സബ്‌കോംപാക്റ്റ് എസ്‌യുവി ടാറ്റ നെക്‌സോണ്‍ ഇവി പരിഷ്‌കരിച്ചു
പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ നേരത്തെ പരിഷ്‌കരിച്ചിരുന്നു
മുംബൈ: ടാറ്റ നെക്‌സോണ്‍ ഇവി പരിഷ്‌കരിച്ചു. സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ നേരത്തെ പരിഷ്‌കരിച്ചിരുന്നു. ഇതിന് അനുസൃതമായാണ് ഇലക്ട്രിക് എസ്‌യുവിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയത്. പുതിയ 16 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ ഇപ്പോള്‍ ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക് വാഹനത്തിന് നല്‍കി. ആന്തരിക ദഹന എന്‍ജിന്‍ കരുത്തേകുന്ന വകഭേദത്തിന് നേരത്തെ ഈ ചക്രങ്ങള്‍ നല്‍കിയിരുന്നു. അകത്ത്, ആറ് ഫിസിക്കല്‍ ബട്ടണുകളും ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ രണ്ട് നോബുകളും എടുത്തുകളഞ്ഞു. ഈ സ്ഥലത്ത് ഇപ്പോള്‍ ഒരു പാനല്‍ നല്‍കി അവിടെ ക്രോമില്‍ ‘നെക്‌സോണ്‍’ എന്ന് എഴുതിയിരിക്കുന്നു.
ഹോം, ഫേവറിറ്റ്‌സ്, പ്രീവിയസ്, നെക്സ്റ്റ്, സ്മാര്‍ട്ട്‌ഫോണ്‍, ബാക്ക് എന്നിങ്ങനെ വിവിധ മ്യൂസിക് കണ്‍ട്രോളുകള്‍ക്കുള്ള ഷോര്‍ട്ട്കട്ട് കീകളായിരുന്നു ഈ ബട്ടണുകള്‍. വോള്യം, റേഡിയോ ട്യൂണര്‍ എന്നിവ നിയന്ത്രിക്കുന്നതിനാണ് റോട്ടോര്‍ നോബുകള്‍ നല്‍കിയിരുന്നത്. ഈ ബട്ടണുകള്‍ ഒഴിവാക്കിയതോടെ, ഈ എല്ലാ ഫംഗ്ഷനുകളും 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ യൂണിറ്റില്‍ ലഭ്യമായിരിക്കും. ടാറ്റ അള്‍ട്രോസ്, ഐസിഇ നെക്‌സോണ്‍ മോഡലുകളില്‍നിന്ന് നേരത്തെ ബട്ടണുകള്‍ എടുത്തുമാറ്റിയിരുന്നു. ഈ രണ്ട് വാഹനങ്ങളിലും ഒരേ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് നല്‍കിയത്.
ഓഡിയോ ക്രമീകരിക്കുന്നതിനും റേഡിയോ ചാനലുകള്‍ മാറ്റുന്നതിനും മറ്റുമായി സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ ലഭിച്ചതാണ് ടാറ്റ നെക്‌സോണ്‍ ഇവി. ഇവിടെനിന്ന് നിങ്ങള്‍ക്ക് ഇപ്പോഴും സെറ്റിംഗ്‌സ് ക്രമീകരിക്കാന്‍ കഴിയും.
ഈ മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, അതേ ഹാര്‍ഡ്‌വെയര്‍ തന്നെ ടാറ്റ നെക്‌സോണ്‍ ഇവി തുടര്‍ന്നും ഉപയോഗിക്കുന്നു. 127 ബിഎച്ച്പി കരുത്തും 245 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുന്നതാണ് ഇലക്ട്രിക് മോട്ടോര്‍. 30.2 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്ക് ഉപയോഗിക്കുന്നു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 9.9 സെക്കന്‍ഡ് മതി. സിംഗിള്‍ ചാര്‍ജില്‍ 312 കിലോമീറ്ററാണ് ഡ്രൈവിംഗ് റേഞ്ച്.