന ചെയ്യുന്ന ആറ് കോടിയിലധികം എംഎസ്എംഇകളുണ്ട്. 11 കോടിയിലധികം ആളുകള്‍ എംഎസ്എംഇ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ദ്രുതഗതിയിലുള്ള സാങ്കേതിക വിദ്യയുടെ സ്വീകാര്യതയും വികസനവും അവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. ടെക്നോളജി സെന്‍ററുകള്‍ വഴി അവര്‍ക്ക് ഇത് മിറകടക്കാനാകും. പ്രാദേശിക വ്യവസായത്തിന്‍റെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി വികസനം, പരിശീലനം, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ഒരുക്കും. വിജ്ഞാനാധിഷ്ഠിത നഗരമാകാനുള്ള തിരുവനന്തപുരത്തിന്‍റെ മുന്നേറ്റത്തില്‍ ടെക്നോളജി സെന്‍ററിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എംഇ ഫെസിലിറ്റേഷന്‍ സെന്‍ററായി പ്രവര്‍ത്തിക്കുന്നതിനു പുറമേ ഐടി, പോളിടെക്നിക്, എന്‍ജിനീയറിങ് പശ്ചാത്തലത്തിലുള്ളവര്‍ക്ക് ഹൈടെക് ഐടി ഡൊമെയ്നില്‍ പരിശീലനം നല്‍കാനും സെന്‍റര്‍ സഹായിക്കുമെന്ന് കെസ്പേസ് സിഇഒ ഡോ. ജി. ലെവിന്‍ പറഞ്ഞു. സര്‍ക്കാര്‍ പിന്തുണയോടെ ടെക്നോപാര്‍ക്ക്, എംഎസ്എംഇ, കെസ്പേസ് എന്നിവയുടെ സംയുക്ത ശ്രമം പാട്ടക്കരാര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3