ഫ്‌ളീറ്റ് എഡ്ജ് സിസ്റ്റത്തോടെ ടാറ്റ അള്‍ട്രാ സ്ലീക്ക് ടി.സീരീസ്
1 min readഇടത്തരം, ലഘു വാണിജ്യ വാഹന സെഗ്‌മെന്റില്‍ ടി.6, ടി.7, ടി.9 എന്നീ മൂന്ന് മോഡലുകളാണ് അവതരിപ്പിച്ചത്
ടാറ്റ അള്‍ട്രാ സ്ലീക്ക് ടി.സീരീസ് ട്രക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇടത്തരം, ലഘു വാണിജ്യ വാഹന സെഗ്‌മെന്റിലേക്കാണ് പുതിയ ട്രക്കുകള്‍ വരുന്നത്. ടി.6, ടി.7, ടി.9 എന്നീ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയത്. മോഡുലര്‍ ‘അള്‍ട്രാ’ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ടാറ്റ അള്‍ട്രാ ടി.സീരീസ് ട്രക്കുകള്‍ വിവിധ നീളമുള്ള ഡെക്ക് ഓപ്ഷനുകളിലും 4 ടയര്‍, 6 ടയര്‍ വകഭേദങ്ങളിലും ലഭിക്കും. ഇതോടെ നിരവധി ആവശ്യങ്ങള്‍ക്ക് പുതിയ ട്രക്കുകള്‍ ഉപയോഗിക്കാന്‍ കഴിയും. പത്ത് അടി മുതല്‍ ഇരുപത് അടി വരെയുള്ള ഡെക്ക് ലെംഗ്ത്ത് ഓപ്ഷനുകളിലും 3.3 ടണ്‍ മുതല്‍ 5.2 ടണ്‍ വരെയുള്ള പേലോഡ് ശേഷികളിലും ട്രക്കുകള്‍ ലഭിക്കും. ടി.6 മോഡലിന് 13.99 ലക്ഷം രൂപയിലും ടി.7 മോഡലിന് 15.29 ലക്ഷം രൂപയിലും ടി.9 മോഡലിന് 17.29 ലക്ഷം രൂപയിലുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ‘ഫ്‌ളീറ്റ് എഡ്ജ്’ കണക്റ്റഡ് ടെലിമാറ്റിക്‌സ് ഫ്‌ളീറ്റ് മാനേജ്‌മെന്റ് സിസ്റ്റം ലഭിച്ചതാണ് അള്‍ട്രാ സ്ലീക്ക് ടി.സീരീസ് ട്രക്കുകള്‍.
ടി.6 മോഡല്‍ ട്രക്കിന്റെ മൊത്തം വാഹന ഭാരം (ജിവിഡബ്ല്യു) 6,450 കിലോഗ്രാമാണ്. 10 അടി (4 ടയര്‍), 14 അടി (4 ടയര്‍), 10 അടി (6 ടയര്‍) എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. 7,490 കിലോഗ്രാം മൊത്തം വാഹന ഭാരം വരുന്നതാണ് ടി.7 മോഡല്‍. 12 അടി (4 ടയര്‍), 14 അടി (4 ടയര്‍), 17 അടി (4 ടയര്‍), 14 അടി (6 ടയര്‍), 17 അടി (6 ടയര്‍), 20 അടി (6 ടയര്‍) എന്നിങ്ങനെ ആറ് വേരിയന്റുകളില്‍ ലഭിക്കും. ടി.9 മോഡലിന്റെ മൊത്തം വാഹന ഭാരം 8,750 കിലോഗ്രാമാണ്. 14 അടി, 17 അടി, 20 അടി എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. മൂന്ന് വേരിയന്റുകളും 6 ടയര്‍ കോമ്പിനേഷനിലാണ് വരുന്നത്.
ടാറ്റ മോട്ടോഴ്‌സ് പുതുതായി രൂപകല്‍പ്പന ചെയ്ത 1900 എംഎം വീതിയുള്ള അള്‍ട്രാ സ്ലീക്ക് കാബിന്‍ നല്‍കിയാണ് മൂന്ന് മോഡലുകളും വിപണിയിലെത്തിച്ചത്. കൂടുതല്‍ സ്ഥലസൗകര്യം, സുഖസൗകര്യം എന്നിവ നല്‍കുന്നതാണ് ഈ കാബിന്‍. പുതിയ ക്രീച്ചര്‍ കംഫര്‍ട്ടുകള്‍, കുറഞ്ഞ എന്‍വിഎച്ച് എന്നിവയോടെ ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗ് ലഭിച്ചതാണ് കാബിനുകള്‍. ക്രാഷ് ടെസ്റ്റ് നടത്തിയതാണ് വോക്ക്ത്രൂ കാബിന്‍. ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപിക് ഫംഗ്ഷന്‍ സഹിതം പവര്‍ സ്റ്റിയറിംഗ്, ഡാഷ്‌ബോര്‍ഡില്‍ സ്ഥാപിച്ച ഗിയര്‍ ലിവര്‍ എന്നിവ നല്‍കിയതിനാല്‍ മികച്ച ഡ്രൈവിംഗ് സാഹചര്യങ്ങളാണ് കാബിനില്‍ സജ്ജീകരിച്ചത്. ഇന്‍-ബില്‍റ്റ് മ്യൂസിക് സിസ്റ്റം, അതിവേഗ ചാര്‍ജിംഗ് സാധ്യമാകുന്ന യുഎസ്ബി പോര്‍ട്ട്, വിശാലമായ സ്‌റ്റോറേജ് ശേഷി എന്നിവയാണ് മറ്റ് സവിശേഷതകള്‍. എയര്‍ ബ്രേക്കുകള്‍, പാരബോളിക് ലീഫ് സസ്‌പെന്‍ഷന്‍ എന്നിവ മികച്ച സുരക്ഷയും നിയന്ത്രണവും നല്‍കുന്നതാണ്. ക്ലിയര്‍ ലെന്‍സ് ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ എന്നിവ രാത്രിയില്‍ മെച്ചപ്പെട്ട കാഴ്ച്ച ഉറപ്പാക്കും.
ബിഎസ് 6 പാലിക്കുന്ന 4എസ്പിസിആര്‍ എന്‍ജിനാണ് ടാറ്റ അള്‍ട്രാ സ്ലീക്ക് ടി.സീരീസ് ട്രക്കുകള്‍ക്ക് കരുത്തേകുന്നത്. ടാറ്റ മോട്ടോഴ്‌സ് സ്വന്തമായി വികസിപ്പിച്ചതാണ് ഈ എന്‍ജിന്‍. ഈ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി ടാറ്റ മോട്ടോഴ്‌സിന്റെ ജി400 5 സ്പീഡ് മാന്വല്‍ സിങ്ക്രോമെഷ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. മികച്ച കരുത്ത്, ഈ വിഭാഗത്തിലെ മികച്ച ഇന്ധനക്ഷമത എന്നിവ തരുന്നതാണ് പുതിയ ട്രക്കുകളെന്ന് കമ്പനി അവകാശപ്പെട്ടു. ഇ-കൊമേഴ്‌സ് ഉല്‍പ്പന്നങ്ങള്‍, എഫ്എംസിജി, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, എല്‍പിജി സിലിണ്ടറുകള്‍, കൊവിഡ്-19 വാക്‌സിന്‍ സൂക്ഷിച്ച ശീതീകരിച്ച കണ്ടെയ്‌നറുകള്‍, മരുന്നുകള്‍ എന്നിവ കൂടാതെ മുട്ട, പാല്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നീ ഭക്ഷ്യവസ്തുക്കളും കൊണ്ടുപോകുന്നതിന് പുതിയ ട്രക്കുകള്‍ ഉപയോഗിക്കാമെന്ന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.