ശ്രദ്ധേയ സ്‌പെസിഫിക്കേഷനുകളോടെ സ്‌കള്‍കാന്‍ഡി ഡൈം
ഐപിഎക്‌സ്4 റേറ്റിംഗ് സവിശേഷതയാണ്. സുരക്ഷിതമായ നോയ്‌സ് ഐസൊലേറ്റിംഗ് ഫിറ്റ് ലഭിച്ചു
ന്യൂഡെല്‍ഹി: സ്‌കള്‍കാന്‍ഡി ഡൈം ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. താങ്ങാവുന്ന വിലയില്‍ ശ്രദ്ധേയ സ്‌പെസിഫിക്കേഷനുകളോടെയാണ് ഭാരം കുറവായ ഇയര്‍ബഡ്‌സ് വരുന്നത്. ചെറിയ സ്‌റ്റെം നല്‍കിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിയര്‍പ്പും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപിഎക്‌സ്4 റേറ്റിംഗ് സവിശേഷതയാണ്. സുരക്ഷിതമായ നോയ്‌സ് ഐസൊലേറ്റിംഗ് ഫിറ്റ് ലഭിച്ചു. ഡാര്‍ക്ക് ബ്ലൂ/ഗ്രീന്‍, ലൈറ്റ് ഗ്രേ/ബ്ലൂ, ട്രൂ ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ബഡുകള്‍ ലഭിക്കും. 2,249 രൂപയാണ് വില. സ്‌കള്‍കാന്‍ഡി ഇന്ത്യ വെബ്‌സൈറ്റില്‍നിന്ന് വാങ്ങാന്‍ കഴിയും. ഏപ്രില്‍ നാലിന് ഡെലിവറി ആരംഭിക്കും.
6 എംഎം ഡ്രൈവറുകള്‍ ലഭിച്ചതാണ് സ്‌കള്‍കാന്‍ഡി ഡൈം ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ്. 20 ഹെര്‍ട്‌സ് മുതല്‍ 20,000 ഹെര്‍ട്‌സ് വരെയാണ് ഫ്രീക്വന്‍സി റെസ്‌പോണ്‍സ് റേഞ്ച്. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.0 നല്‍കി. പ്രത്യേകം പ്രത്യേകം ഉപയോഗിക്കുന്നതിന് ഓരോ ഇയര്‍ബഡിലും മൈക്രോഫോണ്‍ ലഭിച്ചു. ഓരോ ഇയര്‍ബഡിലും ഫിസിക്കല്‍ ബട്ടണുകള്‍ നല്‍കിയിരിക്കുന്നു. പെയര്‍ ചെയ്ത ഫോണ്‍ പുറത്തെടുക്കാതെ തന്നെ ശബ്ദം നിയന്ത്രിക്കുന്നതിനും ട്രാക്കുകള്‍ മാറ്റുന്നതിനും കോളുകള്‍ സ്വീകരിക്കുന്നതിനും കഴിയും.
ഓരോ ഇയര്‍ബഡിലും 20 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. കോംപാക്റ്റ് വലുപ്പമുള്ള ചാര്‍ജിംഗ് കൂടില്‍ 150 എംഎഎച്ച് ബാറ്ററി നല്‍കി. ഇയര്‍ബഡുകള്‍ 3.5 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 8.5 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് കേസിലെ ബാറ്ററി. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ആകെ പന്ത്രണ്ട് മണിക്കൂര്‍ വരെ ഉപയോഗിക്കാം. ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി കൂടില്‍ മൈക്രോ യുഎസ്ബി പോര്‍ട്ട് കാണാം.
ഇയര്‍ബഡുകള്‍ക്ക് 32 ഗ്രാമാണ് ഭാരം. കാറുകളുടെ കീ ഫോബിന്റെ വലുപ്പം മാത്രമാണ് ചാര്‍ജിംഗ് കൂടിന് ലഭിച്ചത്. ചാര്‍ജിംഗ് കേസിന്റെ കൂടെ ചരട് നല്‍കിയതിനാല്‍ കീചെയിന്‍ സെറ്റുമായി ചേര്‍ത്തു ബന്ധിപ്പിക്കാന്‍ കഴിയും.