മാര്‍ക്ക് ലിസ്റ്റോസെല്ല സിഇഒ ആകില്ലെന്ന് ടാറ്റ മോട്ടോഴ്സ്
1 min read-
ഗുന്‍റര്‍ ബുറ്റ്ഷെക് സിഇഒ ആയി ജൂണ്‍ 30 വരെ തുടരും
-
കഴിഞ്ഞ മാസമാണ് പുതുസിഇഒ ആയി ലിസ്റ്റോസെല്ലയെ ടാറ്റ പ്രഖ്യാപിച്ചത്
-
ഡയിംലര്‍ ട്രക്ക്സിന്‍റെ മേധാവിയായിരുന്നു അദ്ദേഹം
മുംബൈ: മാര്‍ക്ക് ലിസ്റ്റോസെല്ല ടാറ്റ മോട്ടോഴ്സിന്‍റെ തലപ്പത്ത് എത്തില്ല. സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായി അദ്ദേഹം ചുമതല ഏല്‍ക്കില്ലെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കിയതോടെയാണിത്. കഴിഞ്ഞ മാസമാണ് ടാറ്റ മോട്ടോഴ്സിന്‍റെ പുതിയ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായി ലിസ്റ്റോസെല്ലയെ നിയമിക്കുന്നതായി ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചത്.
ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ മാര്‍ക്ക് ലിസ്റ്റോസെല്ല ചുമതലയേല്‍ക്കുമെന്നായിരുന്നു ടാറ്റ വ്യക്തമാക്കിയത്. എന്നാല്‍ അദ്ദേഹം കമ്പനിയില്‍ ചേരുന്നില്ലെന്ന് ടാറ്റ മോട്ടോഴ്സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. അതേസമയം പുതിയ സിഇഒ ചുമതലയേറ്റെടുക്കാത്തതിന് കാരണമെന്തെന്ന് വ്യക്തമല്ല. നിലവിലെ എംഡിയും സിഇഒയുമായ ഗുന്‍റര്‍ ബറ്റ്ഷെക് ജൂണ്‍ 30 വരെ തല്‍സ്ഥാനത്ത് തുടരും.
വളരെ വ്യത്യസ്തമായ ടാറ്റ കുടുംബത്തിന്‍റെ ഭാഗമാകുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഇന്ത്യയുമായി വളരെയേറെ വര്‍ഷത്തെ ബന്ധമുണ്ട്. ഇവിടെതന്നെ പുതിയൊരു അധ്യായം തുടങ്ങാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷവുമുണ്ട്-പുതിയ നിയമനം പ്രഖ്യാപിച്ച വേളയില്‍ ലിസ്റ്റോസെല്ല പറഞ്ഞ വാക്കുകളാണ്.
ഫസോ ട്രക്കിന്‍റെ സിഇഒയും പ്രസിഡന്‍റുമായി സേവനമനുഷ്ഠിച്ച ലിസ്റ്റോസെല്ല ബസ് കോര്‍പ്പറേഷന്‍റെയും ഏഷ്യയിലെ ഡയിംലര്‍ ട്രക്ക്സിന്‍റെയും മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡെയിംലര്‍ ഇന്ത്യ കമേഴ്സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സിഇഒ, എംഡി സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.