14ാമത് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസിന് തുടക്കം
മുംബൈ: സുഗന്ധവ്യഞ്ജന വ്യവസായ മേഖലയിലെ വിദഗ്ധരുടേയും വ്യാപാര സംഘടനകളുടേയും കമ്പനികളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ആഗോള സമ്മേളനമായ വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസിന് ഇന്ന് (സെപ്തംബർ 15, വെള്ളി) മുംബൈയില്‍ തുടക്കമായി. നവി മുംബൈയിലെ സിഡ്‌കോ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്റററിൽ ആണ് സ്‌പൈസസ് ബോര്‍ഡും വാണിജ്യ വ്യവസായ മന്ത്രാലയവും സംഘടിപ്പിക്കുന്ന പതിനാലാമത് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് നടക്കുന്നത്. സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തെ നയരൂപീകരണകര്‍ത്താക്കള്‍, റെഗുലേറ്ററി അതോറിറ്റികള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും, സാങ്കേതിക വിദഗ്ധര്‍, കയറ്റുമതി കമ്പനികള്‍, വ്യാപാര സംഘടനകള്‍ എന്നിവര്‍ പങ്കെടുക്കുന്ന ത്രിദിന സമ്മേളനം ഞായറാഴ്ച സമാപിക്കും.
‘കോവിഡ് മഹാമാരിക്ക് ശേഷം സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തുണ്ടായ പുതിയ പ്രവണതളും വെല്ലുവിളികളും ഈ സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ ചര്‍ച്ചയാകും. സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്താനും വ്യാപാരം ശക്തിപ്പെടുത്താനും ആഗോള തലത്തിലുള്ള കൂട്ടായ ശ്രമങ്ങള്‍ക്കും വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് വേദിയാകും, സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ പറഞ്ഞു. ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി ടെക്ക്‌നിക്കല്‍ സെഷനുകളും ബിസിനസ് സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സുസ്ഥിരത, ഉല്‍പ്പാദനക്ഷമത, നവീകരണം, സഹകരണം, മികവ്,ഭക്ഷ്യസുരക്ഷ എന്നീ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ‘വിഷന്‍ 2030: സ്‌പൈസസ്’ ആണ് 14ാമത് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസിന്റെ പ്രതിപാദ്യവിഷയം. ഭക്ഷ്യ സുരക്ഷ, ഗുണനിലവാര മാനദണ്ഡങ്ങളും സര്‍ട്ടിഫിക്കേഷനും, ഫാര്‍മസ്യൂട്ടിക്കല്‍, ന്യൂട്രാസ്യൂട്ടിക്കല്‍, രോഗപ്രതിരോധ, ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളിലെ ഉപയോഗം, സുഗന്ധദ്രവ്യ എണ്ണകളുടെ ഉല്‍പ്പാദനം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും, വിളകള്‍, നൂതന വിപണി പ്രവണതകള്‍, സാങ്കേതികവിദ്യകള്‍ എന്നിവയെ കുറിച്ചും വിശദമായ സെഷനുകള്‍ നടക്കും.
വിവിധതരം സുഗന്ധവ്യഞ്ജനങ്ങളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും നൂതന സാങ്കേതിഅകവിദ്യകളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഇവിടെ ചര്‍ച്ചകള്‍, നൂതന അഉല്‍പ്പന്നങ്ങളുടെ അവതരണം, കുക്കറി ഷോ എന്നിവയും സമാന്തരമായി നടക്കും. സുഗന്ധവ്യഞ്ജന വ്യവസായ രംഗത്ത് മികവ് പുലര്‍ത്തിയവരെ ആദരിക്കുന്ന അവാര്‍ഡ് ദാനവും നടക്കും. ഇന്ത്യന്‍ സ്പൈസ് ആന്റ് ഫുഡ്സ്റ്റഫ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍, കൊച്ചി ആസ്ഥാനമായ ഇന്ത്യന്‍ പെപ്പര്‍ ആന്‍ഡ് സ്‌പൈസ് ട്രേഡ് അസോസിയേഷന്‍, കൊല്‍ക്കത്ത ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, ഗുജറാത്തിലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്പൈസ് സ്റ്റേക്ക്ഹോള്‍ഡേഴ്സ്, ഓള്‍ ഇന്ത്യ സ്‌പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം തുടങ്ങി ഈ രംഗത്തെ പ്രമുഖ വ്യാപര സംഘടനകളും വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസില്‍ സജീവ പങ്കാളികളാണ്.