തിരുവനന്തപുരത്തെ യുവാക്കളെല്ലാവരും നൈപുണ്യം നേടും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അടുത്ത 5 വർഷത്തിനുള്ളിൽ തിരുവനന്തപുരത്തെ മുഴുവൻ യുവാക്കളും നൈപുണ്യം ലഭിച്ചവരായി മാറുമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് കേന്ദ്ര ഗവൺമെന്റ് നൽകുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് കോളജിലെ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച “കേരളത്തിലെ യുവാക്കളെ ഭാവിയിലേക്ക് സജ്ജമാക്കുന്ന നൈപുണ്യം” എന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സൈബർ സുരക്ഷ, സെമി കണ്ടക്ടർ മേഖലകളിൽ ടാലെന്റ ഹബ്ബ് ആയി തിരുവനതപുരം മാറുമെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അറിവിനോടൊപ്പം നൈപുണ്യ വൈദഗ്ധ്യവും നേടുന്നത് ഭാവിയിലെ അനന്ത സാധ്യതകൾക്കാണ് വഴി തുറക്കുന്നത്. നിലവിലെ കാലഘട്ടത്തിൽ പരിചയ സമ്പത്തിനൊപ്പം നൈപുണ്യവുമാണ് ഒരു വ്യക്തിയുടെ വിജയമന്ത്രം. പല മുൻനിര കമ്പനികളും ഡിജിറ്റൽ നൈപുണ്യമാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ചടങ്ങിൽ ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രൊഫഷണലുകൾക്കായുള്ള എൻഎസ്ഡിസിഐയുടെ ജർമ്മൻ ഭാഷാ പരിശീലന പരിപാടിയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അദ്ദേഹം നിയമന ഉത്തരവുകൾ കൈമാറി. കേരളത്തിൽ നിന്നുള്ള 28 ഉദ്യോഗാർഥികളാണ് ഭാഷ പരിശീലനം പൂർത്തിയാക്കി ജർമനിയിൽ തൊഴിൽ നേടിയത്. ഇഗ്‌നോയുമായി സഹകരിച്ച് തിരുവനന്തപുരത്തെ നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ലാംഗ്വേജ് പ്രൊഫിഷ്യൻസി പ്രോഗ്രാമിൻ്റെ (ജർമ്മൻ, ജാപ്പനീസ്) സമാരംഭവും പ്രധാൻമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) 4.0 ൻ്റെ ഉദ്ഘാടനവും കേന്ദ്രസഹമന്ത്രി നിർവ്വഹിച്ചു.