1 ലക്ഷം പേരെ നിയമിക്കാനൊരുങ്ങി ടിസിഎസ്, ഇന്‍ഫോസിസ് വിപ്രോ
1 min readകൊറോണ വ്യാപനം നിലവില്‍ നിയമന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ല
ന്യൂഡെല്‍ഹി: കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ നിയമന പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുപ്പിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി വിലയിരുത്തല്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) സേവന ദാതാക്കളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, വിപ്രോ എന്നിവ ഈ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി 1 ലക്ഷത്തിലധികം പുതിയ തൊഴിലാളികളെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പുറത്തുവിട്ടപ്പോഴാണ് കമ്പനികള്‍ ഈ വര്‍ഷത്തെ നിയമന പദ്ധതികളെ കുറിച്ച് വിശദമാക്കിയിട്ടുള്ളത്. കോവിഡ് 19 പൊതുവില്‍ രാജ്യത്തെ നിയമന പ്രവര്‍ത്തനങ്ങളിലും തൊഴില്‍ പങ്കാളിത്തത്തിലും വലിയ പ്രത്യാഘാതമാണ് ഏല്‍പ്പിച്ചിട്ടുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ കാമ്പസുകളില്‍ നിന്ന് 40,000ല്‍ അധികം ഫ്രെഷര്‍മാരെ നിയമിക്കും. 5 ലക്ഷത്തിലധികം ജീവനക്കാരുള്ള, സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴിലുടമയായ കമ്പനി 2020ല്‍ 40,000 ബിരുദധാരികളെ കാമ്പസുകളില്‍ നിന്ന് നിയമിച്ചിരുന്നു. ഇതിലും മികച്ച പ്രകടനം നിയമനങ്ങളില്‍ കാഴ്ചവെക്കുമെന്ന് കമ്പനിയുടെ ആഗോള എച്ച്ആര്‍ മേധാവി മിലിന്ദ് ലക്കാഡ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുള്ള നിയമനങ്ങളില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം മൊത്തം 3.60 ലക്ഷം ഫ്രെഷറുകള്‍ പ്രവേശന പരീക്ഷയ്ക്ക് ഹാജരായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തില്‍ 35,000 കോളേജ് ബിരുദധാരികളെ നിയമിക്കാനാണ് ഇന്‍ഫോസിസ് പദ്ധതിയിടുന്നതെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ്‍ റാവു പറഞ്ഞു. ജൂണ്‍ പാദം അവസാനിക്കുമ്പോള്‍ ഇന്‍ഫോസിസിന്‍റെ മൊത്തം ജീവനക്കാരുടെ എണ്ണം 2.67 ലക്ഷമായിരുന്നു. മാര്‍ച്ച് പാദത്തില്‍ ഇത് 2.59 ലക്ഷമായിരുന്നു. ഡിജിറ്റല്‍ പ്രതിഭകളുടെ ആവശ്യകത ആഗോള തലത്തില്‍ തന്നെ വര്‍ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
വിപ്രോയുടെ ഐടി സര്‍വീസസ് വര്‍ക്ക്ഫോഴ്സ് 2,00,000 എന്ന നാഴികക്കല്ല് പിന്നിട്ടു, നിലവില്‍ 209,890 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ആദ്യ പാദത്തില്‍ പതിനായിരത്തിലധികം ആളുകള്‍ ലാറ്ററല്‍ ജോലിക്കാരായിരുന്നു, അതേസമയം രണ്ടായിരത്തിനടുത്ത് പുതിയ ജീവനക്കാരെ നിയമിച്ചു. ഈ വര്‍ഷം 30,000ത്തിലധികം ഓഫര്‍ ലെറ്ററുകള്‍ പുറത്തിറക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതില്‍ 22,000 എണ്ണം ഫ്രെഷറുകള്‍ക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.