2026-27 സാമ്പത്തിക വർഷം കേരളത്തിന് 3,30,830.14 കോടി രൂപയുടെ വായ്പാ സാധ്യത
തിരുവനന്തപുരം: കാർഷിക – എംഎസ്എംഇ – അനുബന്ധ മേഖലകളിലായി കേരളത്തിൽ 2026-27 സാമ്പത്തിക വർഷം 3,30,830.14 കോടി രൂപയുടെ പ്രതീക്ഷിത വായ്പാ സാധ്യത മുന്നോട്ട് വെച്ച് നബാർഡ് റിപ്പോർട്ട്. സംസ്ഥാനതല ക്രെഡിറ്റ് സെമിനാറിൽ അവതരിപ്പിച്ച സ്റ്റേറ്റ് ഫോക്കസ് പേപ്പറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാർഷിക വിള ഉത്പാദനം, ജല സംവിധാനങ്ങൾ, ഫിഷറീസ് തുടങ്ങി കാർഷിക മേഖലയ്ക്കായി 153252.93 കോടി രൂപയുടേയും, കാർഷിക അനുബന്ധ മേഖലയ്ക്ക് 1,74,960.80 കോടി രൂപയുടെയും, എംഎസ്എംഇ മേഖലയ്ക്ക് 1,12,479.31 കോടി രൂപയുടെയും വിദ്യാഭ്യാസം, പാർപ്പിടം പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലയ്ക്ക് 43390.03 കോടി രൂപയുടേയും വായ്പാ സാധ്യതയാണ് സ്റ്റേറ്റ് ഫോക്കസ് പേപ്പർ കണക്കാക്കിയിട്ടുളളത്. 2025-26 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർദ്ധനവാണ് 2026-27 സാമ്പത്തിക വർഷം നിർദ്ദേശിച്ചിട്ടുള്ളത്. സ്റ്റേറ്റ് ഫോക്കസ് പേപ്പർ കേരള സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ പുറത്തിറക്കി. സെമിനാറിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ഗ്രാമീണ മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ നബാർഡ് വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മന്ത്രി പറഞ്ഞു. കാർഷിക മേഖലയെ പോലെ ഗ്രാമീണ ടൂറിസം മേഖലയ്ക്കും മുൻതൂക്കം നൽകുന്ന സമീപനം നബാർഡ് കൈക്കൊള്ളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി കെ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്ര നിർമാണ പ്രക്രിയയിൽ സംസ്ഥാനങ്ങൾക്ക് നിർണായക പങ്കാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിനുള്ള ധനസമാഹരണത്തിനായി നൂതനവും കരുത്തുറ്റത്തുമായ പ്രവർത്തനരീതി ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിയിലും ഗ്രാമവികസനത്തിലും സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിച്ചുകൊണ്ട് 2026 നെ അന്താരാഷ്ട്ര വനിതാ കർഷക വർഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് നബാർഡ് ശേഷി വർദ്ധിപ്പിക്കൽ, വൈദഗ്ദ്ധ്യം, സ്ത്രീ കർഷകരുടെ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ ശ്രീ പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ, എസ് എൽ ബി സി കേരള കൺവീനർ ശ്രീ പ്രദീപ് കെ എസ് എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു. സുസ്ഥിര കൃഷിക്കായി കേരള കേന്ദ്രീകൃത ധനസഹായ മാതൃക രൂപീകരണം (Building Kerala Specific Financing Models for Sustainable Agriculture) എന്ന വിഷയത്തിൽ പാനൽ ചർച്ചയും സംഘടിപ്പിച്ചു. വിവിധ പങ്കാളികൾ സ്റ്റേറ്റ് ഫോക്കസ് പേപ്പറിനെ കുറിച്ചുള്ള കാഴ്ച്ചപ്പാട് പങ്ക് വെച്ചു. കാർഷിക രംഗത്ത് ഗവേഷണ, വികസന , സ്റ്റാർട്ടപ്പ് മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും വായ്പ്പാ അനുബന്ധ വിഷയങ്ങളും പാനൽ ചർച്ച ചെയ്തു.
