ഖുഷ്ബുവിന് പ്രചാരണത്തിന് അമിത് ഷാ എത്തി
ചെന്നൈ: ചലച്ചിത്രതാരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഖുഷ്ബു സുന്ദറിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയില്‍ പ്രചാരണത്തിനെത്തി. മുമ്പ് കോണ്‍ഗ്രസ് നേതാവായിരുന്ന ഖുഷ്ബു അടുത്തിടെയാണ് ബിജെപിയിലേക്ക് ചേര്‍ന്നത്. ചെന്നെയിലെ തൗസന്‍റ് ലൈറ്റ്സ് മണ്ഡലത്തിലാണ് അവര്‍ മത്സരിക്കുന്നത്. ഇവിടെ എതിര്‍ സ്ഥാനാര്‍ത്ഥി ഡിഎംകെയിലെ എന്‍ ഏഴിലനാണ്. മണ്ഡലത്തിലൂടെ തുറന്ന ജീപ്പില്‍ സഞ്ചരിച്ചാണ് ഷാ ഖുഷ്ബുവിനും സംസ്ഥാനത്തെ മറ്റ് സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്കുമായി പിന്തുണ തേടിയത്.
മുന്‍പ് നടന്ന അഭിപ്രായ വോട്ടെടുപ്പുകളില്‍ എല്ലാം ഡിഎംകെ വളരെ വലിയ മാര്‍ജിനില്‍ വിജയിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്. ഇപ്പോള്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ നിരോധിച്ചിട്ടുണ്ട്. എങ്കിലും സംസ്ഥാനത്ത് തങ്ങള്‍ക്കുള്ള മുന്‍തൂക്കം നിലനിര്‍ത്തുമെന്നുതന്നെയാണ് ഡിഎംകെ നേതാക്കള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ എ രാജ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും അദ്ദേഹത്തിന്‍റെ അമ്മയെയുംപറ്റി അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് ഡിഎംകെയ്ക്ക് തിരിച്ചടിയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിന്‍ തന്നെ ഇക്കാര്യത്തില്‍ നേതാക്കള്‍ക്ക് താക്കീത് നല്‍കിയിരുന്നു.
ഡിഎംകെയ്ക്ക് മുന്‍തൂക്കം ഉണ്ടെന്ന് അറിഞ്ഞുതന്നെ വാശിയേറിയ പ്രചാരണമാണ് എഐഎംഡിഎംകെയും ബിജെപിയും സംസ്ഥാനത്ത് നടത്തുന്നത്. അഭിപ്രായ സര്‍വേ തെറ്റിപ്പോയ അവസരവും മുന്‍പ് തമിഴ്നാട്ടിലുണ്ടായിട്ടുണ്ട്. എങ്കിലും തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരിച്ചശേഷമാണ് ഇന്ന് എഐഎഡിഎംകെ പരീക്ഷണത്തെ നേരിടുന്നത്.
ഇന്നലെ ഉച്ചക്കുശേഷം അമിത്ഷാ തിരുനെല്‍വേലിയില്‍ പൊതു റാലിയെ അഭിസംബോധന ചെയ്തു. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇരുമുന്നണികളും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പ്രചാരണമാണ് നടത്തുന്നത്. ഓരോവോട്ടും ലഭിക്കുമെന്ന് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും ഉറപ്പാക്കുകയാണ്. ഇതോടൊപ്പം കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം, ടിടികെ ദിനകരന്‍റെ എഎംഎംകെയും കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സാധ്യതയുണ്ട്. ഇത് മറ്റ് മുന്നണികളെ ബാധിക്കുമെന്നുറപ്പാണ്.