10 കോടി രൂപയുടെ വെഞ്ച്വര്‍ കാപിറ്റല്‍ സ്വന്തമാക്കി സിഇടി വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റേഴ്സ് (ഐഇഡിസി) പ്രോഗ്രാമിന് കീഴില്‍ സ്ഥാപിതമായ കോളേജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം (സിഇടി) വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പിന് ശ്രദ്ധേയമായ നേട്ടം. യുകെ ആസ്ഥാനമായുള്ള പ്രമുഖ കമ്പനിയില്‍ നിന്ന് 10 കോടി രൂപയുടെ വെഞ്ച്വര്‍ കാപിറ്റല്‍ ലാവോസ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സിഇടി സ്റ്റാര്‍ട്ടപ് സ്വന്തമാക്കി. യുകെയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഇഗ്നിവിയ ഗ്രൂപ്പില്‍ നിന്നാണ് വിദ്യാര്‍ത്ഥികളുടെ ആശയത്തിന് ഫണ്ട് ലഭിച്ചത്. റിയല്‍-വേള്‍ഡ് അസറ്റ് ടോക്കണൈസേഷനിലും റിയല്‍ എസ്റ്റേറ്റിലെ ഫ്രാക്ഷണല്‍ ഓണര്‍ഷിപ്പിലുമാണ് സ്റ്റാര്‍ട്ടപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയെ സ്റ്റാര്‍ട്ടപ് പ്രയോജനപ്പെടുത്തുന്നു. ആര്‍ക്കിടെക്ചറല്‍ വിദ്യാര്‍ത്ഥിയായ ഉസ്മാന്‍ എ ആശാന്‍ സ്റ്റാര്‍ട്ടപ്പിന്‍റെ സിഇഒയും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദധാരിയായ ശ്രീലാല്‍ കെ സിഒഒയുമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വവും നവീകരണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിജയകരമായ മാതൃകയാണ് സര്‍ക്കാരിന്‍റെ ഐഇഡിസി പ്രോഗ്രാം എന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. വിദ്യാര്‍ഥികളുടെ ആശയങ്ങളും കഴിവുകളും വിപണനം ചെയ്യാവുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതില്‍ വിപുലമായ അവസരങ്ങള്‍ ഈ പദ്ധതി ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുകെ കമ്പനിയില്‍ നിന്നുള്ള നിക്ഷേപം സ്റ്റാര്‍ട്ടപ്പിന്‍റെ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതിനൊപ്പം പ്രവര്‍ത്തനം വിപുലപ്പെടുത്താനും റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് നൂതന പരിഹാരങ്ങള്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതപ്പെടുത്താനും സഹായിക്കുമെന്ന് ഉസ്മാന്‍ എ ആശാന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പിന്‍റെ കാഴ്ചപ്പാടും വളര്‍ച്ചയും പരിപോഷിപ്പിക്കുന്നതില്‍ കെഎസ് യുഎമ്മിന്‍റെ ഐഇഡിസി പ്രോഗ്രാം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കമ്പനിയുടെ നൂതന പ്രോജക്ടുകള്‍ക്കും ഗവേഷണത്തിനും ഗണ്യമായ സംഭാവന നല്‍കി സിഇടിയില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ ലാവോസിനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീലാല്‍ സ്റ്റാര്‍ട്ടപ് സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സിഇടിയിലെയും തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെയും 15 ബി ആര്‍ക്ക് വിദ്യാര്‍ഥികളുടെ മികച്ച സംഘമാണ് ഇവര്‍ക്കുള്ളത്. ആര്‍ക്കിടെക്റ്റുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, ക്ലയന്‍റുകള്‍ എന്നിവര്‍ക്കിടയില്‍ കാര്യക്ഷമമായ ഏകോപനം ഉറപ്പാക്കി വാസ്തുവിദ്യാ, നിര്‍മ്മാണ പദ്ധതികള്‍ക്കായി ലാവോസ് പ്രോജക്ട് മാനേജ്മെന്‍റ് സൊല്യൂഷനുകള്‍ നല്‍കുന്നു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ ഫ്രാക്ഷണല്‍ ഉടമസ്ഥാവകാശവും സാധ്യമാക്കുന്നു. സങ്കീര്‍ണ്ണമായ നിര്‍മ്മാണ പദ്ധതികള്‍ കൈകാര്യം ചെയ്യാവുന്നതുമാക്കി മാറ്റുന്നതിനും സമയപരിധി ഫലപ്രദമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന വിധത്തിലാണ് സ്റ്റാര്‍ട്ടപ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജി-20 സസ്റ്റത്തോണ്‍, ഡെവ്കോണ്‍ 7 തുടങ്ങിയ പ്രമുഖ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുള്ള ലാവോസ് സുസ്ഥിര കമ്മ്യൂണിറ്റി പ്രോജക്റ്റുകള്‍ക്കുള്ള അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. 80 കോടിയുടെ കൊച്ചിന്‍ ട്രേഡ് സെന്‍റര്‍ പ്രൊജക്ട് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. 25ലധികം ദേശീയ അന്തര്‍ദേശീയ ഹാക്കത്തണുകളില്‍ സാങ്കേതികവും ഡിസൈന്‍ മികവും പ്രദര്‍ശിപ്പിച്ചുകൊണ്ട് വിജയിക്കാന്‍ ലാവോസിനായി. സംസ്ഥാനത്തെ എല്ലാ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കെഎസ് യുഎം ഐഇഡിസി പദ്ധതി നടപ്പാക്കിയിട്ടുണ്ട്.