ഗീതയുടേയും ആത്മനിര്‍ഭര്‍ ഭാരതിന്‍റെയും സന്ദേശങ്ങളില്‍ സമാനത: പ്രധാനമന്ത്രി
1 min read
ന്യൂഡെല്‍ഹി: ശ്രീമദ് ഭഗവദ്ഗീതയുടെയും ‘ആത്മനിര്‍ഭര്‍ ഭാരതിന്‍റെയും സന്ദേശങ്ങളില്‍ സമാനതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മഹാത്മാഗാന്ധി, ലോക്മന്യ തിലക്, മഹാകവി സുബ്രഹ്മണ്യ ഭാരതി തുടങ്ങിയ മഹാന്മാരായ നേതാക്കള്‍ ഗീതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. “ശ്രീമദ് ഭഗവദ്ഗീതയുടെ പ്രധാന സന്ദേശം പ്രവര്‍ത്തനമാണ്, കാരണം അത് നിഷ്ക്രിയത്വത്തേക്കാള്‍ മികച്ചതാണ്”മോദി കൂട്ടിച്ചേര്‍ത്തു. നമുക്ക് മാത്രമല്ല, മനുഷ്യരാശിക്കുമുഴുവന്‍ സമ്പത്തും മൂല്യവും സൃഷ്ടിക്കുക എന്നതാണ് ആത്മനിര്‍ഭര്‍ ഭാരതത്തിന്‍റെ കാതല്‍. ഒരു ആത്നിര്‍ഭര്‍ ഭാരത് ലോകത്തിന് നല്ലതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ പ്രധാനമന്ത്രി സ്വാമി ചിദ്ഭവാനന്ദജിയുടെ ഭഗവദ് ഗീതയുടെ കിന്‍ഡില്‍ പതിപ്പ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പുറത്തിറക്കുന്നതിനിടെ പറഞ്ഞു.
ജനങ്ങളോട് , പ്രത്യേകിച്ച് യുവാക്കളോട് ഗീത വായിക്കുന്നതിനായി പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതിലെ ഉപദേശങ്ങള്‍ അങ്ങേയറ്റം പ്രായോഗികവും ആപേക്ഷികവുമാണ്. ഗീതയുടെ ഭംഗി അതിന്‍റെ ആഴത്തിലും വൈവിധ്യത്തിലുമാണ്. ആഗോളതലത്തില്‍ കോവിഡിനെതിരായി ലോകം പോരാട്ടം നടത്തുകയും സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ ഗീതയില്‍ വിശദീകരിക്കുന്ന പാത എപ്പോഴും പ്രസക്തമാകുന്നതായി അദ്ദേഹം പറഞ്ഞു.
മാനവികത നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് വീണ്ടും വിജയികളാകുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഗീതക്ക് കഴിയും. കോവിഡ് കാലഘട്ടത്തില്‍ ഗീതയുടെ പ്രസക്തിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച കാര്‍ഡിയോളജി ജേണല്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗീത നമ്മെ ചിന്തിപ്പിക്കുന്നു, ചോദ്യം ചെയ്യാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു, സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, മനസ്സ് തുറന്നിടുന്നു. ഗീതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഏതൊരാളും എല്ലായ്പ്പോഴും പ്രകൃതിയോട് അനുകമ്പയുള്ളവനും സ്വഭാവത്തില്‍ ജനാധിപത്യപരനുമാണെന്ന് മോദി ചൂണ്ടിക്കാട്ടി.
സംഘര്‍ഷത്തിനിടയിലും വിഷാദത്തിലുമാണ് ഗീത ജനിച്ചതെന്നും സമാനമായ സംഘട്ടനങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും മാനവികത കടന്നുപോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷാദത്തില്‍ നിന്ന് വിജയത്തിലേക്കുള്ള യാത്രയെ പ്രതിഫലിപ്പിക്കുന്ന ചിന്തകളുടെ നിധിയാണ് ഗീത. സ്വാമി ചിദ്ഭവാനന്ദ ജി യുടെ ഭഗവദ്ഗീതയുടെ ഇ-ബുക്ക് പതിപ്പ് പുറത്തിറക്കാനുള്ള ശ്രമങ്ങളെ പ്രശംസിച്ചു, ഇത് കൂടുതല്‍ യുവാക്കളെ ഗീതയുടെ മാന്യമായ ചിന്തകളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.