വാക്സിനുകള്‍ നിര്‍മ്മിക്കാനുള്ള സാധ്യതതേടി തമിഴ്നാട്
ചെന്നൈ: കോവിഡ് വാക്സിനുകള്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന്‍റെ സാധ്യതകള്‍ തേടി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഒപ്പം ഓക്സിജന്‍ പ്ലാന്‍റുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, എന്നിവ അടിയന്തര പ്രാബല്യത്തില്‍ സ്ഥാപിക്കുന്നതനുള്ള നടപടിയും കൈക്കൊള്ളും. കൊറോണ സംബന്ധമായ മറ്റ് മരുന്നുകളുടെ ഉല്‍പ്പാദനം സംബന്ധിച്ചും സാധ്യതകള്‍ ആരായുകയാണ്. ജീവന്‍ രക്ഷിക്കാനുള്ള മരുന്നുകളും ഉപകരണങ്ങളും ഉത്പാദിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാനത്തിനുള്ളില്‍ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ജീവന്‍ രക്ഷിക്കാനുള്ള മരുന്നുകള്‍, ഓക്സിജന്‍, വാക്സിനുകള്‍ എന്നിവ ഉത്പാദിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് ഒരു ഔദ്യോഗിക അറിയിപ്പിലും പറയുന്നുണ്ട്. ജീവന്‍ രക്ഷാ മരുന്നുകളും ഉപകരണങ്ങളും നിര്‍മ്മിക്കാന്‍ മുന്നോട്ട് വരുന്ന കമ്പനികള്‍ക്ക് സംസ്ഥാന വ്യവസായ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്നാട് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (ടിഎസ്ഐഡിസിഒ) എല്ലാ സഹായങ്ങളും നല്‍കുമെന്ന് അറിയിപ്പില്‍ പറയുന്നു.
കുറഞ്ഞത് 50 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറായ കമ്പനികളുമായി സംയുക്ത സംരംഭത്തിന്‍റെ അടിസ്ഥാനത്തില്‍ ടിഎസ്ഐഡിസിഒ ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കും. ഇന്ത്യന്‍, വിദേശ കമ്പനികളില്‍ നിന്നുള്ള താല്‍പ്പര്യപത്രങ്ങള്‍ മെയ് 31 നകം സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.