ദക്ഷിണേന്ത്യയില്‍ നെക്‌സോണ്‍ ഇവി ഒന്നാമന്‍
1 min readസ്വന്തം സെഗ്‌മെന്റില്‍ 77 ശതമാനമാണ് ഇലക്ട്രിക് എസ്‌യുവിയുടെ വിപണി വിഹിതം!
ചെന്നൈ: ദക്ഷിണേന്ത്യയില്‍ ടാറ്റ നെക്‌സോണ്‍ ഇവിയുടെ കുതിപ്പ്. സ്വന്തം സെഗ്‌മെന്റില്‍ 77 ശതമാനമാണ് ഇലക്ട്രിക് എസ്‌യുവിയുടെ വിപണി വിഹിതം! ഏറ്റവും മുന്നില്‍. തെക്കേ ഇന്ത്യയില്‍ വലിയ ഡിമാന്‍ഡാണ് ഈ വൈദ്യുത വാഹനം നേരിടുന്നത്.
2020 ജനുവരിയില്‍ ദേശീയതലത്തില്‍ അവതരിപ്പിച്ചതുമുതല്‍ ദക്ഷിണേന്ത്യയിലെ വില്‍പ്പനയില്‍ 300 ശതമാനത്തോളം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 77 ശതമാനത്തോളം വിപണി വിഹിതമാണ് ടാറ്റ നെക്‌സോണ്‍ ഇവി കൈവരിച്ചത്. കര്‍ണാടക, കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഇരുപത് നഗരങ്ങളിലാണ് നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന തകൃതിയായി നടക്കുന്നത്.
ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് ഇലക്ട്രിക് വാഹനം കൂടിയാണ് നെക്‌സോണ്‍ ഇവി എന്ന് ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് വില്‍പ്പന, വിപണന, ഉപഭോക്തൃകാര്യ വിഭാഗം മേധാവി രമേഷ് ദൊരൈരാജന്‍ പറഞ്ഞു. നിരവധി സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെയും ഇഷ്ടപ്പെട്ട കാറാണ് ടാറ്റ നെക്‌സോണ്‍ ഇവി.
ടാറ്റ മോട്ടോഴ്‌സിന്റെ സിപ്‌ട്രോണ്‍ പവര്‍ട്രെയ്‌നാണ് നെക്‌സോണ്‍ ഇവി ഉപയോഗിക്കുന്നത്. 30.2 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുന്നതാണ് ഈ പവര്‍ട്രെയ്ന്‍. 127 ബിഎച്ച്പി കരുത്തും 245 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ സഞ്ചരിക്കാം.