സ്‌പോര്‍ട്‌സ് & ലൈഫ്‌സ്റ്റൈല്‍ വിഭാഗം റീബ്രാന്‍ഡ് ചെയ്ത് റിലയന്‍സ്
സംയുക്ത സംരംഭത്തില്‍ ഐഎംജിക്ക് ഉണ്ടായിരുന്ന 50 ശതമാനം ഓഹരി കഴിഞ്ഞ മാസം റിലയന്‍സ് സ്വന്തമാക്കിയിരുന്നു
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ സ്പോര്‍ട്സ്, ലൈഫ്സ്‌റ്റൈല്‍ ബിസിനസ്സ് പുനര്‍നാമകരണം ചെയ്തു. നേരത്തേ ഐഎംജിക്കൊപ്പമുള്ള സംയുക്ത സംരംഭത്തിന് ഐഎംജി റിലയന്‍സ് എന്നാണ് പേരു നല്‍കിയിരുന്നത്. കഴിഞ്ഞ മാസം സംയുക്ത സംരംഭത്തില്‍ ഐഎംജിക്ക് ഉണ്ടായിരുന്ന 50 ശതമാനം ഓഹരി വാങ്ങിയ ശേഷം ഇന്ത്യയിലും ആഗോളതലത്തിലും സ്‌പോര്‍ട്‌സ് & ലൈഫ്‌സ്റ്റൈല്‍ ബിസിനസ് സംരംഭം സ്വതന്ത്രമായി നടത്താന്‍ റിലയന്‍സ് തീരുമാനിച്ചിരുന്നു. റൈസ് വേള്‍ഡ്‌വൈഡ് എന്ന പേരിലാണ് ഇനി മുതല്‍ ഈ സംരംഭം അറിയപ്പെടുക.
ഐഎംജി റിലയന്‍സിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നതും പ്രവര്‍ത്തിപ്പിച്ചിരുന്നതുമായ ബ്രാന്‍ഡ് പ്രോപ്പര്‍ട്ടികളുടെ മുഴുവന്‍ പോര്‍ട്ട്ഫോളിയോയും റൈസ് വേള്‍ഡ് വൈഡ് തുടരുമെന്ന് കമ്പനി അറിയിച്ചു.
സ്പോര്‍ട്സ്, സ്പോണ്‍സര്‍ഷിപ്പ് കണ്‍സള്‍ട്ടിംഗ്, ഫാഷന്‍ ആന്‍ഡ് സസ്റ്റൈയ്‌നബിലിറ്റി പ്ലാറ്റ്‌ഫോം ബില്‍ഡിംഗ്, അത്ലറ്റ് ടാലന്റ് മാനേജ്മെന്റ്, ലൈസന്‍സിംഗ്, ബ്രോഡ്കാസ്റ്റ് പ്രൊഡക്ഷന്‍, ലൈഫ്‌സ്റ്റൈല്‍, വിനോദം എന്നിവ റൈസ് വേള്‍ഡ് വൈഡിന്റെ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ലാക്‌മെ ഫാഷന്‍ വീക്ക്, ടാറ്റ ഓപ്പണ്‍ മഹാരാഷ്ട്ര, ജിയോ വണ്ടര്‍ലാന്‍ഡ്, എസ്യുആര്‍ സസ്റ്റെയ്‌നബിള്‍ റെസല്യൂഷന്‍ എന്നിവ പോലുള്ള പ്രധാന സ്വത്തുക്കളും ഈ ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉണ്ട്.
രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരുള്‍പ്പെടെ ആറ് ക്രിക്കറ്റ് കളിക്കാര്‍ റൈസിന്റെ അത്ലറ്റ് ടാലന്റ് മാനേജ്മെന്റ് വിഭാഗത്തില്‍ തുടരും.
സ്‌പോര്‍ട്‌സ് സ്‌പോണ്‍സര്‍ഷിപ്പ്, കണ്‍സള്‍ട്ടന്‍സി വിഭാഗങ്ങളിലായി ഡ്രീം 11, ബോട്ട്, ബികെടി ടയേര്‍സ് തുടങ്ങിയ ബ്രാന്‍ഡുകളാണ് കമ്പനിക്കുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്തിടെ നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആഗോള വെര്‍ച്വല്‍ ഇന്‍വെന്ററികള്‍ പ്രത്യേകമായി വിപണനം ചെയ്യുന്നതിന് കമ്പനിയെ തെരഞ്ഞെടുത്തിരുന്നു.
ഒരു സ്വതന്ത്ര ബ്രാന്‍ഡ് ഐഡന്റിറ്റിയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ഈ വിഭാഗത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനും റിലയന്‍സ് ശ്രമിക്കുകയാണ്. ലോകോത്തര ഉപഭോക്തൃ അനുഭവങ്ങള്‍ സൃഷ്ടിക്കാനും കായികമേഖലയില്‍ ആഗോളതലത്തില്‍ കരാറുകള്‍ സ്വന്തമാക്കാനും ശ്രമം നടത്തും. സമ്പൂര്‍ണ്ണ സജ്ജീകരണമുള്ള ബ്രോഡ്കാസ്റ്റ് പ്രൊഡക്ഷന്‍ സംവിധാനമുള്ള കമ്പനി ലോകമെമ്പാടു നിന്നും കായിക പരിപാടികളുടെ കരാറുകള്‍ സ്വന്തമാക്കാനും ലക്ഷ്യമിടുന്നു.