November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒടുവില്‍ സ്‌കോഡ കുശാക്ക് അവതരിച്ചു!

എക്‌സ് ഷോറൂം വില 10.50 ലക്ഷം മുതല്‍ 17.60 ലക്ഷം രൂപ വരെ  

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്‌കോഡ കുശാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ കോംപാക്റ്റ് എസ്‌യുവിയുടെ എക്‌സ് ഷോറൂം വില 10.50 ലക്ഷം മുതല്‍ 17.60 ലക്ഷം രൂപ വരെയാണ്. ആക്റ്റീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ നിറങ്ങള്‍ കൂടാതെ ഹണി ഓറഞ്ച്, ടൊര്‍ണാഡോ റെഡ് എന്നീ കളര്‍ ഓപ്ഷനുകളിലും ലഭിക്കും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, റെനോ ഡസ്റ്റര്‍ എന്നിവയാണ് പ്രധാന എതിരാളികള്‍.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ആദ്യ മോഡലാണ് സ്‌കോഡ കുശാക്ക്. ഇന്ത്യയ്ക്കായി പ്രത്യേകം ഭേദഗതി വരുത്തിയതാണ് ഈ പ്ലാറ്റ്‌ഫോം. ഭാവിയില്‍ ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ മറ്റ് ചില മോഡലുകളും ഇതേ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. സ്‌കോഡ കുശാക്ക് കോംപാക്റ്റ് എസ്‌യുവിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4225 എംഎം, 1760 എംഎം, 1612 എംഎം എന്നിങ്ങനെയാണ്. 2651 മില്ലിമീറ്ററാണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 188 എംഎം. 385 ലിറ്ററാണ് ബൂട്ട് ശേഷി. പുതിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതുകൂടാതെ, ഏകദേശം 95 ശതമാനം തദ്ദേശീയ ഉള്ളടക്കത്തോടെയാണ് സ്‌കോഡ കുശാക്ക് നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മല്‍സരാധിഷ്ഠിതമായി വില നിശ്ചയിക്കാന്‍ കഴിഞ്ഞു.

2020 ഓട്ടോ എക്‌സ്‌പോയില്‍ കണ്ട കണ്‍സെപ്റ്റ് വേര്‍ഷനുമായി വളരെയധികം സാദൃശ്യം പുലര്‍ത്തുന്നതാണ് ഇപ്പോള്‍ അവതരിപ്പിച്ച മോഡല്‍. ക്രോം സാന്നിധ്യത്തോടുകൂടിയ ബട്ടര്‍ഫ്‌ളൈ ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, എല്‍ഇഡി ഫോഗ്‌ലാംപുകള്‍ എന്നിവ നല്‍കി. ‘ലോട്‌സ’ ഫുള്‍ വീല്‍ കവറുകള്‍ സഹിതം 16 ഇഞ്ച് സ്റ്റീല്‍ വീലുകളില്‍ ആക്റ്റീവ് വേരിയന്റും 16 ഇഞ്ച് ‘ഗ്രുസ്’ അലോയ് വീലുകളില്‍ അംബീഷന്‍ വേരിയന്റും 17 ഇഞ്ച് ‘അറ്റ്‌ലസ്’ ഡുവല്‍ ടോണ്‍ അലോയ് വീലുകളില്‍ സ്‌റ്റൈല്‍ വേരിയന്റും സ്റ്റാന്‍ഡേഡായി ലഭിക്കും.

ഡുവല്‍ ടോണ്‍ സ്‌കീം ലഭിച്ചതാണ് കാബിന്‍. പിയാനോ ബ്ലാക്ക് ഫിനിഷ്, ബ്രഷ്ഡ് ക്രോം എന്നിവ ഉപയോഗിച്ചു. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യുന്നതിന് ധാരാളം സ്ഥലസൗകര്യം ലഭിച്ചതാണ് സ്‌കോഡ കുശാക്ക്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 10 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് മിറര്‍ലിങ്ക്, മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, പിന്‍നിരയില്‍ എസി വെന്റുകള്‍, എംഐഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്രൂസ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, 7 സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, 2 സ്‌പോക്ക് സ്റ്റിയറിംഗ് വളയം, ഓട്ടോ ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍ വ്യൂ കണ്ണാടികള്‍, സ്റ്റിയറിംഗില്‍ നല്‍കിയ കണ്‍ട്രോളുകള്‍, വയര്‍ലെസ് ചാര്‍ജര്‍, മൈ സ്‌കോഡ കണക്റ്റ് തുടങ്ങിയവ ഫീച്ചറുകളാണ്.

1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഎസ്‌ഐ, 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ടിഎസ്‌ഐ എന്നീ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡ കുശാക്ക് വരുന്നത്. ആദ്യത്തെ മോട്ടോര്‍ 113 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. രണ്ടാമത്തെ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത് 148 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍, ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചതാണ് 1.5 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍.

ഇരട്ട എയര്‍ബാഗുകള്‍, ഇഎസ്‌സി, അഞ്ച് യാത്രക്കാര്‍ക്കും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍, ഓട്ടോ ഹെഡ്‌ലാംപുകള്‍, ഓട്ടോ വൈപ്പറുകള്‍, മള്‍ട്ടി കൊളീഷന്‍ ബ്രേക്കിംഗ് സിസ്റ്റം എന്നിവ ഓപ്ഷണല്‍ സുരക്ഷാ ഫീച്ചറുകളാണ്.

ആക്റ്റീവ് 1.0 ടിഎസ്‌ഐ എംടി……………………..………..10.50 ലക്ഷം രൂപ
അംബീഷന്‍ 1.0 ടിഎസ്‌ഐ എംടി……………………..……12.80 ലക്ഷം രൂപ
അംബീഷന്‍ 1.0 ടിഎസ്‌ഐ എടി…………………………….14.20 ലക്ഷം രൂപ
സ്റ്റൈല്‍ 1.0 ടിഎസ്‌ഐ എംടി……………………..……………14.60 ലക്ഷം രൂപ
സ്റ്റൈല്‍ 1.0 ടിഎസ്‌ഐ എടി…………………………………….15.80 ലക്ഷം രൂപ
സ്റ്റൈല്‍ 1.5 ടിഎസ്‌ഐ എംടി……………………..……………16.20 ലക്ഷം രൂപ
സ്റ്റൈല്‍ 1.5 ടിഎസ്‌ഐ ഡിഎസ്ജി…………………..…….17.60 ലക്ഷം രൂപ  

Maintained By : Studio3