മെയ് ഒന്നിനകം വിദേശ സേനകള്‍ പിന്മാറണമെന്ന് താലിബാന്‍
1 min readകാബൂള്‍: മെയ് ഒന്നിനകം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വിദേശ സേനയ്ക്കെതിരായ ആക്രമണം പുനരാരംഭിക്കുമെന്ന് താലിബാന്‍ ഭീകരര്‍ മുന്നറിയിപ്പുനല്‍കി. എന്നാല്‍ അമേരിക്കന്‍ സൈനികരെ എപ്പോള്‍ പിന്‍വലിക്കുമെന്ന് വ്യക്തത നല്‍കാന്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തയ്യാറായില്ല.”യുദ്ധം, മരണം, നാശം എന്നിവ നീണ്ടുനില്‍ക്കുന്നതിനുള്ള എല്ലാ ഉത്തരവാദിത്തവും ഈ ലംഘനം നടത്തിയവരുടെ ചുമലില്‍ ആയിരിക്കും,” ഡിപിഎ വാര്‍ത്താ ഏജന്‍സി വിമത സംഘത്തെ ഉദ്ധരിച്ച് പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കീഴിലുള്ള യുഎസ് ഭരണകൂടം 2020 ഫെബ്രുവരിയില്‍ ദോഹയില്‍ താലിബാനുമായി ഒപ്പുവച്ച കരാറിന്‍റെ ഭാഗമാണ് മെയ് 1 സമയപരിധി. കരാര്‍ പ്രകാരം അഫ്ഗാനിസ്ഥാനില്‍ നിന്ന് എല്ലാ യുഎസ്, അന്താരാഷ്ട്ര സേനകളെയും പിന്‍വലിക്കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തിരുന്നു. ഇത് ഇപ്പോള്‍ ബൈഡന്‍ ഭരണകൂടത്തിന്‍റെ അവലോകനത്തിലാണ്. ഇതിന് പകരമായി അല്‍ ഖ്വയ്ദയുമായും മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായുമുള്ള ബന്ധം വിച്ഛേദിക്കുമെന്ന് താലിബാന്‍ ഉറപ്പുനല്‍കി.
കരാര്‍ ഒപ്പിട്ടതിനുശേഷം, യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സേനയ്ക്കെതിരെ രാജ്യത്ത് കാര്യമായ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നിരുന്നാലും, അഫ്ഗാന്‍ സര്‍ക്കാരിനെതിരെ താലിബാന്‍ ആക്രമണം ശക്തമാക്കിയിരുന്നു. കൂടാതെ, 2020 സെപ്റ്റംബറില്‍ ആരംഭിച്ച താലിബാന്‍ പ്രതിനിധികളും സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ ഇപ്പോള്‍ പുരോഗതിയില്ല.
അടുത്ത വര്‍ഷം അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികര്‍ ഉണ്ടാകും ന്നുറപ്പിക്കാനാവില്ലെന്ന് വ്യാഴാഴ്ച ബൈഡന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു സമയ പരിധി അദ്ദേഹം വ്യക്തമാക്കിയില്ല. ബൈഡന്‍റെ പരാമര്‍ശങ്ങളെ അവ്യക്തമെന്ന് താലിബാന്‍ വിശേഷിപ്പിക്കുകയും കഴിഞ്ഞ 20 വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ദോഹ കരാര്‍ എന്ന് ഊന്നിപ്പറയുകയും ചെയ്തു.