ആരോഗ്യം മെച്ചപ്പെടുത്തി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്ന ചില ഭക്ഷണസാധനങ്ങള്‍
ജീവിതശൈലിയില്‍ ചെറിയ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ചിലപ്പോള്‍ ആയുസ്സില്‍ പതിറ്റാണ്ടുകള്‍ തന്നെ കൂട്ടിച്ചേര്‍ക്കാം
50 ദശലക്ഷത്തിലേറെ ഹൃദ്രോഗികളുടെയും 155 ദശലക്ഷത്തിലേറെ പൊണ്ണത്തടിയുള്ളവരുടെയും നാടാണ് ഇന്ത്യ. മാത്രമല്ല 30 ദശലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പ്രമേഹം മൂലവും 100 ദശലക്ഷത്തിലേറെ പേര്‍ രക്താധിസമ്മര്‍ദ്ദം മൂലവുമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. രാജ്യത്ത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം വര്ധിച്ചുക്കൊണ്ടിരിക്കുന്നുവെ
ജീവിതശൈലിയുള്ള മാറ്റമാണ് ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുടെ സുപ്രധാന കാരണം. നമ്മളില്‍ ഭൂരിഭാഗം ആളുകളും ദിവസത്തിന്റെ ഏറിയ പങ്കും ഇരുന്നുകൊണ്ട് സമയം ചിലവഴിക്കുന്നവരാണ്. ജോലി സമ്മര്‍ദ്ദം മൂലം പലപ്പോഴും ഭക്ഷണം പോലും വേണ്ടെന്ന് വെച്ച് ഇടവേളകളില്ലാതെ ദീര്‍ഘനേരം സ്‌ക്രീനുകള്‍ക്ക് മുമ്പിലുള്ള ഇരിപ്പും മണിക്കൂറുകളോളും ഒന്നും കഴിക്കാതെ പിന്നീട് ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും കഴിക്കുന്ന ശീലവും അമിത മദ്യപാനവും മറ്റ് ലഹരി മരുന്നുകളുടെ ഉപയോഗവും യുവാക്കളടക്കം വലിയൊരു വിഭാഗം ആളുകളുടെ ആരോഗ്യത്തിന് മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നു. ജീവിതശൈലിയില്‍ ചെറിയ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ചിലപ്പോള്‍ ആയുസ്സില്‍ പതിറ്റാണ്ടുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കാരണമാകും. അതുപോലെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ചില ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്തുന്നതും നമ്മുടെ ആരോഗ്യത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.
അത്തിപ്പഴം
ഉണക്കിയ അത്തിപ്പഴങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ജീവകം എ, സി, കെ, പൊട്ടാ്യം, കോപ്പര്‍, സിങ്ക്,, അയേണ്‍, മാംഗനീസ് തുടങ്ങി അനേകം ജീവകങ്ങളും ധാതുക്കളുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും ശരിയായ ദഹനം ഉറപ്പ് വരുത്താനും അത്തിപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കും. മാത്രമല്ല, ദീര്‍ഘനേരം വയറ് നിറഞ്ഞിരിക്കുന്നതായുള്ള തോന്നല്‍ ഉണ്ടാക്കുന്ന ഡയറ്ററി ഫൈബറുകളും അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. അത്തിപ്പഴത്തിലെ ഒമേഗ 6, ഒമേഗ 12, ഒമേഗ 3 എന്നീ ഫാറ്റി ആസിഡുകള്‍ കൊറോണറി ഹാര്‍ട്ട് ഡിസീസില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുന്നു.
ആപ്പിള്‍
വിശപ്പിനെ ഉത്തേജിപ്പിക്കുന്ന പഴവര്‍ഗങ്ങളില്‍ ഒന്നാണ് ആപ്പിള്‍. ഫൈബറും ജലവും ധാരാളമായി അടങ്ങിയിട്ടുള്ള ആപ്പിള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഏറ്റവും മികച്ച പ്രതിവിധിയാണ്. ആപ്പിളിലെ പെക്ടിനും (സോല്യബിള്‍ ഫൈബര്‍) മാലിക് ആസിഡും ആയാസരഹിതമായ ദഹനവും ശോധനയും ഉറപ്പാക്കുന്നു. ആപ്പിളില്‍ കാണപ്പെടുന്ന പോളിഫിനോളുകള്‍ പാന്‍ക്രിയാസിലെ ബീറ്റ കോശങ്ങളെ തകരാറുകളില്‍ നിന്ന സംരക്ഷിച്ച് പ്രമേഹവും സുഖപ്പെടുത്തുന്നു. പ്രമേഹം മൂലം മനുഷ്യ ശരീരത്തിലെ ബീറ്റ കോശങ്ങള്‍ക്ക് സാധാരണയായി നാശം സംഭവിക്കാറുണ്ട്. ഇത് തടയാന്‍ ആപ്പിളുകളേക്കാള്‍ മികച്ച പ്രതിവിധിയില്ല.
ഗ്രീന്‍ ടീ
ആന്റി ഓക്‌സിഡന്റുകളും പോഷകങ്ങളും ധാരളമായി അടങ്ങിയിട്ടുള്ള മികച്ച ആരോഗ്യ പാനീയമാണ് ഗ്രീന്‍ ടീ. ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഈ പാനീയം ശാരീരിക ഉപാപചയം മെച്ചപ്പെടുത്തുകയും അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകള്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച നിയന്ത്രിക്കാനും സഹായകമാണ്. മാത്രമല്ല ഗ്രീന്‍ ടീയില കാറ്റെച്ചിന്‍ എന്ന ഘടകം മസ്തിഷ്‌കവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കെതിരെ ഫലപ്രദമാണ്. ന്യൂറോണുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി മികച്ച രീതിയിലുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം ഉറപ്പാക്കാനും അള്‍ഷിമേഴ്‌സ് രോഗത്തില്‍ നിന്ന് സംരക്ഷണമൊരുക്കാനും കാറ്റെച്ചിന്‍ നല്ലതാണ്.
മഞ്ഞള്‍
മഞ്ഞളില്‍ കാണപ്പെടുന്ന മഞ്ഞനിറമുള്ള കുര്‍കുമിന്‍ അണുബാധകളില്‍ നിന്ന് വലിയ സംരക്ഷണമേകുന്നു. ശരീരത്തില്‍ ആന്റി ഓക്‌സിഡന്റുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഇവ മികച്ചതാണ്. പ്രധാനമായും മഞ്ഞളില്‍ നിന്നും വേര്‍തിരിച്ചെടുക്കാവുന്ന ഈ ഘടകം നിരാശയും ഉത്കണ്ഠയും അടക്കമുള്ള മാനസിക രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കും എല്‍ഡിഎല്‍ കൊളസ്‌ട്രോളും, രക്തത്തിലെ ഗ്ലൂക്കോസും രക്തസമ്മര്‍ദ്ദവും കുറയ്ക്കുന്നതിനും നിര്‍ദ്ദേശിക്കുന്ന സപ്ലിമെന്റുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാറുണ്ട്. മാത്രമല്ല പ്രായമാകല്‍ പ്രക്രിയ മന്ദഗതിയിലാക്കാനും മഞ്ഞളിന് സാധിക്കും.
വെളുത്തുള്ളി
ഔഷധഗുണങ്ങളുള്ള നിരവധി സംയുക്തങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയിലെ ആക്ടീവ് സംയുക്തങ്ങള്‍ക്ക് രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരവേദനകളും ജലദോഷം പോലുള്ള അസുഖങ്ങളും കുറയ്ക്കാനും കഴിവുണ്ട്. വെറും വയറ്റില്‍ രണ്ടല്ലി വെളുത്തുള്ളി പച്ചയ്ക്ക് കഴിയ്ക്കുന്നത് അതുമൂലമുള്ള ഗുണങ്ങള്‍ വര്‍ധിപ്പിക്കും.
നെല്ലിക്ക
അത്ഭുതപൂര്‍വ്വമായ പല ആരോഗ്യഗുണങ്ങളും ഉള്ള ഒരു ഫലമാണ് നെല്ലിക്ക. വൈറ്റമിന്‍ സിയുടൈയും ആന്റി ഓക്‌സിഡന്റുകളുടെയും മികച്ച കലവറയായ നെല്ലിക്ക മുടി, ത്വക്ക്, കണ്ണുകള്‍, ദഹന വ്യവസ്ഥ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താനും വളരെ മികച്ചതാണ്.വെറും വയറ്റില്‍ ദിവസവും ഓരോ നെല്ലിക്ക കഴിക്കുന്നത് അതുമൂലമുള്ള പരമാവധി ആരോഗ്യനേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കും.
മധുര തുളസി
സ്റ്റീവിയ എന്നറിയപ്പെടുന്ന മധുരമുള്ള ഈ ചെടി പഞ്ചസാരയ്ക്ക് പകരം മധുരപാനീയങ്ങള്‍ നിര്‍മിക്കാനും ചായ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പഞ്ചസാരയ്ക്കും സൂക്രോസിനും ബദലായി ഉപയോഗിക്കാവുന്ന സ്റ്റീവിയയുടെ 150 ഓളം സസ്യവിഭാഗങ്ങളുണ്ട്. മധുരത്തിന് പുറമേ, ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റോ കലോറിയോ കൂടാന്‍ സ്റ്റീവിയ കാരണമാകില്ലെന്നതും ഇതിന്റെ മറ്റൊരു ഗുണമാണ്. മാത്രമല്ല ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധത്തിലും ഈ ചെടി ഒരു സ്വാധീവവും ഉണ്ടാക്കുന്നില്ല. അതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് പോലും സ്റ്റീവിയ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയിട്ടുള്ള വിഭവങ്ങള്‍ ഉപയോഗിക്കാം.