ഇന്ത്യയില്‍ ടാറ്റ Vs ടെസ്ല
1 min read- ഇലക്ട്രിക് വാഹന ബിസിനസിന് നിക്ഷേപം സമാഹരിക്കാന്‍ ടാറ്റ
- താങ്ങാവുന്ന വിലയിലുള്ള ടാറ്റ ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തും
- ടെസ്ലയ്ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക ടാറ്റ
മുംബൈ: വാഹന ബിസിനസില്‍ സുപ്രധാന തീരുമാനവുമായി ടാറ്റ ഗ്രൂപ്പ്. തങ്ങളുടെ ഇലക്ട്രിക് വാഹന ബിസിനസിന് പ്രത്യേകമായി നിക്ഷേപം സമാഹരിച്ച് വമ്പന്‍ ചുവടുവെപ്പ് വെക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. ഇതിനായി ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു. ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് നാന്ദി കുറിക്കാന്‍ തയാറെടുത്ത് നില്‍ക്കുന്ന ടെസ്ലക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഇലക്ട്രിക് വെഹിക്കിള്‍ ബിസിനസിന് മാത്രമായി വലിയ തോതില്‍ നിക്ഷേപം സമാഹരിക്കാനാണ് ടാറ്റ ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. തന്ത്രപരമായ പങ്കാളികളില്‍ നിന്നും സോവറിന്‍ വെല്‍ത്ത് ഫണ്ടുകളില്‍ നിന്നുമെല്ലാം നിക്ഷേപം സമാഹരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. താങ്ങാവുന്ന വിലയില്‍ വലിയ നിര ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടങ്ങളിലാണെന്നും നിക്ഷേപവുമായി ബന്ധപ്പെട്ട ഡീലുകളൊന്നും ഫൈനലൈസ് ചെയ്തിട്ടില്ലെന്നും ടാറ്റയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയില്‍ ടെസ്ല പദ്ധതിയിട്ടിരിക്കുന്ന അതിഗംഭീര അരങ്ങേറ്റത്തോടെ ഇലക്ട്രിക് വാഹന വിപണി പുതിയ കുതിപ്പ് നടത്തുമെന്നാണ് സര്‍വരും പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്‍റെ പരിസ്ഥിതി സൗഹൃദ വാഹന നയങ്ങളും ടെസ്ലയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്നു. ഇലക്ട്രിക് കാര്‍ വിപണിയില്‍ ആഗോളതലത്തില്‍ വലിയ മല്‍സരത്തിനാണ് ഇപ്പോള്‍ കളമൊരുങ്ങിയിരിക്കുന്നത്. ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശത്തോടെ ആഗോളതലത്തില്‍ ഒരു പടി കൂടി അവര്‍ മുന്നിലെത്തും.
ഇനി ഭാവി ഇലക്ട്രിക് കാറുകള്‍ക്കാണെന്ന് നിലവിലെ വമ്പന്‍ ഓട്ടോഭീമډാരെല്ലാം മനസിലാക്കിക്കഴിഞ്ഞു. ആഗോള തലത്തില്‍ പ്രധാന പോരാട്ടം സംരംഭക ഇതിഹാസം ഇലോണ്‍ മസ്ക്കിന്‍റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയും യൂറോപിലെ ഓട്ടോഭീമന്‍ ഫോക്സ് വാഗണും തമ്മിലാണ്. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഇനി മല്‍സരം ടാറ്റ മോട്ടോഴ്സും ടെസ്ലയും തമ്മിലാകുമെന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന.
ടാറ്റ മോട്ടോഴ്സിന്‍റെ വമ്പന്‍ തിരിച്ചുവരവ് സാധ്യമാക്കിയ സിഇഒ ഗ്യുന്‍റര്‍ ബറ്റ്ഷെക്ക് കമ്പനിയില്‍ തുടരുമെന്നുള്ള വാര്‍ത്തയും ടാറ്റക്ക് കരുത്ത് നല്‍കുന്നു. ടാറ്റ മോട്ടോഴ്സിന്‍റെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയ സിഇഒ ഒരു വര്‍ഷം കൂടി തല്‍സ്ഥാനത്ത് തുടരുമെന്നത് വിപണിയില്‍ ഗ്രൂപ്പിന് നേട്ടമാകും.
2024 ആകുമ്പോഴേക്കും ജനങ്ങള്‍ ഏറ്റവും ആഗ്രഹിക്കുന്ന ഓട്ടോ ബ്രാന്‍ഡായി മാറാനുള്ള പദ്ധതിയിലാണ് ടാറ്റ മോട്ടോഴ്സ്. 2019-20ല്‍ തങ്ങളുടെ വരുമാനത്തിന്‍റെ ഏഴ് ശതമാനമാണ് ടാറ്റ മോട്ടോഴ്സ് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഇലക്ട്രിക് വാഹനരംഗത്തെ കുതിപ്പ് കൂടി വിലയിരുത്തിയാണിത്. പ്രതിവര്‍ഷം 20 ശതമാനമെന്ന നിരക്കിലാണ് ടാറ്റയുടെ ആര്‍ ആന്‍ഡ് ചെലവിടലിലെ വര്‍ധന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇലക്ട്രിക് കാര്‍ വിപണിയില്‍ ശ്രദ്ധേയമാകാന്‍ ടാറ്റയുടെ നക്സോണ്‍ മോഡലിന് സാധിച്ചതിന് കാരണവും മറ്റൊന്നല്ല.
കേന്ദ്ര സര്‍ക്കാരിന് പുറമെ വിവിധ സംസ്ഥാനസര്‍ക്കാരുകളും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഗുജറാത്ത് സര്‍ക്കാരിന്‍റെ ഇലക്ട്രിക് വാഹന നയം അനുസരിച്ച് ഇലക്ട്രിക് കാറുകള്‍ വാങ്ങുമ്പോള്‍ 1.5 ലക്ഷം രൂപയുടെ വരെ ഇളവുകള്‍ ലഭിക്കും. രാജ്യത്തെ ആദ്യ ഇലക്ട്രിക് ഹൈവേ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ഇലക്ട്രിക് വാഹന ചാര്‍ജിംഗ് അടിസ്ഥാനസൗകര്യ രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുമത്.