മൈലേജ് ചാലഞ്ച് റാലിയില്‍ തിളങ്ങി ടാറ്റ നെക്‌സോണ്‍ ഇവി
രണ്ട് മണിക്കൂറിനുള്ളില്‍ നൂറ് കിലോമീറ്റര്‍ താണ്ടുകയെന്ന ലക്ഷ്യമാണ് നിശ്ചയിച്ചത്
മുംബൈ: ടാറ്റ നെക്‌സോണ്‍ ഇവി ഉടമകള്‍ക്കായി ടാറ്റ മോട്ടോഴ്‌സ് പുണെയില്‍ മൈലേജ് ചാലഞ്ച് റാലി സംഘടിപ്പിച്ചു. അമ്പത് നെക്‌സോണ്‍ ഇവി ഉടമകളാണ് പങ്കെടുത്തത്. രണ്ട് മണിക്കൂറിനുള്ളില്‍ നൂറ് കിലോമീറ്റര്‍ താണ്ടുകയെന്ന ലക്ഷ്യമാണ് നിശ്ചയിച്ചത്. 376 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നേടിയ മുകുന്ദ് മാവലങ്കര്‍ എന്ന നെക്‌സോണ്‍ ഇവി ഉടമ മല്‍സരത്തില്‍ വിജയിച്ചു. സായാജി ഹോട്ടലില്‍ നിന്നാണ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തത്.
വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ ഉപയോക്താക്കളെ കണ്ടെത്തുന്നതിനും രാജ്യമെങ്ങും നിരവധി പരിപാടികളും പ്രചാരണ പ്രവര്‍ത്തനങ്ങളുമാണ് ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ സംഘടിപ്പിക്കുന്നത്. ഇതാദ്യമായാണ് ടാറ്റ മോട്ടോഴ്‌സ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചത്. വൈദ്യുത വാഹനത്തെ കൂടുതല്‍ അടുത്തറിയുന്നതിനാണ് മൈലേജ് ചാലഞ്ച് റാലി നടത്തിയത്.
2020 ജനുവരിയിലാണ് ഇന്ത്യന്‍ വിപണിയില്‍ ടാറ്റ നെക്‌സോണ്‍ ഇവി അവതരിപ്പിച്ചത്. രാജ്യത്ത് ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് എസ് യുവിയാണ് ടാറ്റ നെക്‌സോണ്‍ ഇവി. 30.2 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 127 ബിഎച്ച്പി കരുത്തും 245 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഐപി67 നിലവാരം പുലര്‍ത്തുന്നതാണ് ബാറ്ററി പാക്ക്.
കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ ഇലക്ട്രിക് വാഹനമായി ടാറ്റ നെക്‌സോണ്‍ ഇവി മാറിയിരുന്നു. 2,529 യൂണിറ്റ് ടാറ്റ നെക്‌സോണ്‍ ഇവിയാണ് വിറ്റുപോയത്. ഇവി സെഗ്മെന്റിലെ വിപണി വിഹിതം 63. 2 ശതമാനം.