ഇന്ത്യയിലെ ആദ്യ ആമസോണ്‍ ഡിജിറ്റല്‍ കേന്ദ്ര പ്രവര്‍ത്തനം തുടങ്ങി
പത്ത് ദശലക്ഷം എംഎസ്എംഇകളെ ഡിജിറ്റലായി ശാക്തീകരിക്കും
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആദ്യ ആമസോണ്‍ ഡിജിറ്റല്‍ കേന്ദ്ര ഗുജറാത്തിലെ സൂരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഇ കൊമേഴ്‌സിന്റെ നേട്ടങ്ങളെക്കുറിച്ച് അറിയാനും ഷിപ്പിംഗ്, ലോജിസ്റ്റിക് പിന്തുണ, കാറ്റലോഗിംഗ് സഹായം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ എന്നിങ്ങനെ മൂന്നാം കക്ഷി സേവനങ്ങള്‍ നേടാനുമുള്ള റിസോഴ്‌സ് സെന്ററുകളാണ് ആമസോണ്‍ ഡിജിറ്റല്‍ കേന്ദ്രങ്ങള്‍. ഡിജിറ്റല്‍ സംരംഭകരാകുന്നതിന് ജിഎസ്ടി, നികുതി സഹായങ്ങളും നല്‍കും.
വര്‍ച്വല്‍ പരിപാടിയിലൂടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഇന്ത്യയിലെ ആദ്യ ആമസോണ്‍ ഡിജിറ്റല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആമസോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ അമിത് അഗര്‍വാള്‍, ആമസോണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് മനീഷ് തിവാരി എന്നിവര്‍ പങ്കെടുത്തു. സൂരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങളെ ആമസോണ്‍ ഡിജിറ്റല്‍ കേന്ദ്ര പിന്തുണയ്ക്കും.
പത്ത് ദശലക്ഷം എംഎസ്എംഇകളെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിനും 10 ബില്യണ്‍ ഡോളറിന്റെ ഇ കൊമേഴ്‌സ് കയറ്റുമതി നേടുന്നതിനും 2020 നും 2025 നുമിടയില്‍ ഇന്ത്യയില്‍ ഒരു ദശലക്ഷം അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷത്തെ സംഭവ് ഉച്ചകോടിയില്‍ ആമസോണ്‍ മൂന്ന് പ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനകം 2.5 ദശലക്ഷം എംഎസ്എംഇകളെ ഡിജിറ്റൈസ് ചെയ്യാനും ആകെ 3 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേടാനും 2020 ജനുവരി മുതല്‍ 300,000 പ്രത്യക്ഷ, പരോക്ഷ തൊഴിലുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞു.